Begin typing your search above and press return to search.
ബൈബാക്ക് ഓഫറുമായി നൂക്ലിയസ് സോഫ്റ്റ്‌വെയര്‍, തിരിച്ചുവാങ്ങുന്നത് 22.67 ലക്ഷം ഓഹരികള്‍
നിക്ഷേപകരില്‍നിന്ന് ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിന് ബൈബാക്ക് ഓഫറുമായി നൂക്ലിയസ് സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ട്. ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് ആനുപാതികമായി ഓഹരികള്‍ തിരികെ വാങ്ങാനുള്ള തീരുമാനം സെപ്റ്റംബര്‍ 24 ന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായി കമ്പനി വ്യക്തമാക്കി. നടപടിക്രമങ്ങള്‍, സമയപരിധികള്‍, മറ്റ് ആവശ്യമായ വിശദാംശങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പുറത്തുവിടുമെന്നും കമ്പനി എക്‌സ്‌ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് പ്രൊഫഷണല്‍സ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ബൈബാക്ക് ഓഫറിനായി നൂക്ലിയസ് സോഫ്റ്റ്‌വെയര്‍ തെരഞ്ഞെടുത്തിട്ടുള്ളത്.
ബൈബാക്ക് ഓഫറിലൂടെ 10 രൂപ മുഖവിലയുള്ള 22,67,400 ഇക്വിറ്റി ഓഹരികളാണ് 700 രൂപ നിരക്കില്‍ തിരികെ വാങ്ങുന്നത്. ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 7.81 ശതമാനത്തോളം വരും. 1,58,71,80,000 രൂപയാണ് ഓഹരികള്‍ തിരികെ വാങ്ങുന്നതിനായി ചെലവഴിക്കുക. ഓഹരികളുടെ വിതരണം കുറയ്ക്കുന്നതിലൂടെ ഒരു സ്റ്റോക്കിന്റെ മൂല്യത്തിലെ ഇടിവ് തടയുക എന്നതാണ് ബൈബാക്ക് ഓഫറുകളുടെ പ്രധാനലക്ഷ്യം.
ഗ്ലോബല്‍ ഫിനാന്‍സിംഗ് രംഗത്തെ ബാങ്കിംഗ് സൊല്യൂഷനുകളുടെ മുന്‍നിര ദാതാവാണ് ന്യൂക്ലിയസ് സോഫ്‌റ്റ്വെയര്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ അറ്റദായത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 83 ശതമാനം വര്‍ധനവാണ് കമ്പനി നേടിയത്. മുന്‍കാലയളവിനേക്കാള്‍ അറ്റദായം 78 ശതമാനം വര്‍ധിച്ച് ആറ് കോടി രൂപയും രേഖപ്പെടുത്തി. 600.50 രൂപയാണ് നൂക്ലിയസ് സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ടിന്റെ ഇന്നത്തെ (27-08-2021) ഓഹരി വില.
Next Story
Videos