Begin typing your search above and press return to search.
എന്‍.എസ്.ഡി.എല്‍ ഐ.പി.ഒയ്ക്ക്; എസ്.ബി.ഐയും എന്‍.എസ്.ഇയും ഓഹരി വില്‍ക്കും
ഇന്ത്യയിലെ ഏറ്റവും ആദ്യത്തെയും ഏറ്റവും വലുതുമായ ഡെപ്പോസിറ്ററി സ്ഥാപനമായ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐ.പി.ഒ/IPO) ഒരുങ്ങുന്നു.
നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികള്‍ ഇലക്ട്രോണിക് ഫോമിലാക്കി അഥവാ ഡിമെറ്റീരിയലൈസ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യമാണ് എന്‍.എസ്.ഡി.എല്‍ ലഭ്യമാക്കുന്നത്. അതായത്, കടലാസ് രേഖകള്‍ സൂക്ഷിക്കേണ്ടതില്ല. പകരം ഡിജിറ്റലായി സൂക്ഷിക്കാം.
ഐ.പി.ഒയ്‌ക്കുള്ള അപേക്ഷ (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്/DRHP) കമ്പനി സെബിക്ക് (SEBI) സമര്‍പ്പിച്ചു. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇൻസ്റ്റിറ്റ്യൂഷനാണ് (എം.ഐ.ഐ/MII) എന്‍.എസ്.ഡി.എല്‍. സെക്യൂരിറ്റി വിപണിയില്‍ വൈവിദ്ധ്യമാര്‍ന്ന ഉല്‍പന്നങ്ങളും സേവനങ്ങളും എന്‍.എസ്.ഡി.എല്‍ ലഭ്യമാക്കുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം 1,089.81 കോടി രൂപ വരുമാനവും 234.81 കോടി രൂപ ലാഭവും നേടിയ കമ്പനിയാണ് എന്‍.എസ്.ഡി.എല്‍.
പൂര്‍ണമായും ഒ.എഫ്.എസ്
പുതിയ ഓഹരികളല്ല, നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്/OFS) മുഖേന ഐ.പി.ഒ നടത്തിയാകും എന്‍.എസ്.ഡി.എല്‍ ഓഹരി വിപണിയിലേക്ക് കന്നിച്ചുവടുവയ്ക്കുക. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മാത്രം ഡെപ്പോസിറ്ററി സര്‍വീസസ് കമ്പനിയെന്ന നേട്ടവും ഇതോടെ എന്‍.എസ്.ഡി.എല്ലിന് ലഭിക്കും. 2017ല്‍ സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (സി.ഡി.എസ്.എല്‍/CDSL) ഐ.പി.ഒ നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിന് കീഴിലെ സ്പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് ഓഫ് ദ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്.യു.യു.ടി.ഐ), ഐ.ഡി.ബി.ഐ ബാങ്ക്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ), യൂണിയന്‍ ബാങ്ക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയ്ക്ക് എന്‍.എസ്.ഡി.എല്ലില്‍ ഓഹരി പങ്കാളിത്തമുണ്ട്.
ഇവയെല്ലാം നിശ്ചിത ഓഹരികള്‍ ഒ.എഫ്.എസ് വഴി വിറ്റഴിക്കും. ഐ.ഡി.ബി.ഐ ബാങ്ക് 2.22 കോടി, എന്‍.എസ്.ഇ 1.80 കോടി, യൂണിയന്‍ ബാങ്ക് 56.25 കോടി, എസ്.ബി.ഐ 40 ലക്ഷം, എച്ച്.ഡി.എഫ്.സി ബാങ്ക് 40 ലക്ഷം, എസ്.യു.യു.ടി.ഐ 34.15 ലക്ഷം എന്നിങ്ങനെ ഓഹരികളാണ് വിറ്റഴിക്കുക.
രണ്ട് രൂപ വീതം മുഖവിലയുള്ള 5.72 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുന്നത്. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപ്പിറ്റല്‍, എച്ച്.എസ്.ബി.സി സെക്യൂരിറ്റീസ്, ഐ.ഡി.ബി.ഐ ക്യാപ്പിറ്റല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസേഴ്‌സ്, എസ്.ബി.ഐ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡര്‍മാര്‍.
Next Story
Videos