എൻ.എസ്.ഇ ഐ.പി.ഒയ്ക്ക് തുടക്കം: വിപണി ആധിപത്യം കരുത്താകുമോ? നിക്ഷേപകർ അറിയേണ്ടതെല്ലാം

NSE IPO-യുടെ പ്രൈസ് ബാൻഡ്, വിപണി ആധിപത്യം, സാമ്പത്തിക പ്രകടനം, വാല്യുവേഷൻ, OFS ഘടന, ജി.എം.പി ട്രെൻഡ്, നിക്ഷേപകർ ശ്രദ്ധിക്കേണ്ട റിസ്കുകൾ എന്നിവ സെബി രജിസ്റ്റേർഡ് അനലിസ്റ്റ് പി. സനൽ വിശദീകരിക്കുന്നു
NSE IPO Review by SEBI Registered Analyst P Sanal
പ്രതീകാത്മക ചിത്രംImage Source: Canva/nseindia.com
Published on

ദീർഘകാലത്തെ ഊഹാപോഹങ്ങൾക്കും ബോർഡ് റൂം പോരാട്ടങ്ങൾക്കും നിയന്ത്രണ നടപടികൾക്കും ശേഷം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ എൻ.എസ്.ഇ (NSE) പ്രാഥമിക വിപണിയിലേക്ക് കടന്നെത്തി. സെപ്റ്റംബർ 17 മുതൽ 21 വരെയാണ് എൻ.എസ്.ഇയുടെ പ്രാരംഭ പൊതു ഓഹരി വിൽപ്പന അഥവാ ഐ.പി.ഒ (IPO) അരങ്ങേറുന്നത്. 1,700–1,785 രൂപ പരിധിയിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബർ 24-ന് ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്യും.

ഉയർന്ന പ്രൈസ് ബാൻഡ് നിരക്കിൽ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 4.42 ലക്ഷം കോടി രൂപയാണ്. ചുരുക്കത്തിൽ എൻ.എസ്.ഇയുടേത് സാധാരണ ലിസ്റ്റിംഗ് അല്ലെന്ന് ഈ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. എൻ.എസ്.ഇ ഐ.പി.ഒ ഇന്ന് (സെപ്റ്റംബർ 17) ആരംഭിച്ച പശ്ചാത്തലത്തിൽ നിക്ഷേപകർ എന്ത് നിലപാട് സ്വീകരിക്കണമെന്നും എൻ.എസ്.ഇ ഓഹരിയുടെ വിശകലനവും സെബി രജിസ്റ്റേർഡ് അനലിസ്റ്റ് പി. സനൽ (SEBI Reg No: INH000022880) പങ്കുവെക്കുന്നു.

വിപണി കുത്തക

ഇന്ത്യൻ ഓഹരി വിപണിയുടെ ഭൂരിഭാഗം ഇടപാടുകളും നടക്കുന്നത് എൻ.എസ്.ഇയിലൂടെയാണ്. 2026 ജൂണിലെ കണക്കുകൾപ്രകാരം 26.1 കോടിയിലധികം രജിസ്റ്റർ ചെയ്ത നിക്ഷേപകരും 3,000-ൽ അധികം ലിസ്റ്റഡ് കമ്പനികളുമാണ് ഇവിടെയുള്ളത്. ക്യാഷ് മാർക്കറ്റ് വിറ്റുവരവിൽ 99.79 ശതമാനം വിപണി വിഹിതവും എൻ.എസ്.ഇ നിലനിർത്തുന്നുണ്ട്. കറൻസി ഡെറിവേറ്റീവുകളിൽ പൂർണ ആധിപത്യവും, ഇക്വിറ്റി ഓപ്ഷനുകളിൽ 99.5 ശതമാനം വിപണി വിഹിതവും എൻ.എസ്.ഇ കൈയടക്കി വച്ചിരിക്കുന്നു. ക്ലിയറിംഗ്, സെറ്റിൽമെന്റ്, ഇൻഡക്സ് സേവനങ്ങൾ എന്നിവയിലും ഈ ആധിപത്യം നിലനിർത്തിയിട്ടുണ്ട്.

സാമ്പത്തിക കണക്കുകളും സൂചനകളും

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) എൻ.എസ്.ഇ നേടിയ വരുമാനം 18,713 കോടി രൂപയും, അറ്റാദായം (PAT) 10,302 കോടി രൂപയുമാണ്. പെർഫോമൻസ് മാർജിൻ ഏകദേശം 51 ശതമാനം. ആസ്തി കുറഞ്ഞ ബിസിനസ് ആയതിനാൽ റിട്ടേൺ ഓൺ ഇക്വറ്റി (RoE) അനുപാതം 32.98 ശതമാനവും റിട്ടേൺ ഓൺ ക്യാപിറ്റൽ എപ്ലോയ്ഡ് അനുപാതം (RoCE) 42.80 ശതമാനവുമാണ്. ഇവ മികച്ച നിലവാരമാണ്. എന്നിരുന്നാലും ജാഗ്രത പുലർത്തേണ്ടതുണ്ട്. വരുമാനം രണ്ട് ശതമാനം കുറഞ്ഞപ്പോൾ 2024-25 സാമ്പത്തിക വർഷത്തെ (FY25) അപേക്ഷിച്ച് അറ്റാദായം 15 ശതമാനം ഇടിഞ്ഞു. ഡെറിവേറ്റീവ് നിയന്ത്രണങ്ങളും ട്രേഡിംഗ് വോളിയത്തിലെ വ്യതിയാനങ്ങളും വരുമാനത്തെ പെട്ടെന്ന് ബാധിക്കാം.

