ആശാനും കളരിയിലേക്ക് ഇറങ്ങുന്നു, എന്‍എസ്ഡിഎല്ലും ലിസ്റ്റിംഗിന്

രാജ്യത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ ഡിപ്പോസിറ്ററി സേവന കമ്പനി, നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി (എന്‍എസ്ഡിഎല്‍) യും ലിസ്റ്റിംഗിനൊരുങ്ങുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 4,500 കോടി രൂപ സമാഹരിക്കാനാണ് എന്‍എസ്ഡിഎല്‍ ലക്ഷ്യമിടുന്നത്. ദി മിന്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഐപിഒയ്ക്ക് മുന്നോടിയായി എന്‍എസ്ഡിഎല്‍ നിക്ഷേപ ബാങ്കുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഐപിഒയിലൂടെ 4,500 കോടി രൂപ സമാഹരിക്കുന്നത് വഴി 16,000-17,000 കോടി രൂപയുടെ മൂല്യം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, 297.55 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 2.76 കോടിയിലധികം നിക്ഷേപക അക്കൗണ്ടുകളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഡിമാറ്റ് അസറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് 89 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.
പ്രാഥമിക ഓഹരി വില്‍പ്പന പ്രധാനമായും ഓഫര്‍ ഫോര്‍ സെയ്‌ലാണ് ഉള്‍പ്പെടുന്നത്. എന്‍എസ്ഡിഎല്ലില്‍ ഐഡിബിഐ ബാങ്കിന് 26 ശതമാനവും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് 24 ശതമാനവും ഓഹരികളാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (5 ശതമാനം), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (2.8 ശതമാനം), കാനറ ബാങ്ക് (2.3 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന പങ്കാളികള്‍.


Related Articles
Next Story
Videos
Share it