

വ്യാവസായിക മേഖലകളിലേക്ക് ആവശ്യമായ ദീർഘകാല വായ്പ സേവനങ്ങൾ നൽകുന്ന പൊതുമേഖല നോൺ-ബാങ്കിംഗ് കമ്പനിയായ ഐ.എഫ്.സി.ഐ ലിമിറ്റഡിന്റെ (BSE: 500106, NSE: IFCI) ഓഹരിയിൽ മുന്നേറ്റം തുടരുന്നു. ചൊവ്വാഴ്ചത്തെ (ജൂൺ 16) വ്യാപാരത്തിലും 52 ആഴ്ച കാലയളവിലെ ഉയർന്ന വിലനിലവാരവും തിരുത്തിക്കുറിച്ചു. 91.35 രൂപ വരെ മുന്നേറിയാണ് ഐ.എഫ്.സി.ഐ ഓഹരി ഒരു വർഷ കാലയളവിലെ ഉയർന്ന നിലവാരം പുതുക്കിയത്.
ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഐ.എഫ്.സി.ഐ ഓഹരിയിൽ 47 ശതമാനം നേട്ടമാണ് കൈവരിച്ചത്. അതുപോലെ കഴിഞ്ഞ ആറ് മാസക്കാലയളവിനിടെ ഈ ഓഹരിയുടെ വിലയിൽ 91 ശതമാനം മുന്നേറ്റവും രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബറിൽ 47 രൂപ നിലവാരത്തിലാണ് ഐ.എഫ്.സി.ഐ ഓഹരി വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ എൻ.എസ്.ഇ.യുടെ പ്രാരംഭ പൊതു ഓഹരി വിൽപ്പനയുമായി (ഐ.പി.ഒ) ബന്ധപ്പെട്ട വാർത്തകളാണ് ഐ.എഫ്.സി.ഐ ഓഹരിയുടെ മുന്നേറ്റത്തിന് പിന്നിൽ.
ഏറെക്കാലത്തെ പരിശ്രമത്തിനുശേഷം ഈ വർഷം തന്നെ നാഷണൽ സ്റ്റോക്ക് എകസ്ചേഞ്ചിന്റെ (എൻ.എസ്.ഇ) ഐ.പി.ഒ നടപടികൾ പൂർത്തിയാക്കനുള്ള വഴി തെളിഞ്ഞിരുന്നു. പൂർണമായും ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) വഴിയാണ് എൻ.എസ്.ഇയുടെ ഐ.പി.ഒ അരങ്ങേറുന്നത്. ഒ.എഫ്.എസ് റൂട്ട് ആയതിനാൽ ഐ.പി.ഒ വഴി സമാഹരിക്കുന്ന മുഴുവൻ പണം ആദ്യകാല നിക്ഷേപകർക്ക് ലഭിക്കും. ഇത്തരത്തിൽ എൻ.എസ്.ഇയുടെ ഐ.പി.ഒ വഴിയുള്ള വാല്യൂ-അൺലോക്കിങ്ങിന്റെ പരോക്ഷനേട്ടം ഐ.എഫ്.സി.ഐ.ക്കും ലഭിക്കുമെന്നതാണ് ഓഹരി മുന്നേറ്റത്തിന് ഇടയാക്കിയത്.
ഐ.എഫ്.സി.ഐ.ക്ക് ബഹുഭൂരിപക്ഷം ഓഹരികളും സ്വന്തമായുള്ള സ്റ്റോക്ക് ഹോൾഡിങ് കോർപറേഷന് എൻ.എസ്.ഇയിൽ 4.44 ശതമാനം ഓഹരി വിഹിതം സ്വന്തമായുണ്ട്. ഏകദേശം 5 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കിയാണ് എൻ.എസ്.ഇയുടെ ഐ.പി.ഒ വിപണിയിൽ അരങ്ങേറുന്നത്. അതിനാൽ 22,000 കോടി രൂപയിലേറെയാണ് സ്റ്റോക്ക് ഹോൾഡിങ് കോർപറേഷന്റെ എൻ.എസ്.ഇയിലുള്ള ഓഹരി വിഹിതത്തിന്റെ നിക്ഷേപമൂല്യം കണക്കാക്കുന്നത്. ഇത്തരത്തിൽ സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ വഴി എൻ.എസ്.ഇ ഐ.പി.ഒയുടെ വാല്യൂ-അൺലോക്കിങ്ങിന്റെ പരോക്ഷ നേട്ടമാണ് ഐ.എഫ്.സി.ഐ ഓഹരിയുടെ കുതിപ്പിന് പിന്നിലെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബിക്ക് (SEBI) മുമ്പാകെ ഐ.പി.ഒയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള കരട് രേഖ (ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പക്ടസ് - DRHP) ഈയാഴ്ച തന്നെ സമർപ്പിച്ചേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 5-5.25 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കിയാണ് എൻ.എസ്.ഇ ഐ.പി.ഒയ്ക്ക് അനുമതി തേടുകയെന്നാണ് വിവരം. ഏകദേശം 1.8 ലക്ഷം ഓഹരി ഉടമകൾ ഉണ്ട്. അൺലിസ്റ്റഡ് മാർക്കറ്റിൽ 2,000 രൂപ നിരക്കിലാണ് എൻ.എസ്.ഇ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine