രൂപ-റൂബ്ള്‍ വ്യാപാരം, നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

രൂപയും റഷ്യന്‍ കറന്‍സി റൂബ്‌ളും ഉപയോഗിച്ച് ഉഭയകക്ഷി വ്യാപാരം ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്‌നെ ആക്രമിച്ചതിനെ തുടര്‍ന്ന് വ്യാപകമായി ഉപരോധം നേരിടുന്ന റഷ്യയുമായി സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

അതേ സമയം യുദ്ധത്തിന് മുമ്പ് റഷ്യയുമായി വ്യാപാരം നടത്തിയവരുടെ ഇടപാടുകള്‍ സുഗമമാക്കാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നുണ്ടെന്നും വാണിജ്യ സെക്രട്ടറി അറിയിച്ചു. ഇതുവരെ ഉപരോധങ്ങള്‍ ബാധിക്കാത്ത റഷ്യന്‍ ബാങ്കുകളിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നത്. രൂപയും റൂബിളും ഇടപാടിനായി ഉപയോഗിക്കുന്നില്ല. താന്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നത്. ആ സമിതിയുടെ ചര്‍ച്ചയില്‍ രൂപ-റൂബ്ള്‍ വ്യാപാരം വന്നിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. രൂപയും റഷ്യന്‍ കറന്‍സിയും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് കൈമാറിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ യൂറോയിലാണ് ഇന്ത്യന്‍ ചരക്കുകള്‍ക്ക് റഷ്യയില്‍ നിന്ന് പണം നല്‍കുന്നത്. പെട്രോളിയം ഉള്‍പ്പന്നങ്ങള്‍, വളം തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 2021ല്‍ ഇന്ത്യയുടെ അകെ എണ്ണ ഇറക്കുമതിയുടെ രണ്ട് ശതമാനം ( 12 മില്യണ്‍ ബാരല്‍) ആണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. റഷ്യ നേരിടുന്ന ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയക്ക് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കവും ഇന്ത്യ നടത്തുന്നുണ്ട്.
1991ല്‍ യുഎസ്എസ്ആര്‍ തകരുന്നത് വരെ ഇരു രാജ്യങ്ങളും സ്വന്തം കറന്‍സികളിലാണ് വ്യാപാരം നടത്തിയിരുന്നത്. രൂപ-റൂബ്ള്‍ വ്യാപാരം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ 2009ലും റഷ്യ പരിശോധിച്ചിരുന്നു. 2021ല്‍ 6.9 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. തിരികെ 3.33 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി.



Related Articles
Next Story
Videos
Share it