എൻ.എസ്.ഇ ഓഹരിക്ക് നിറംമങ്ങിയ ലിസ്റ്റിംഗ്: ഇനി ബി.എസ്.ഇ, എം.സി.എക്സ് ഓഹരികൾ നോക്കുന്നതാണോ മെച്ചം?

എൻ.എസ്.ഇ ഓഹരി ഇഷ്യൂ വിലയേക്കാൾ 0.8% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു; ബി.എസ്.ഇ, എം.സി.എക്സ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്ന് എക്സ്ചേഞ്ചുകളുടെയും ബിസിനസ് സാധ്യതകളും ശ്രദ്ധിക്കേണ്ട റിസ്കുകളും വ്യത്യസ്തമാണ്
NSE Share listing analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on

നിക്ഷേപകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ഓഹരി വിപണിയിലെ അരങ്ങേറ്റം കുറിച്ചു. വ്യാഴാഴ്ച (സെപ്റ്റംബർ 24) രാവിലെ 10 മണിയോടെ ബി.എസ്.ഇയിൽ നടന്ന ലിസ്റ്റിം​ഗിൽ ഐ.പി.ഒയിലെ ഇഷ്യൂ വിലയായ 1,785 രൂപയേക്കാൾ 0.8 ശതമാനം മാത്രം നേട്ടത്തോടെ 1,800 രൂപയിലാണ് എൻ.എസ്ൽഇ ഓഹരികൾ വ്യാപാരം ആരംഭിച്ചത്. തുടർന്ന് 1,878 രൂപ വരെ മുന്നേറിയശേഷം 1,850 രൂപ നിലവാരത്തിൽ വ്യാപാരം സ്ഥിരത നേടുന്നതായാണ് ഇപ്പോൾ കാണാനാകുന്നത്.

ഗ്രേ മാർക്കറ്റിലെ സൂചനകളേക്കാൾ കുറഞ്ഞ പ്രീമിയമാണിതെങ്കിലും, 4.45 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യവുമായാണ് എൻ.എസ്.ഇ വിപണിയിലെത്തിയത്. റെഗുലേറ്ററി ചട്ടങ്ങൾ പ്രകാരം സ്വന്തം എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യാനും വ്യാപാരം നടത്താനും എൻ.എസ്.ഇക്ക് സാധിക്കില്ല. ബി.എസ്.ഇയിലാണ് എൻ.എസ്.ഇ ഓഹരി ഔദ്യോ​ഗികമായി ലിസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും മറ്റൊരു ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ മെട്രോപൊളിറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും (MSEI) കൂടി എൻ.എസ്.ഇ ഓഹരികൾ വ്യാപാരം ചെയ്യാനുള്ള അനുവാദം (Permitted to Trade Category) ലഭിച്ചിട്ടുണ്ട്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എൻ.എസ്.ഇ ഓഹരികളുടെ ആദ്യദിനത്തിലെ നിറംമങ്ങിയ അരങ്ങേറ്റത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു:

  • ഉയർന്ന മൂല്യനിർണ്ണയം: എൻ.എസ്.ഇയുടെ ഓഹരി വില ഇതിനകം തന്നെ അതിന്റെ വിപണി മേധാവിത്വം ഉൾക്കൊള്ളുന്നതാണ്.

  • കുറഞ്ഞ ട്രേഡിംഗ് ഫ്ലോട്ട്: നിർദ്ദിഷ്ട ഓഹരികളുടെ ഏകദേശം 5 ശതമാനം മാത്രമാണ് സെക്കൻഡറി വിപണിയിലെത്തുന്നത്. അതിൽ ഭൂരിഭാഗവും ആങ്കർ നിക്ഷേപകർക്ക് ലോക്ക്-ഇൻ നിബന്ധന ബാധകമായ ഓഹരികൾ ആയിരിക്കുന്നതിനാൽ 3.5 ശതമാനം എൻ.എസ്.ഇ ഓഹരികൾ മാത്രമാണ് വ്യാപാരത്തിനായി എപ്പോഴും ലഭ്യമാകുന്നത്. ഇത് വിലയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

