എൻ.എസ്.ഇ ഓഹരികൾ ലിസ്റ്റിംഗിന് മുമ്പ് വാങ്ങുന്നോ? അൺലിസ്റ്റഡ് വിപണിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രീ-ഐ.പി.ഒ നിക്ഷേപത്തിന് ഓഹരി വില, ലിക്വിഡിറ്റി, ലോക്ക്-ഇൻ പീരിയഡ്, വാല്യുവേഷൻ തുടങ്ങിയ റിസ്ക് ഘടകങ്ങളുണ്ട്
NSE pre-ipo market
പ്രതീകാത്മക ചിത്രംImage Source: Canva/nseindia.com
Published on

നിക്ഷേപകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (NSE) പ്രാരംഭ പൊതുഓഹരി വിൽപ്പന (ഐ.പി.ഒ) സെപ്റ്റംബറിൽ വിപണിയിൽ അരങ്ങേറിയേക്കും എന്ന സൂചനകൾക്കിടയിൽ, അൺലിസ്റ്റഡ് വിപണിയിൽ (Unlisted Market) അഥവാ പ്രീ-ഐ.പി.ഒ വിപണിയിൽ എൻ.എസ്.ഇ ഓഹരികൾക്കുവേണ്ടി വലിയ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്.

ഐ.പി.ഒയ്ക്ക് മുമ്പ് ഓഹരികൾ വാങ്ങി ലി​സ്റ്റിം​ഗ് നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് അൺലിസ്റ്റഡ് ഓഹരികൾക്ക് പിറകെ പായുന്നവരിൽ മിക്കവരും. ഈയൊരു പശ്ചാത്തലത്തിൽ അൺലിസ്റ്റഡ് ഓഹരി വിപണി നൽകുന്ന സാധ്യതകളും അതോടൊപ്പം നേരിടേണ്ടി വരുന്ന വെല്ലുവിളികളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

എക്സ്ചേഞ്ചുകൾക്ക് പുറത്തുള്ള വിപണി

അൺലിസ്റ്റഡ് ഓഹരികൾ (Unlisted Shares) എന്ന് പറയുമ്പോൾ, അവ ഇതുവരെ ഒരു ​സ്റ്റോക്ക് എക്സ്ചേഞ്ച് ഓർഡർ ബുക്കിലും ഇടം നേടിയിട്ടില്ലാത്ത ഓഹരികളാണ്. എൻ.എസ്.ഇയുടെ കാര്യത്തിൽ, ജീവനക്കാർ, ആദ്യകാല നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ കൈവശമുള്ള ഓഹരികൾ വ്യക്തിഗതമായ സ്വകാര്യ ഇടപാടുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇടപാട് ഉറപ്പിച്ച് രേഖകൾ ശരിയായിക്കഴിഞ്ഞാൽ, സാധാരണ ഓഹരികൾ പോലെ ഇവയും വാങ്ങുന്നയാളുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് എത്തുകയാണ് പതിവ്.

ഇടപാടുകൾ നടക്കുന്നത് എങ്ങനെ?

സാധാരണയായി നാല് ഘട്ടങ്ങളിലായാണ് അൺലിസ്റ്റഡ് ഓഹരികളുടെ കൈമാറ്റം പൂർത്തിയാകുന്നത്:

  1. എൻ.എസ്.ഇ ഓഹരികൾ കൈകാര്യം ചെയ്യുന്ന സെബി രജിസ്റ്റേഡ് ബ്രോക്കറെയോ നിക്ഷേപ ബാങ്കിനെയോ കണ്ടെത്തുക.

  2. കെ.വൈ.സി (KYC) നടപടികൾ പൂർത്തിയാക്കുക (പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ, ക്ലയന്റ് മാസ്റ്റർ റിപ്പോർട്ട് എന്നിവ നൽകുക).

  3. ഡീലർ ലൈവ് ക്വോട്ടും മിനിമം ലോട്ട് സൈസ്സും നൽകും (നിലവിൽ എൻ.എസ്.ഇ ഓഹരിയുടെ വില 1,970 - 2,015 രൂപ പരിധിയിലാണ്; ചുരുങ്ങിയത് 50 ഓഹരികളുള്ള ഒരു ലോട്ടിന് ഏകദേശം ഒരു ലക്ഷം രൂപയോളം ആകും).

