warren-buffet

റെക്കോഡ് ഇനിയും ഇടട്ടെ, സ്വർണത്തിൽ മുടക്കാൻ ഈ നിക്ഷേപാചാര്യൻ തയാറല്ല; നിങ്ങൾ പിന്തുടരുമോ ഈ നയം ?

ഓഹരി വിപണിയില്‍ നിന്ന് ലക്ഷങ്ങള്‍ കൊയ്യുന്ന ലോകപ്രശസ്ത നിക്ഷേപകന്റെ സ്വര്‍ണത്തോടുള്ള സമീപനം വേറിട്ടതാണ്
Published on

സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഔണ്‍സിന് എക്കാലത്തെയും റെക്കോഡായ 3,145 ഡോളര്‍ തൊട്ടത്. ഇന്ത്യയില്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍(MCX) ഗ്രാമിന് 91,300 രൂപയിലേക്കും സ്വര്‍ണം കുതിച്ചു. അമേരിക്കന്‍ പ്രസിഡന്റ് വിവിധ രാജ്യങ്ങള്‍ക്ക്‌മേല്‍ കനത്ത തിരുവ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട ആശങ്കകളാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. അനിശ്ചിതാവസ്ഥകളില്‍ സുരക്ഷിത നിക്ഷേപമെന്ന പെരുമ സ്വര്‍ണത്തിനുണ്ട് എന്നതാണ് ഇതിന്റെ കാരണം.

പണം പോലെയല്ല സ്വര്‍ണം. കേന്ദ്ര ബാങ്കുകള്‍ക്ക് എത്രവേണമെങ്കിലും പണം അടിച്ചിറക്കാം. എന്നാല്‍ സ്വര്‍ണം വളരെ പരിമിതമാണ്. ഇന്ന് ലോകത്തില്‍ ലഭ്യമായ 80 ശതമാനവും, അതായത്, ഏതാണ്ട് 2.16 ലക്ഷം ടണ്‍ സ്വര്‍ണവും ഇതിനകം ഖനനം ചെയ്തുകഴിഞ്ഞു. വെറും 54,000 ടണ്ണോളം സ്വര്‍ണമാണ് ഇനി ഭൂമിക്കടിയിലുള്ളത്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ എന്തെങ്കിലും ഒരു സാധനത്തിന് ക്ഷാമമുണ്ടാകുമ്പോള്‍ അതിന്റെ മൂല്യം കൂടുതലുയരും. അതുകൊണ്ടാണ് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളോ രാഷ്ട്രിയ അനിശ്ചിതത്വങ്ങളോ വരുമ്പോള്‍ കേന്ദ്ര ബാങ്കുകളും സര്‍ക്കാരും നിക്ഷേപകരുമൊക്കെ സ്വര്‍ണത്തിന്റെ പിന്നാലെ പായുന്നത്.

സ്വര്‍ണത്തെ ആരാധിക്കാത്ത ബഫറ്റ്!

സ്വര്‍ണത്തെ നിക്ഷേപമായി തീരെ കണക്കാക്കാത്ത ഒരാളുണ്ട്. ലോകപ്രശ്‌സത നിക്ഷേപകനായ സാക്ഷാല്‍ വാറന്‍ ബഫറ്റ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍ കൊയ്യുന്ന അദ്ദേഹം ഇതുവരെ തന്റെ നിക്ഷേപത്തില്‍ സ്വര്‍ണം ഉള്‍പ്പെടുത്തിയിട്ടില്ല. ഇനി വില എത്ര ഉയരങ്ങൾ കീഴടക്കിയാലും ഉള്‍പ്പെടുത്തുമെന്നു തോന്നുന്നുമില്ല.

എന്തുകൊണ്ടാണ് വാറൻ ബഫറ്റ് സ്വര്‍ണത്തിനോട് താത്പര്യം കാണിക്കാത്തത്. അദ്ദേഹത്തിന്റെ ഒരു നിക്ഷേപ നയത്തിന് ഇത് അനുയോജ്യമല്ല എന്നതുതന്നെ.

വാറന്‍ ബഫറ്റ് ഒരു വാല്യു ഇന്‍വെസ്റ്ററാണ്. അതായത് നിലവില്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ താഴെയുള്ള, എന്നാല്‍ മാര്‍ക്കറ്റ് മുന്നേറുമ്പോള്‍ മൂല്യം ഉയര്‍ന്നേക്കാവുന്ന ആസ്തികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നവരാണ് വാല്യു ഇന്‍വെസ്റ്റര്‍മാര്‍. വാറന്‍ ബഫറ്റിന്റെ അഭിപ്രായത്തില്‍ സ്വര്‍ണം അണ്‍ പ്രൊഡക്ടീവായ (ഉത്പാദനക്ഷമമല്ലാത്ത) ആസ്തിയാണ്. ഓഹരികളാണെങ്കില്‍ അതിനുപിന്നില്‍ ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്ന ഒരു കമ്പനിയുണ്ടാകും. ലാഭവും ലാഭവിഹിതവും നല്‍കും. സ്വര്‍ണം പ്രത്യേകിച്ച് പണി ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്ന ഒരു ആസ്തിയാണ്. വളരുന്നില്ല. പുതുതായി എന്തെങ്കിലും ചെയ്യുകയോ തിരിച്ച് നേട്ടം തരികയോ ഇല്ല. ആഗ്രഹപൂര്‍ത്തീകരണത്തിന് മാത്രമുതകുന്ന തിളക്കമുള്ള വസ്തു മാത്രമാണ് സ്വര്‍ണമെന്നാണ് വാറന്‍ ബഫറ്റ് കരുതുന്നത്.