  • ദീർഘകാല സാധ്യതകൾ: ക്യാഷ് മാർക്കറ്റിൽ 93 ശതമാനവും ഫ്യൂച്ചേഴ്സ് (F&O) വിഭാഗത്തിൽ 99.7 ശതമാനവും വിപണി വിഹിതമുള്ള എൻ.എസ്.ഇ, 2-3 വർഷത്തെ നിക്ഷേപ കാലാവധിയുള്ളവർക്ക് മികച്ച അവസരമാണെന്ന് ഒരുവിഭാ​ഗം അനലി​സ്റ്റുകൾ അഭിപ്രായപ്പെടുന്നു.

എൻ.എസ്.ഇ vs ബി.എസ്.ഇ

എൻ.എസ്.ഇയും ബി.എസ്.ഇയും ദേശീയ പ്രാധാന്യമുള്ള രണ്ട് വൻകിട സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആണെങ്കിലും പരസ്പരം പകരക്കാരല്ല, മറിച്ച് വ്യത്യസ്ത സാധ്യതകൾ നൽകുന്നവയാണെന്ന് വിപണി വിദഗ്ദ്ധർ വ്യക്തമാക്കുന്നു:

  1. ബി.എസ്.ഇ: ഓപ്ഷൻസ് വിപണിയിലെ മുന്നേറ്റത്തെ തുടർന്നാണ് ബി.എസ്.ഇ ഓഹരി അടുത്തിടെ വലിയ വളർച്ച നേടിയത്. ഇതിന്റെ വരുമാനം പ്രധാനമായും ഈ വിഭാഗത്തെ ആശ്രയിച്ചിരിക്കുന്നു.

  2. എൻ.എസ്.ഇ: ക്യാഷ് മാർക്കറ്റ്, ക്ലിയറിംഗ്, നിഫ്റ്റി ബ്രാൻഡ്, ഡാറ്റ ബിസിനസ് എന്നിവയിലുടനീളം ശക്തമായ വിപണി മേധാവിത്വമുള്ള കൂടുതൽ വൈവിധ്യമാർന്ന സ്ഥാപനമാണിത്.

  3. എം.സി.എക്സ്: കമ്മോഡിറ്റി വിപണിയിലെ വീണ്ടെടുപ്പും വളർച്ചാ സാധ്യതകളും കണക്കിലെടുക്കുമ്പോൾ സാമ്പത്തിക മേഖലയിൽ മുന്നേറ്റം നടത്താൻ എം.സി.എക്സിനും സാധിച്ചേക്കും.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മാക്വറി എൻ.എസ്.ഇ ഓഹരികൾക്ക് 1,965 രൂപയും, ബി.എസ്.ഇക്ക് 4,000 രൂപയും, എം.സി.എക്സിന് 3,820 രൂപയും വീതമാണ് സമീപ ഭാവിയിലേക്ക് ലക്ഷ്യവിലയായി (Target Price) നിശ്ചയിച്ചിട്ടുള്ളത്.

അപ്പർ സർക്യൂട്ടിൽ സോണസെലക്ഷൻ

എൻ.എസ്.ഇയുടെ ലിസ്റ്റിംഗ് നിക്ഷേപകരുടെ ശ്രദ്ധ നേടിയിരുന്നെങ്കിലും, താരതമ്യേന ചെറിയ കമ്പനിയായ സൊണാസെലക്ഷൻ ഇന്ത്യയുടെ (BSE: 544938, NSE: SONA) ഓഹരികൾ ഇന്നു തന്നെ നടന്ന ലിസ്റ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 99 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന ഈ സ്മോൾ ക്യാപ് ഓഹരികൾ 4.5 ശതമാനത്തിലധികം പ്രീമിയത്തിൽ 102.31 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. പിന്നീട് വില 107.42 രൂപ വരെ ഉയർന്നു അപ്പർ സർക്യൂട്ട് പരിയിലെത്തി. 142 കോടി രൂപ സമാഹരിച്ച ഈ ടെക്സ്റ്റൈൽ കമ്പനിയുടെ നിലവിലെ വിപണി മൂല്യം (Market Cap) 591 കോടി രൂപയാണ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com