എന്‍എസ്ഡിഎല്‍ ഐപിഒ; രേഖകള്‍ വര്‍ഷാവസാനത്തോടെ സമര്‍പ്പിക്കും

നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡി (NSDL) ന്റെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഉടനുണ്ടായേക്കും. ഇതിന് മുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ഈ വര്‍ഷം അവസാനത്തോടെ രേഖകള്‍ ഫയല്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഡിബിഐ ബാങ്കിന്റെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും പിന്തുണയുള്ള ഇന്ത്യയിലെ ആദ്യത്തെ ഡിപ്പോസിറ്ററിയാണ് എന്‍എസ്ഡിഎല്‍. ഓഹരി വിപണിയിലേക്കുള്ള പ്രവേശനം യാഥാര്‍ത്ഥ്യമാകുന്നതോടെ സിഡിഎസ്എല്ലിന് ശേഷം എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ഡിപ്പോസിറ്ററിയായി ഇത് മാറും.

രാജ്യത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ ഡിപ്പോസിറ്ററി സേവന കമ്പനി 2023 മെയ് മാസത്തോടെ ഐപിഒ തുറക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐപിഒ വലുപ്പം 3,500 - 4,000 കോടി രൂപ വരെയാകാനാണ് സാധ്യത. ഐപിഒ പൂര്‍ണമായ ഓഫര്‍ ഫോര്‍ സെയ്ല്‍ ആയിരിക്കാനാണ് സാധ്യത.
ഐപിഒയിലൂടെ 16,000-17,000 കോടി രൂപയുടെ മൂല്യം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, 297.55 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 2.76 കോടിയിലധികം നിക്ഷേപക അക്കൗണ്ടുകളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഡീമാറ്റ് അസറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് 89 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.
എന്‍എസ്ഡിഎല്ലില്‍ ഐഡിബിഐ ബാങ്കിന് 26 ശതമാനവും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് 24 ശതമാനവും ഓഹരികളാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (5 ശതമാനം), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (2.8 ശതമാനം), കാനറ ബാങ്ക് (2.3 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന പങ്കാളികള്‍.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Related Articles
Next Story
Videos
Share it