നോമിനിയില്ലേ? ഡിമാറ്റ് അക്കൗണ്ടിന് പൂട്ട് വീഴും
ഓഹരി, കടപ്പത്ര, മ്യൂച്വല്‍ഫണ്ട്, ഇ.ടി.എഫ് നിക്ഷേപങ്ങള്‍ക്കായി വ്യക്തികള്‍ക്ക് അനിവാര്യമായ ഡിമെറ്റീരിയലൈസേഷന്‍ അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ടില്‍ നോമിനിയെ ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. നോമിനിയില്ലാത്ത അക്കൗണ്ടുകള്‍ അതിന് ശേഷം അസാധുവാകും.
ഇനി ഇങ്ങനെ
2022 മാര്‍ച്ച് 31 ആയിരുന്നു നേരത്തേ അവസാന തീയതിയായി നിശ്ചയിച്ചിരുന്നതെങ്കിലും സെബി (Securities and Exchange Board of India) ഈവര്‍ഷം മാര്‍ച്ച് 31 വരെ സാവകാശം അനുവദിക്കുകയായിരുന്നു. 2021 ജൂലായിലാണ് ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ട് ഉടമകളോട് നോമിനിയെ ചേര്‍ക്കാന്‍ സെബി ആവശ്യപ്പെട്ടത്. നിലവിലെ നിക്ഷേപര്‍ക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്ത് നോമിനിയെ ചേര്‍ക്കാനാകും. ഇവര്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ നല്‍കണമെന്ന ആദ്യ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ ഓപ്ഷണലാക്കിയിട്ടുണ്ട്.
പുതിയ നിക്ഷേപകര്‍ ചെയ്യേണ്ടത്
പുതുതായി ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ട് എടുക്കുന്നവര്‍ക്ക് നോമിനിയെ ചേര്‍ക്കാന്‍ ഡിക്ളറേഷന്‍ ഫോമില്‍ തന്നെ സൗകര്യമുണ്ട്. നിക്ഷേപകന്‍ സ്വന്തം കൈപ്പടയില്‍ ഒപ്പുവച്ച് അപ് ലോഡ് ചെയ്യുന്ന രേഖയായതിനാല്‍ സാക്ഷികളും വേണ്ട. എന്നാല്‍ ഒപ്പിന് പകരം തള്ളവിരലിന്റെ മുദ്രയാണ് നല്‍കുന്നതെങ്കില്‍ സാക്ഷി വേണം.
എങ്ങനെ നോമിനിയെ ചേര്‍ക്കാം?
1. ഡിമാറ്റ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക
2. പ്രൊഫൈല്‍ സെഗ്മെന്റിലെ 'മൈ നോമിനീസ്' ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോമിനി-ഡീറ്റെയില്‍സ് പേജില്‍ കയറാം
3. ആഡ് നോമിനി ലിങ്കിലൂടെ നോമിനിയുടെ ഐ.ഡി പ്രൂഫ് വിവരങ്ങള്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാം
4. തുടര്‍ന്ന് ആധാര്‍ ഒ.ടി.പിയിലൂടെ ഇ-സൈന്‍ ചെയ്യണം
5. തുടര്‍ന്ന് 24-48 മണിക്കൂറിനകം വിവരങ്ങള്‍ പരിശോധിച്ച് നോമിനി അക്കൗണ്ടില്‍ ചേര്‍ക്കപ്പെടും