Begin typing your search above and press return to search.
മാര്‍ച്ചിലെ ആദ്യ ശനിയാഴ്ച ഓഹരി വിപണിയില്‍ പ്രത്യേക വ്യാപാരം; ഓഹരി വില്‍ക്കാന്‍ നിബന്ധനകള്‍
അടുത്തമാസം രണ്ടിന് (March 02, ശനി) പ്രത്യേക വ്യാപാര സെഷന്‍ നടത്തുമെന്ന് ഓഹരി വിപണികളായ എന്‍.എസ്.ഇയും (NSE) ബി.എസ്.ഇയും (BSE) സര്‍ക്കുലറിലൂടെ വ്യക്തമാക്കി. കഴിഞ്ഞമാസം 20ന് (ശനി) നടത്താനിരുന്ന പ്രത്യേക വ്യാപാരമാണ് മാര്‍ച്ചിലെ ആദ്യ ശനിയിലേക്ക് മാറ്റിയത്.
ജനുവരി 20ന് പ്രത്യേക വ്യാപാരം നിശ്ചയിച്ചിരുന്നെങ്കിലും അത് പിന്നീട് സമ്പൂര്‍ണ വ്യാപാരദിനമായി മാറ്റിയിരുന്നു. ജനുവരി 22ന് (തിങ്കള്‍) അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത് പ്രമാണിച്ച് അവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു അത്.
എന്തിന് പ്രത്യേക വ്യാപാരം?
ഓഹരി വിപണിയില്‍ നിലവില്‍ വ്യാപാരം നടക്കുന്നത് പ്രൈമറി സൈറ്റ് (PR) എന്ന പ്ലാറ്റ്‌ഫോമിലാണ്. ഇതില്‍ നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് (DR) ചുവടുമാറ്റുന്നതിനായാണ് പ്രത്യേക വ്യാപാര സെഷന്‍ നടത്തുന്നത്. വിപണിയില്‍ അപ്രതീക്ഷിതോ അസാധാരണമോ ആയ തടസങ്ങളുണ്ടായാല്‍ തത്സമയം പ്രശ്‌നങ്ങള്‍ പരിഹരിച്ച് വ്യാപാരം പുനരാരംഭിക്കാന്‍ സഹായിക്കുന്നതാണ് ഡി.ആര്‍ സൈറ്റ്.
രണ്ട് ഘട്ടങ്ങള്‍
മാര്‍ച്ച് രണ്ടിലെ പ്രത്യേക വ്യാപാര സെഷന് രണ്ട് ഘട്ടങ്ങളുണ്ടാകും. ആദ്യ സെഷന്‍ രാവിലെ 9.15 മുതല്‍ 45 മിനിറ്റ് നേരത്തേക്ക് നടക്കും. രണ്ടാംസെഷന്‍ 11.30 മുതല്‍ 12.30 വരെയാണ്.
അതിന് മുമ്പ്, രാവിലെ 9 മുതല്‍ 9.08 വരെയും 11.15 മുതല്‍ 11.23 വരെയും പ്രീ-ഓപ്പണ്‍ സെഷനുമുണ്ടാകും.
നിബന്ധനകള്‍ ഇങ്ങനെ
ഓഹരിക്കും ഡെറിവേറ്റീവ്‌സിനും മാര്‍ച്ച് രണ്ടിന് പ്രൈസ് ബാന്‍ഡ് 5 ശതമാനമായിരിക്കും. അതായത്, 5 ശതമാനം വരെ ഉയര്‍ന്നാലും താഴ്ന്നാലും അപ്പര്‍, ലോവര്‍-പ്രൈസ് ബാന്‍ഡുകളിലെത്തും. നിലവില്‍ രണ്ട് ശതമാനം പ്രൈസ് ബാന്‍ഡുള്ളവയ്ക്ക് അതുതന്നെ മാര്‍ച്ച് രണ്ടിനും തുടരും.
മാര്‍ച്ച് ഒന്നിന് നടത്തിയ ഇടപാടുകളുടെ സെറ്റില്‍മെന്റ് മാര്‍ച്ച് രണ്ടിന് നടക്കില്ല. അത്, തൊട്ടടുത്ത സമ്പൂര്‍ണ വ്യാപാര ദിനമായ മാര്‍ച്ച് നാലിനേ (തിങ്കള്‍) നടക്കൂ. മാര്‍ച്ച് ഒന്നിലെ എഫ് ആന്‍ഡ് ഒ (F&O) ഇടപാട് ഫണ്ട് മാര്‍ച്ച് രണ്ടിന് ഉപയോഗിക്കാനും അനുവദിക്കില്ല. മാര്‍ച്ച് രണ്ടിലേത് സമ്പൂര്‍ണ വ്യാപാരദിനമല്ല, ഡി.ആര്‍ സൈറ്റിലേക്ക് മാറാനുള്ള ടെസ്റ്റിംഗ് വ്യാപാരം മാത്രമായതിനാലാണിത്.
Next Story
Videos