  4. എൻ.ഇ.എഫ്.ടി (NEFT) അല്ലെങ്കിൽ ആർ.ടി.ജി.എസ് (RTGS) വഴി പണമടച്ചാൽ, ഡീലർ വഴി ഓഹരികൾ ഡിമാറ്റ് അക്കൗണ്ടിലേക്ക് മാറ്റാം.

അൺലിസ്റ്റഡ് വിപണിയിൽ ഓഹരിയുടെ നിലവിലെ വിലയനുസരിച്ച് എൻ.എസ്.ഇയുടെ വിപണി മൂല്യം (Market Cap) ഏകദേശം 4.85 മുതൽ 4.99 ലക്ഷം കോടി രൂപ വരെയാണ്. എന്നാൽ ഐ.പി.ഒയിൽ ഓഹരികളുടെ ഇഷ്യൂ വില നിലവാരം 2,500 — 2,800 രൂപ വരെയാകാമെന്നും ഇത് 6.2-6.9 ലക്ഷം കോടി രൂപയുടെ മൂല്യത്തെ സൂചിപ്പിക്കുന്നുണ്ടെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എൻ.എസ്.ഇ ഓഹരികളുടെ ഔദ്യോഗിക പ്രൈസ് ബാന്റ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ആറ് മാസത്തെ ലോക്ക്-ഇൻ: ഐ.പി.ഒയ്ക്ക് മുമ്പ് (പ്രീ-ഐ.പി.ഒ) ഓഹരി വാങ്ങുന്നവർക്ക് ലിസ്റ്റിംഗ് തീയതി മുതൽ തുടർന്നുള്ള ആറ് മാസത്തേക്ക് ലോക്ക്-ഇൻ പിരീഡ് നിബന്ധന ബാധകമാണ്. അതായത്, ലിസ്റ്റിംഗ് ദിവസം തന്നെ ഓഹരികൾ വിറ്റുമാറാൻ ഇവർക്ക് കഴിയില്ല.

  • ലിക്വിഡിറ്റിയുടെ കുറവ്: ഔദ്യോ​ഗിക സംവിധാനങ്ങളുടെ പുറത്തുള്ളതും സുതാര്യത കുറഞ്ഞ വ്യക്തിഗത ഇടപാടുകളുമായതിനാൽ അൺലിസ്റ്റഡ് ഓ​ഹരികളുടെ വിലനിർമയവും സെറ്റിൽമെന്റും ഇടനിലക്കാരുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു.

  • ഉയർന്ന വാല്യുവേഷൻ: നിലവിലെ അൺലിസ്റ്റഡ് ഓഹരി വില കമ്പനിയുടെ വരുമാനത്തിന്റെ 48 ഇരട്ടിവെരെയാണ്.

നിക്ഷേപകർ എന്ത് ചെയ്യണം?

വ്യക്തമായ ഓഹരി വിലയും ലിസ്റ്റിംഗ് ദിവസത്തെ ലിക്വിഡിറ്റിയും ആഗ്രഹിക്കുന്നവർ എൻ.എസ്.ഇയുടെ ഐ.പി.ഒ വരുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. എന്നാൽ ആറ് മാസത്തെ ലോക്ക്-ഇൻ പീരിയഡ് നിബന്ധന അംഗീകരിക്കാനും ഓഹരി വിലയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വിശ്വസ്തരായ സെബി രജിസ്റ്റേഡ് പ്ലാറ്റ്‌ഫോമുകൾ വഴി നിക്ഷേപിക്കാനും തയ്യാറുള്ളവർക്ക് പ്രീ-ഐ.പി.ഒ വഴി ഓഹരികൾ സ്വന്തമാക്കാനും ശ്രമിക്കാവുന്നതാണെന്നും അനലി​സ്റ്റുകൾ വ്യക്തമാക്കി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com