

സ്പിരിറ്റ് നിര്‍മാതാക്കളായ അലൈഡ് ബ്ലെന്‍ഡേഴ്‌സ് & ഡിസ്റ്റിലേഴ്‌സ് (Allied Blenders & Distillers) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) തയ്യാറെടുക്കുന്നു. ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് പേപ്പര്‍ (draft DRHP) കമ്പനി സെബിയ്ക്ക് സമര്‍പ്പിച്ചു. 2000 കോടി രൂപയാണ് ഐപിഒയിലൂടെ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ലക്ഷ്യമിടുന്നത്.
1000 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 1000 കോടിയുടെ ഓഹരികളുമാണ് അലൈഡ് ബ്ലെന്‍ഡേഴ്‌സ് വില്‍ക്കുന്നത്. കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ബീന കിഷോര്‍ 500 കോടിയുടെയും, രേഷം ഛാബ്രിയ ജിതേന്ദ്ര ഹേംദേവും നീഷാ കിഷോര്‍ ഛാബ്രിയയും 250 കോടിയുടെ വീതവും ഓഹരികള്‍ വില്‍ക്കും.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക വായ്പാ തിരിച്ചടവിനാവും കമ്പനി ഉപയോഗിക്കുക. ഓഫീസേഴ്സ് ചോയ്സ്, സ്റ്റെര്‍ലിംഗ് റിസര്‍വ്, ജോളി റോജർ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ നിര്‍മിക്കുന്ന അലൈഡ് ബ്ലെന്‍ഡേഴ്സ് ഏറ്റവും വലിയ ഇന്ത്യന്‍ സ്പിരിറ്റ് കമ്പനിയാണ്.
29 രാജ്യങ്ങളില്‍ ഇവര്‍ മദ്യം വില്‍ക്കുന്നുണ്ട്. ഒമ്പത് ബോട്ടിലിംഗ് യൂണിറ്റുകളും ഒരു ഡിസ്റ്റിലിംഗ് കേന്ദ്രവും 20-ലധികം ഔട്ട്സോഴ്സ്ഡ് നിര്‍മാണ സൈറ്റുകളും കമ്പനിക്കുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ഇക്വിറസ് ക്യാപിറ്റല്‍ എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.
Read DhanamOnline in English
Subscribe to Dhanam Magazine