വിശദീകരണം ഇങ്ങനെ

2011 ബെര്‍ക്ക്ഷയര്‍ ഹാത്ത്‌വേയുടെ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ബഫറ്റ് സ്വര്‍ണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മനോഹരമായി വിശദീകരിച്ചിട്ടുണ്ട്.

''ലോകത്തിലെ എല്ലാ സ്വര്‍ണവും കൊണ്ട് നിര്‍മ്മിച്ച ഒരു ഭീമന്‍ ക്യൂബ് ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. ഇതിന് ഏകദേശം 1,70,000 മെട്രിക് ടണ്‍ ഭാരവും 9.6 ലക്ഷം കോടി ഡോളര്‍ മൂല്യവുമുണ്ട്.

ആ തുകയ്ക്ക്, നിങ്ങള്‍ക്ക് യു.എസിലെ മൊത്തം കൃഷിഭൂമിയും (പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ ഉത്പാദിപ്പിക്കുന്ന 400 ദശലക്ഷം ഏക്കര്‍), എക്‌സോണ്‍ മൊബൈല്‍സ് പോലുള്ള 16 കമ്പനികളും (അക്കാലത്ത് ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായിരുന്നു) വാങ്ങാനാകും. അതിനുശേഷം ഒരു ലക്ഷം കോടി ഡോളര്‍ മിച്ചവുമുണ്ടാകും.

ഒരു നൂറ്റാണ്ടിനുശേഷം, ആ കൃഷിസ്ഥലം വന്‍തോതില്‍ വിളകള്‍ ഉത്പാദിപ്പിക്കും, എക്‌സോണ്‍ മൊബൈല്‍ ആകട്ടെ കോടിക്കണക്കിന് രൂപ ലാഭവിഹിതവും നല്‍കിയിരിക്കും. എന്നാല്‍ സ്വര്‍ണ ക്യൂബിന് വര്‍ഷങ്ങള്‍ക്ക് ശേഷവും മാറ്റമുണ്ടാകില്ല. തീര്‍ച്ചയായും, നിങ്ങള്‍ക്ക് അത് തൊടാം, ആരാധിക്കാം, പൂഴ്ത്തിവയ്ക്കാം, പക്ഷേ അത് നിങ്ങള്‍ക്കായി പണം സമ്പാദിക്കില്ല. ''

മൂല്യം 95% താഴെ!

വാറന്‍ ബഫറ്റ് ഈ പ്രസ്താവനയിലൂടെ സ്വര്‍ണത്തെ വിലകുറച്ച് കാണുകയാണെന്നും കാലക്രമേണ വില ഉയരുകയാണെന്നും നിങ്ങള്‍ക്ക് വാദിക്കാം. ഉദാഹരണത്തിന് യു.എസ് ഡോളറിനെ പിന്തുണയ്ക്കുന്നത് സ്വര്‍ണമാണ് എന്ന രീതിയില്‍ നോക്കിയാല്‍ സ്വര്‍ണത്തിന്റെ ന്യായവില വളരെ ഉയര്‍ന്നതായിരിക്കും. പക്ഷെ ഈ രീതി ഇപ്പോള്‍ നമ്മള്‍ പിന്തുടരുന്നില്ല. ഇതിനെ ഒരു അടിസ്ഥാനമായി എടുത്താല്‍ ചില രസകരമായ വസ്തുതകള്‍ നമുക്ക് കാണാനാകും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കണക്ക് പ്രകാരം 21.6 ലക്ഷം ഡോളറാണ് ആകെ പ്രചാരത്തിലുള്ളത്. ആളുകളുടെ കൈയിലുള്ള പണമായിട്ടും സേവിംഗ്‌സ് അക്കൗണ്ടിലെ സമ്പാദ്യമായിട്ടും മറ്റ് മണിമാര്‍ക്കറ്റ് ഫണ്ടുകളായുമൊക്കെ. അതേസമയം, യു.എസ് സര്‍ക്കാരിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് ഏകദേശം 261 മില്യണ്‍ ട്രോയ് ഔണ്‍സ് വരും. ഇതിന്റെ ഒരു കണക്ക് നോക്കിയാല്‍ സ്വര്‍ണത്തിന്റെ ന്യായവില ഔണ്‍സിന് 75,000 ഡോളര്‍ വരണം. എന്നാല്‍ ഇപ്പോഴത്തെ വില 95 ശതമാനത്തോളം താഴെ ആണ്.

എന്നാല്‍ ഇവിടെ ഒരു പോരായ്മയുണ്ട്, തുടക്കത്തില്‍ പറഞ്ഞതു പോലെ സ്വര്‍ണത്തില്‍ നിന്ന് വ്യത്യസ്തമായി, പണം പരിമിതമല്ല. സര്‍ക്കാരുകള്‍ക്ക് എത്ര വേണമെങ്കിലും അച്ചടിക്കാം. അതിനാല്‍, സ്വര്‍ണത്തിന്റെ മൂല്യം പണ വിതരണവുമായി ബന്ധിപ്പിക്കുന്നത് വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യവുമായി താരതമ്യം ചെയ്യുന്നതിന് തുല്യമാണ്.

എന്തുകൊണ്ട് വില ഉയരുന്നു?

സ്വര്‍ണം വരുമാനം ഉണ്ടാക്കുന്നില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് വില ഉയരുന്നത് എന്നതാണ് ചോദ്യം. ഒറ്റക്കാര്യമേ ഉള്ളു. ഭയം! പണപ്പെരുപ്പം, മാന്ദ്യം, യുദ്ധം, സാമ്പത്തിക മാന്ദ്യം എന്നിങ്ങനെ പലവിധ ഭയങ്ങളാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കാന്‍ കാരണം. പിന്നീട് ഒരിക്കല്‍ ഇതിലും കൂടുതല്‍ മൂല്യം നല്‍കി സ്വര്‍ണം തിരിച്ചെടുക്കാന്‍ ആളുകള്‍ ഉണ്ടാകുമെന്ന് നിക്ഷേപകര്‍ കരുതുന്നു. എന്നാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുമ്പോള്‍ വരുന്ന പല വിധ ചെലവുകള്‍ നിങ്ങളുടെ നേട്ടത്തെ കാര്‍ന്നു തിന്നുന്നുണ്ട്.

ഇപ്പോഴും ഇതിലൊരു വിശ്വാസ്യത വന്നില്ലെങ്കില്‍ ദീര്‍ഘകാല റിട്ടേണ്‍ ഒന്നു നോക്കിയാല്‍ മാത്രി. 1995ല്‍ ഒരു ലക്ഷം രൂപ സ്വര്‍ണത്തില്‍ നിക്ഷേപിച്ചുവെന്നു കരുതുക. ഇന്നത്തെ വില അനുസരിച്ച് അതിന്റെ മൂല്യം 16.5 ലക്ഷമാകും. എന്നാല്‍ ഇതേ ഒരു ലക്ഷം രൂപ ബി.എസ്.ഇ സെന്‍സെക്‌സിലാണ് നിക്ഷേപിച്ചതെങ്കില്‍ ഇത് 25 ലക്ഷമാകുമായിരുന്നു. എസ് ആന്‍ഡ് പി 500 ആണെങ്കിലും സമാനമായ നേട്ടം തന്നെ.

'കാലികമായ പക്ഷപാതം'

പക്ഷെ ആളുകള്‍ സ്വര്‍ണത്തില്‍ തന്നെ നിക്ഷേപിക്കുന്നതിനെ കാലികമായ പക്ഷപാതം (Recency bias) എന്നാണ് വിളിക്കുന്നത്. അതായത് ഏറ്റവും അടുത്ത് നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 29 ശതമാനം നേട്ടമാണ് സ്വര്‍ണം നല്‍കിയിത്. സെന്‍സെക്‌സ് നല്‍കിയതിന്റെ മൂന്നു മടങ്ങ് വരുമിത്. ഭയം വരുമ്പോള്‍ ആളുകള്‍ സ്വര്‍ണം വാങ്ങുകയും വില കൂടാനിടയാക്കുകയും ചെയ്യും. 2020ല്‍ കോവിഡ് കാലത്തും 2022ല്‍ റഷ്യ-യുക്രൈന്‍ യുദ്ധ സമയത്തും ഇപ്പോഴത്തെ ഈ രാഷ്ടീയ അനിശ്ചിതത്വ വേളയിലുമൊക്കെ കണ്ടതും അതാണ്.

ഇതൊക്കെയാണെങ്കിലും വാറന്‍ ബഫറ്റിനെ പോലെ സ്വര്‍ണത്തില്‍ നിന്ന് പൂര്‍ണമായും മാറി നിൽക്കേണ്ടതുണ്ടോ? പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു തടയാണ് സ്വര്‍ണം. അതുകൊണ്ട് നിക്ഷേപത്തിന്റെ ഒരു ഭാഗം സ്വര്‍ണത്തിലും നീക്കി വയ്ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com