എന്‍.എസ്.ഇയുടെ ഓഹരികള്‍ സ്വന്തമാക്കി മലയാളി; നിക്ഷേപമൂല്യം 516 കോടി

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍.എസ്.ഇ ലിമിറ്റഡ്) ഏറ്റവും വലിയ വ്യക്തിഗത ഓഹരി പങ്കാളികളിലൊരാളായി എറണാകുളം സ്വദേശിയും പ്രവാസി മലയാളിയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. യു.എ.ഇയിലെ ദുബായ് ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്റര്‍ (ഡി.ഐ.എഫ്.സി) ആസ്ഥാനമായുള്ള ബ്യൂമെര്‍ക് കോര്‍പ്പറേഷന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനും സി.ഇ.ഒയുമായ സിദ്ധാര്‍ത്ഥ് ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ എന്‍.എസ്.ഇ ലിമിറ്റഡിന്റെ 0.3 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. stocx.inല്‍ നിന്നുള്ള വിവരപ്രകാരം നിലവില്‍ 1.72 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ട് എന്‍.എസ്.ഇക്ക്. ഇതു കണക്കാക്കിയാല്‍ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം ഏകദേശം 516 കോടി രൂപവരും.

2023 മാർച്ചിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ മറ്റൊരു സുപ്രധാന ഓഹരി വിപണിയായ ബി.എസ്.ഇ ലിമിറ്റഡിന്റെയും (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) ഏറ്റവും വലിയ ഓഹരി പങ്കാളികളിലൊരാളാണ് സിദ്ധാര്‍ത്ഥ്. 3.46 ശതമാനമാണ് ബി.എസ്.ഇയില്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം. 244 കോടി രൂപയാണ് ഇതിന്റെ മൂല്യം.
ഓഹരി, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തുന്ന കമ്പനിയാണ് ബ്യമെര്‍ക് കോര്‍പ്പറേഷന്‍. യു.എ.ഇയ്ക്ക് പുറമേ ഇന്ത്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ശ്രദ്ധേയ സന്നിദ്ധ്യമുണ്ട്. ബ്യൂമെര്‍ക്കിന് കഴിഞ്ഞവര്‍ഷം സെബി (SEBI) വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPI) എന്ന അംഗീകാരം നല്‍കിയിരുന്നു.
പ്രവാസി ഭാരതീയ സമ്മാന്‍
തികഞ്ഞ മനുഷ്യസ്‌നേഹിയും ദുബായിലെ ഇന്ത്യ ക്ലബ്ബിന്റെ ചെയര്‍മാനുമായ സിദ്ധാര്‍ത്ഥിനെ ഇക്കഴിഞ്ഞ ജനുവരിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 'പ്രവാസി ഭാരതീയ സമ്മാന്‍' നല്‍കി ആദരിച്ചിരുന്നു. ഇക്കുറി പുരസ്‌കാരത്തിന് ഇടംപിടിച്ച ഏക ഗള്‍ഫ് പ്രവാസിയും അദ്ദേഹമായിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ പേട്രണ്‍ ഗവര്‍ണറുമാണ് അദ്ദേഹം. പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (പി.ഐ.ഒ.സി.സി.ഐ) അംഗവുമാണ്.
തിരുവനന്തപുരത്ത് ജനനം, പഠനം കൊച്ചിയില്‍
ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലിന്റെ (ഐ.ബി.പി.സി) അംഗം കൂടിയായ സിദ്ധാര്‍ത്ഥ് കോയമ്പത്തൂരിലെ ചിന്മയ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. 1976 ജൂണ്‍ ഒന്നിന് ആര്‍. ബാലചന്ദ്രന്‍, സബിത വര്‍മ്മ ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് ജനനം. എറണാകുളം പൊന്നുരുന്നിയാണ് സ്വദേശം.
എറണാകുളം ചിന്മയ വിദ്യാലയയിലാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിംഗ് ഉന്നത റാങ്കോടെ വിജയിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട്, ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it