ചരിത്ര നേട്ടത്തില്‍ എന്‍വീഡിയ! വിപണി മൂല്യം 4 ലക്ഷം കോടി ഡോളര്‍, ഇന്ത്യന്‍ ജി.ഡി.പിയ്ക്ക് തൊട്ടരികെ, ആസ്തിയില്‍ കുതിച്ച് ജെന്‍സെന്‍ ഹാങ്‌

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 ശതമാനവും 2025ല്‍ ഇതുവരെ 18 ശതമാനവുമാണ് എന്‍വീഡിയ ഓഹരിയുടെ മുന്നേറ്റം
Nvidia headquarters
Image Courtesy: nvidia.com
Published on

യു.എസ് ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വീഡിയ കോര്‍പ്പറേഷന്‍ ചരിത്രത്തിലാദ്യമായി നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം പിന്നിടുന്ന ആദ്യ കമ്പനിയായി. ഇന്നലെ ഓഹരി വില 2.5 ശതമാനം ഉയര്‍ന്ന് 164 ഡോളറില്‍ എത്തിയതോടെയാണ് ഈ നാഴികക്കല്ല് സ്വന്തമാക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 ശതമാനവും 2025ല്‍ ഇതുവരെ 18 ശതമാനവുമാണ് എന്‍വീഡിയ ഓഹരി വില മുന്നേറിയത്. നാസ്ഡാക് സൂചികയെയും മറികടന്നാണ് ഓഹരിയുടെ പ്രകടനം.

ബുധനാഴ്ച എന്‍വീഡിയ പിന്തുണയ്ക്കുന്ന പെര്‍പ്ലെക്‌സിറ്റി എ.ഐ നിര്‍മിത ബുദ്ധി അധിഷ്ഠിത വെബ് ബ്രൗസര്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ഓഹരിയുടെ മുന്നേറ്റം.

അതിവേഗ പ്രയാണം

ആഗോള വമ്പന്‍മാരായ മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും മറികടന്നാണ് എന്‍വീഡിയയുടെ മുന്നേറ്റം. എന്‍വീഡിയയേക്കാള്‍ മുന്‍പ് മൂന്ന് ലക്ഷം കോടി വിപണി മൂല്യം തൊട്ട കമ്പനികളാണ് ഇവ രണ്ടും. നിലവില്‍ മൈക്രോസോഫ്റ്റിന് 3.7 ലക്ഷം കോടിയും ആപ്പിളിന് 3.1 ലക്ഷം കോടിയുമാണ് വിപണിമൂല്യം. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ എന്‍വീഡിയ ഓഹരി മൂല്യം 1.8 ശതമാനം ഇടിഞ്ഞ് 3.97 ലക്ഷം കോടിയിലെത്തിയിരുന്നു.

1993 ല്‍ കാലിഫോര്‍ണിയയില്‍ സ്ഥാപിതമായ എന്‍വീഡിയ 2024 ഫെബ്രുവരിയിലാണ് രണ്ട് ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം പിന്നിടുന്നത്. ആ വര്‍ഷം ജൂണില്‍ മൂന്ന് ലക്ഷം കോടി ഡോളര്‍ എന്ന നേട്ടത്തിലുമെത്തി.

2022ല്‍ ചാറ്റ് ജി.പി.റ്റി അവതരിപ്പിച്ചതിനു ശേഷം എ.ഐ ഹാര്‍ഡ് വെയറുകള്‍ക്കും ചിപ്പുകള്‍ക്കുമുള്ള ഉയര്‍ന്ന ആവശ്യമാണ് എന്‍വീഡിയയ്ക്ക് കരുത്തു പകര്‍ന്നത്. വലിയ ഭാഷാ മോഡലുകള്‍ക്ക് ശക്തി പകരുന്ന ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക സ്ഥാനം നേടിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരികള്‍ പതിനഞ്ച് മടങ്ങ് വര്‍ധിച്ചതിനു കാരണവും ഉയര്‍ന്ന ഡിമാന്‍ഡാണ്.

അതേസമയം ഈ വര്‍ഷം ചൈനയുടെ ഡീപ്‌സീക്ക് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ഓഹരിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഏപ്രിലില്‍ ഓഹരി വില വളരെ താഴുകയും ചെയ്തു. ആ താഴ്ചയില്‍ നിന്ന് ഓഹരി വില പിന്നീട്‌ 74 ശതമാനം ഉയരുകയും ചെയ്തു.

ഇന്ത്യന്‍ ജി.ഡി.പിയ്ക്ക് തൊട്ടരികെ

ഇന്ത്യന്‍ ജി.ഡി.പിയ്ക്ക് തൊട്ടരികെ എത്തി നില്‍ക്കുകയാണ് എന്‍വീഡിയയുടെ വിപണിമൂല്യം ഇപ്പോള്‍.

ഓഹരി വില വെറും 5 ശതമാനം ഉയര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയേക്കാള്‍ മൂല്യമുള്ള കമ്പനിയായി എന്‍വീഡിയ മാറും.

ഐ.എം.എഫിന്റെ കണക്കനുസരിച്ച് 4.2 ലക്ഷം കോടിയാണ് ഇന്ത്യന്‍ ജി.ഡി.പി. 2025ന്റെ അവസാനത്തോടെ ഇത് 4.27 ലക്ഷം കോടി ഡോളറാകുമെന്നും കണക്കാക്കുന്നു. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ അധികം താമസിയാതെ ഈ നേട്ടവും എന്‍വീഡിയ സ്വന്തമാക്കും.

ആസ്തിയില്‍ കുതിച്ച് ജെന്‍സെന്‍ ഹാങ്‌

എന്‍വീഡിയ ചരിത്രം സൃഷ്ടിക്കുമ്പോള്‍ സഹസ്ഥാപകനും സി.ഇ.ഒയുമായ ജെന്‍സെന്‍ ഹാങ്ങിന്റെ ആസ്തിയും ഉയരുകയാണ്. നിലവില്‍ 140 ബില്യണ്‍ ഡോളര്‍ (11.9 ലക്ഷം കോടി രൂപ) ആണ് ആസ്തി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വര പട്ടികയനുസരിച്ച് ലോകത്തിലെ അതിസമ്പന്നരില്‍ 10-ാം സ്ഥാനത്താണ് 62 കാരനായ ജെന്‍സെന്‍. ഫോബ്‌സിന്റെ റിയല്‍ ടൈം റിച്ച് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്തും.

എന്‍വീഡിയയുടെ 3.5 ശതമാനം ഓഹരികളുമായി ഏറ്റവും വലിയ ഓഹരിയുടമയാണ് ജെന്‍സെന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടാണ് അദ്ദേഹത്തിന്റെ ആസ്തി ഉയര്‍ന്നത്. 2022ല്‍ ഫോബ്‌സിന്റെ കണക്ക് പ്രകാരം 20.6 ബില്യണ്‍ ഡോളര്‍ ( ഏകദേശം 1.76 ലക്ഷം കോടി രൂപ) ആയിരുന്നു ആസ്തി. 2023ല്‍ ഇത് 44 ബില്യണായും 2024ല്‍ 117 ബില്യണായും ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com