അടുത്തയാഴ്ച വിപണിയിൽ സർപ്രൈസ് പ്രതീക്ഷിക്കാമോ? നിഫ്റ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നത് എന്ത്?

നിഫ്റ്റിയിൽ മുന്നേറ്റത്തിനുള്ള സാധ്യതയ്ക്ക്, നേരിയ മുൻതൂക്കം നൽകിക്കൊണ്ടുള്ള സമീപനം വരുന്ന വ്യാപാര ആഴ്ചയിലേക്ക് സ്വീകരിക്കുന്നതാണ് (Nifty Stance Slightly Bullish) നിലവിൽ അഭികാമ്യം
Stock Market Weekly Analysis
Canva
Published on

എൻ.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി-50, കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത കൺസോളിഡേഷൻ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രിൽ മധ്യത്തോടെ ആരംഭിച്ച വിപണിയിലെ ഈ റേഞ്ച്-ബൗണ്ട് (നിശ്ചിത പരിധിക്കുള്ളിൽ തങ്ങിനിൽക്കുന്ന) അവസ്ഥ മെയ് മാസത്തിലും തുടരുകയാണ്. വിപണിയുടെ ഗതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ നിക്ഷേപകർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വിപണിയിലെ നിലവിലെ സാഹചര്യം

2026 ഏപ്രിൽ 8 മുതൽ മെയ് 11 വരെയുള്ള 33 ദിവസങ്ങളിൽ നിഫ്റ്റി സൂചിക 23,793 — 24,335 എന്ന പരിധിക്കുള്ളിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ 11 ദിവസങ്ങളിലായി സൂചിക 23,357 — 23,793 എന്ന കൂടുതൽ ഇടുങ്ങിയ പരിധിയിലേക്ക് ഒതുങ്ങി. ഈ കടന്നുപോയ വ്യാപാര ആഴ്ച ഗ്യാപ്പ്-ഡൗൺ ഓപ്പണിംഗിലൂടെയാണ് തുടക്കം കുറിച്ചത്. 23,357 എന്ന സപ്പോർട്ട് ലെവലിൽ നിന്ന് ശക്തമായ തിരിച്ചുവരവ് പ്രകടമായെങ്കിലും, പിന്നീട് നിഫ്റ്റി സൂചിക ഫ്ലാറ്റ് ആയിട്ടാണ് (തലേ ദിവസത്തേക്കാൾ കാര്യമായ വ്യതിയാനമില്ലാതെ) ക്ലോസ് ചെയ്തത്. ഒടുവിൽ 75 പോയിന്റ് (+0.32%) നേട്ടത്തോടെയാണ് വ്യാപാര ആഴ്ച പിന്നിട്ടത്. ഈ ഘട്ടത്തിൽ വിപണിയിൽ പ്രകടമായ നീക്കങ്ങൾ നിക്ഷേപകർക്കിടയിൽ വ്യക്തമായ ദിശാബോധമില്ലായ്മയെ സൂചിപ്പിക്കുന്നു.

Nifty Technical Chart May 25-29
നിഫ്റ്റിയുടെ ഡെയ്‌‍‍ലി ചാർട്ട്

ഇന്ത്യൻ വിപണിയിൽ ഇനിയെന്ത്?

ടെക്നിക്കൽ അനാലിസിസ് അടിസ്ഥാനമാക്കിയുള്ള വിശകലനത്തിൽ, നിഫ്റ്റി സൂചികയിൽ മുന്നേറ്റത്തിനുള്ള സാധ്യതയ്ക്ക് നേരിയ മുൻതൂക്കം നൽകിക്കൊണ്ടുള്ള സമീപനം വരുന്ന വ്യാപാര ആഴ്ചയിലേക്ക് സ്വീകരിക്കുന്നതാണ് (Nifty Stance Slightly Bullish) നിലവിൽ അഭികാമ്യം. നിഫ്റ്റിയുടെ ഡെയ്‌‍ലി ചാർട്ടുകൾ പരിശോധിച്ചാൽ (മുകളിൽ നൽകിയിട്ടുള്ള ചിത്രം), പ്രധാന ലാ​ഗിം​ഗ് ഇൻഡിക്കേറ്ററായ എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജുകൾ (EMA) തമ്മിലുള്ള ക്രോസ്ഓവർ (ബ്ലൂ ലൈനും ​ഗ്രീൻ ലൈനും) വിപണിയിലെ അസ്ഥിരതയെ അടിവരയിടുന്നു.

കൂടാതെ, ട്രെൻഡിന്റെ ശക്തിയെ അളക്കുന്ന ഇൻഡിക്കേറ്ററായ ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് (ADX), 20 പോയിന്റിന് താഴെയാണ് (ഡെയ്‍ലി ടൈം ഫ്രെയിമിൽ) തുടരുന്നത്. കൃത്യമായ ഒരു ദിശ നിർണയിക്കാനുള്ള സൂചനയൊന്നും എ.ഡി.എക്സിൽ നിന്നും ലഭിക്കുന്നില്ലെങ്കിലും നേരിയ ബുള്ളിഷ് കാഴ്ചപ്പാട് തത്കാലത്തേക്ക് നിലനിർത്താം.

നിഫ്റ്റി: പ്രധാന ലെവലുകൾ

വരുന്ന ദിവസങ്ങളിൽ നിഫ്റ്റിയിൽ വീണ്ടും ഇടിവ് തുടരുകയാണെങ്കിൽ 23,357—22,781—22,519 എന്നിവ നിർണായക സപ്പോർട്ട് ലെവലുകളായും മറിച്ച് സൂചിക മുന്നേറാനാണ് ശ്രമിക്കുന്നതെങ്കിൽ 23,793—23,925—24,192 എന്നിവ മുഖ്യ പ്രതിരോധ കടമ്പകളായും (Resistance levels) പ്രവർത്തിച്ചേക്കും. ആഗോളതലത്തിൽ യു.എസ്—ഇറാൻ സമാധാന ചർച്ചകളിൽ നിന്നുള്ള അനുകൂല തീരുമാനങ്ങൾ ഉണ്ടായാൽ മാത്രമേ നിലവിലെ കൺസോളിഡേഷനിൽ നിന്ന് ഇന്ത്യൻ വിപണി പുറത്തുകടക്കാൻ സാധ്യതയുള്ളൂ.

വരുന്ന ആഴ്ച: ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

കോർപറേറ്റ് പ്രവർത്തന ഫലം: എൻ.ടി.പി.സി, ഡിവീസ് ലാബ്സ്, ജെ.കെ സിമന്റ്, എ.ബി.ബി പവർ, ഒ.എൻ.ജി.സി, കമ്മിൻസ് ഇന്ത്യ, അശോക് ലെയ്‌‍ലാൻഡ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികളുടെ മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തനഫലം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇതിന്റെ വിശദാംശങ്ങൾ വിപണിയെ സ്വാധീനിക്കാവുന്നതാണ്.

സാമ്പത്തിക ഡാറ്റ (ഇന്ത്യ): വ്യാവസായിക ഉത്പാദന കണക്കുകൾ (IIP), വിദേശനാണ്യ (ഫോറെക്സ്) കരുതൽ ശേഖരം, മാർച്ചിലെ ധനക്കമ്മി തുടങ്ങിയ വിവരങ്ങൾ നിർണായകമാണ്.

ആഗോള സൂചകങ്ങൾ: മേയ് 25-ന് യു.എസ് വിപണി അവധിയാണ് (Memorial Day). കൂടാതെ യു.എസിൽ നിന്നും വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രധാന സാമ്പത്തിക സൂചകങ്ങളായ സി.ബി കൺസ്യൂമർ കോൺഫിഡൻസ് ഡാറ്റ, കോർ പേഴ്സണൽ കൺസംപ്ഷൻ എക്സ്പെൻഡിച്ച‍ർ (PCE) ഇൻഡക്സ്, ഒന്നാം പാദ (2026 ജനുവരി - മാർച്ച്) ജി.ഡി.പി തുടങ്ങിയ വിവരങ്ങളും ആ​ഗോള വിപണിയുടെ ഗതി നിർണയിക്കാൻ ശേഷിയുള്ളതാണ്.

വിപണി അവധി: ബ്രക്രീദ് ആഘോഷിക്കുന്നതിനെ തുടർന്ന്, മേയ് 28 (വ്യാഴാഴ്ച) ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയാണ്. അതിനാൽ ബി.എസ്.ഇ സെൻസെക്സ് സൂചികയുടെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ (F&O) എക്സ്പയറി ദിനം 27-ാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നത് ശ്രദ്ധിക്കുക.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com