വാല്യുവേഷനും ഓഫർ ഘടനയും

ഉയർന്ന പ്രൈസ് ബാൻഡിൽ പോസ്റ്റ്-ഐപിഒ പി.ഇ അനുപാതം ഏകദേശം 42.9 മടങ്ങിലാണ് ഉള്ളത്. ലിസ്റ്റഡ് എതിരാളിയായ ബി.എസ്.ഇയുടെ (BSE) പി.ഇ അനുപാതം 47 മടങ്ങിന് അടുത്താണ്. ഇതൊരു 100 ശതമാനം ഓഫർ-ഫോർ-സെയിൽ (OFS) ആണ്. സമാഹരിക്കുന്ന ഏകദേശം 22,561 കോടി രൂപയും കമ്പനിയുടെ ബാലൻസ് ഷീറ്റിലേക്കല്ല പോകുന്നത്, മറിച്ച് എസ്.ബി.ഐ, കനേഡിയൻ പെൻഷൻ ബോർഡ് തുടങ്ങിയ നിലവിലെ ഓഹരി ഉടമകൾക്കാണ്. പുതിയ വളർച്ചാ മൂലധനമല്ല ഇവിടെ സമാഹരിക്കുന്നത്.

NSE IPO Review by P Sanal
ഇൻസൈറ്റിൽ റിസർച്ച് അനലിസ്റ്റ് പി. സനൽImage Source: nseindia.com/special arrangement

വെല്ലുവിളികളും റിസ്കുകളും

സെബിയുടെ പരിഷ്‌കരിച്ച കർശനമായ ഡെറിവേറ്റീവ് നിയമങ്ങളും റീട്ടെയിൽ നിക്ഷേപകർക്കായുള്ള സുരക്ഷാ മാനദണ്ഡങ്ങളും (Retail Safeguards) വിപണിയിലെ ട്രേഡിംഗ് വോളിയത്തിൽ ഇടിവിന് കാരണമായേക്കാം. ഇത് കമ്പനിയുടെ ലാഭക്ഷമതയെ (Profitability) ബാധിക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) 9 മുതൽ 12 ശതമാനം വരെയുള്ള പരിധിയിൽ തുടരുന്നത്, ഐപിഒയിലൂടെ വലിയ ലിസ്റ്റിംഗ് നേട്ടം ലക്ഷ്യമിടുന്നവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെന്നും പി. സനൽ പറഞ്ഞു.

നിക്ഷേപകർ എന്ത് ചെയ്യണം?

സെബി രജിസ്റ്റേർഡ് അനലിസ്റ്റ് പി. സനലിന്റെ നിരീക്ഷണപ്രകാരം, ഹ്രസ്വകാല ലിസ്റ്റിംഗ് നേട്ടം (Listing Gains) ആഗ്രഹിക്കുന്നവർ ജാഗ്രതയോടെയുള്ള ഒരു സെലക്ടീവ് സമീപനം സ്വീകരിക്കുക. അതേസമയം, രാജ്യത്തെ ധനകാര്യവൽക്കരണത്തിലും (Financialization) ഓഹരി നിക്ഷേപ സംസ്കാരത്തിന്റെ ദീർഘകാല വളർച്ചയിലും വിശ്വാസമർപ്പിക്കുന്ന ദീർഘകാല നിക്ഷേപകർക്ക് ഈ മോണോപോളി ഓഹരി ഐപിഒയിൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(Disclaimer: പി. സനൽ, സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് (Reg No: INH000022880) ആണ്. ഈ ലേഖനത്തിൽ ഐ.പി.ഒയെ/ഓഹരിയെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും വിശകലനങ്ങളും പൂർണമായും പഠനാവശ്യാ‍ർത്ഥം പങ്കുവെച്ചതാണ്. ഇത് നിർദ്ദിഷ്ട ഐപിഒ/ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നേരിട്ടുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുമായി ആലോചിക്കുകയോ ചെയ്യേണ്ടതാണ്. ലേഖകനോ റിസർച്ച് അനലിസ്റ്റിനോ അവരുടെ ബന്ധുക്കൾക്കോ എൻ.എസ്.ഇ ഐ.പി.ഒയിൽ പ്രത്യേകിച്ചുള്ള സാമ്പത്തിക താൽപ്പര്യങ്ങളോ വ്യക്തിഗതമായി അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com