

കേന്ദ്ര പൊതുമേഖലാ ഊര്‍ജ കമ്പനിയായ എന്‍.ടി.പി.സിയുടെ സമ്പൂര്‍ണ ഉപസ്ഥാപനമായ എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി (NTPC Green) 10,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പനയ്‌ക്കൊരുങ്ങുന്നു (IPO). ഇതിനുള്ള നടപടിക്രമങ്ങള്‍ക്കായി നാല് നിക്ഷേപക ബാങ്കുകളെ കമ്പനി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സൂചനകള്‍. ഐ.ഡി.ബി.ഐ കാപ്പിറ്റല്‍ മാര്‍ക്കറ്റ് ആന്‍ഡ് സെക്യൂരിറ്റീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ്, നുവമ വെല്‍ത്ത് മാനേജ്‌മെന്റ് എന്നിവയെയാണ് തിരഞ്ഞെടുത്തത്. അതേസമയം, ഇത് സംബന്ധിച്ച് എന്‍.ടി.പി.സിയോ ബാങ്കുകളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2022 മേയിലായിരുന്നു എല്‍.ഐ.സിയുടെ 21,000 കോടി രൂപയുടെ ഐ.പി.ഒ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയായിരുന്നു അത്. ഇതിനുശേഷം ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒയായിരിക്കും എന്‍.ടി.പി.സി ഗ്രീനിന്റേത്.
ലക്ഷ്യം പുതിയ പദ്ധതികള്‍ക്കുള്ള പണം
2022 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിയുടെ സൗരോര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍ തുടങ്ങിയവയിലെ പുതിയ പദ്ധതികള്‍ക്കുള്ള മൂലധനം ഉറപ്പാക്കുകയാവും ഐ.പി.ഒയുടെ മുഖ്യ ലക്ഷ്യം. നടപ്പുവര്‍ഷം (2024-25) തന്നെ ഐ.പി.ഒ പ്രതീക്ഷിക്കാം. മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (IREDA) കഴിഞ്ഞ നവംബറില്‍ 2,150 കോടി രൂപയുടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine