

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി ശൃംഖലയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തതോടെ രാജ്യത്തെ മികച്ച 10 ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ ഇടം നേടി. ബി.എസ്.ഇ (BSE) വിപണിയിൽ 1,785 രൂപ ഐ.പി.ഒ വിലയിൽ നിന്ന് 0.84 ശതമാനം ഉയര്‍ന്ന് 1,800 രൂപയിലാണ് എൻ.എസ്.ഇ ഓഹരികൾ വ്യാപാരം ആരംഭിച്ചത്. പിന്നീട് വ്യാപാരത്തിനിടെ 5.2 ശതമാനം ഉയര്‍ന്ന് 1,878 രൂപ വരെയെത്തി.
ഓഹരി വിപണിയിലെ ഈ മുന്നേറ്റത്തോടെ എൻ.എസ്.ഇയുടെ ആകെ വിപണി മൂലധനം (Market Capitalisation) 4.63 ലക്ഷം കോടി രൂപയായി ഉയർന്നതോടെയാണ് ഇന്ത്യയിലെ പത്താമത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായി മാറിയത്. പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ (HUL - 4.53 ലക്ഷം കോടി രൂപ), സൺ ഫാർമസ്യൂട്ടിക്കൽസ് (4.48 ലക്ഷം കോടി രൂപ), ടൈറ്റൻ (4.43 ലക്ഷം കോടി രൂപ) തുടങ്ങിയ വൻകിട കമ്പനികളുടെ വിപണി മൂലധനത്തെ മറികടന്നാണ് എൻ.എസ്.ഇ ഈ നേട്ടം കൈവരിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് (16.77 ലക്ഷം കോടി രൂപ), എച്ച്.ഡി.എഫ്.സി ബാങ്ക് (11.25 ലക്ഷം കോടി രൂപ), ഭാരതി എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ടി.സി.എസ്, ബജാജ് ഫിനാൻസ്, എൽ.ഐ.സി, എൽ & ടി എന്നിവയാണ് വിപണി മൂലധനത്തിൽ എൻ.എസ്.ഇക്ക് മുന്നിലുള്ള പ്രധാന കമ്പനികൾ.
ഐ.പി.ഒ പ്രത്യേകതകൾ: 22,562 കോടി രൂപയുടെ എൻ.എസ്.ഇ ഐ.പി.ഒ 12.64 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് സംഘടിപ്പിച്ചത്. ഇതിലൂടെ ലഭിച്ച തുക നിലവിലുള്ള ഓഹരിയുടമകൾക്കാണ് ലഭിക്കുന്നത്. ഇഷ്യൂ മൊത്തത്തിൽ 5.71 ഇരട്ടി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ (27,870 കോടി രൂപ) ഐ.പി.ഒക്ക് തൊട്ടുപിന്നിലായി ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐ.പി.ഒ കൂടിയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine