ഐ.പി.ഒ കളില്‍ ഏഷ്യയില്‍ ഒന്നാമത്; ഓഹരി മൂലധനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം; എന്‍.എസ്.ഇക്ക് ഇരട്ട നേട്ടം

ഹുണ്ടായ് ഐ.പി.ഒ ലോകത്തില്‍ രണ്ടാം സ്ഥാനത്ത്
ഐ.പി.ഒ കളില്‍ ഏഷ്യയില്‍ ഒന്നാമത്; ഓഹരി മൂലധനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം; എന്‍.എസ്.ഇക്ക് ഇരട്ട നേട്ടം
Published on

പോയ വര്‍ഷം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഇരട്ട നേട്ടം. ലിസ്റ്റ് ചെയ്ത ഐ.പി.ഒ കളുടെ എണ്ണത്തില്‍ എഷ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ എക്‌സ്‌ചേഞ്ചിനാണ്. ഓഹരി മൂലധനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും എന്‍.എസ്.സിയെ തേടിയെത്തി. 268 ഐ.പി.ഒകളാണ് കഴിഞ്ഞ വര്‍ഷം എന്‍.എസ്.ഇയില്‍ ഉണ്ടായത്. 1.67 ലക്ഷം കോടി രൂപ ഇതുവഴി സമാഹരിക്കപ്പെട്ടു. ഇതില്‍ 27,500 കോടി ഹുണ്ടായ് മോട്ടോര്‍ ലിമിറ്റഡിന്റെ ഐ.പി.ഒയില്‍ നിന്നായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തുമായിരുന്നു ഹുണ്ടായ് ലിസ്റ്റിംഗ്. എന്‍.എസ്.ഇയില്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഐ.പി.ഒകള്‍ ഉണ്ടായതും 2024 ല്‍ ആണ്.

രണ്ടാം സ്ഥാനത്ത് ചൈന

ആഗോള തലത്തില്‍ വിവിധ എക്‌സ്‌ചേഞ്ചുകളിലായി 1,145 ഐ.പി.ഒകളാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 101 പുതിയ ലിസ്റ്റിംഗ് നടന്ന ചൈനയിലെ ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആണ് രണ്ടാം സ്ഥാനത്ത്. ജപ്പാനിലെ ആറ് എക്‌സ്‌ചേഞ്ചുകളിലായി 93, ഹോങ്കോങ്ങില്‍ 66 എന്നിങ്ങനെയാണ് ഐ.പി.ഒകളുടെ എണ്ണം. എന്‍.എസ്.ഇയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍, ഫോളോഓണ്‍ പബ്ലിക് ഓഫറുകള്‍ എന്നിവ ഒഴികെയുള്ള 90 മെയിന്‍ ബോര്‍ഡ് ഐ.പി.ഒകളില്‍ നിന്നാണ് മൊത്തം സമാഹരിച്ച ഫണ്ടുകളില്‍ ഏകദേശം 1.59 ലക്ഷം കോടി രൂപ ലഭിച്ചതെന്ന് എന്‍.എസ്.ഇയുടെ ചീഫ് ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു. 178 എസ്എംഇകള്‍ 7,349 കോടി രൂപ സമാഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മൂലധനത്തില്‍ അമേരിക്കന്‍ വിപണികളും

കഴിഞ്ഞ വര്‍ഷം ഓഹരി മൂലധന സമാഹരണത്തില്‍ ഇന്ത്യക്ക് പിന്നിലുള്ളത് അമേരിക്കന്‍ വിപണികളാണ്. എന്‍.എസ്.ഇയില്‍ 1.67 ലക്ഷം കോടി രൂപ സമാഹരിക്കപ്പെട്ടപ്പോള്‍ അമേരിക്കയിലെ നാസ്ഡാക്കില്‍ 1.41 ലക്ഷം കോടി രൂപയാണ് ഓഹരി മൂലധനം. ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ 1.29 ലക്ഷം കോടി, ഹോങ്കോംങ്ങില്‍ 89,000 കോടി, ഷാങ്ഹായ് വിപണിയില്‍ 75,000 കോടി എന്നിങ്ങനെയും സമാഹരിക്കപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com