ബോണസ് ഓഹരിയും ഡിവിഡന്റ് യീല്‍ഡും എന്ത്?

എന്താണ് ബോണസ് ഓഹരി? എപ്പോഴാണ് ഒരു കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്?

ഒരു കമ്പനി അതിന്റെ നിലവിലെ ഓഹരി ഉടമകള്‍ക്ക് അവര്‍ കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി സൗജന്യമായി നല്‍കുന്ന അധിക ഓഹരികളെയാണ് ബോണസ് ഓഹരി എന്ന് പറയുന്നത്. ഇതുവരെ ലാഭവിഹിതമായി വിതരണം ചെയ്യാത്തതും ഉയര്‍ന്ന ലാഭം അടിസ്ഥാനമാക്കിയുള്ളതുമാണ് ബോണസ് ഓഹരികള്‍.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് ബോണസ് ഓഹരി വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നത്. ഇത് പൊതുയോഗത്തില്‍ ഓഹരി ഉടമകള്‍ അംഗീകരിക്കുകയും വേണം. നിലവിലെ ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായിരിക്കും ബോണസ് ഓഹരി. ഉദാഹരണത്തിന്, ഒരു നിക്ഷേപകന്റെ പക്കല്‍ 100 ഓഹരികള്‍ ഉണ്ടെന്നിരിക്കട്ടെ. കമ്പനി 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചെന്നും കരുതുക. അപ്പോള്‍ അദ്ദേഹത്തിന് ഒന്നിനൊന്ന് വീതം 100 ഓഹരികള്‍ അധികമായി ലഭിക്കും. അതോടെ, അദ്ദേഹത്തിന്റെ കൈവശമുള്ള മൊത്തം ഓഹരികള്‍ 200 ആയി ഉയരും.
കമ്പനിയുടെ നിലവിലുള്ള (Outstanding) ഓഹരികളുടെ എണ്ണം കൂട്ടുകയും ഓഹരിവില എല്ലാവര്‍ക്കും വാങ്ങാനാകുംവിധം നിജപ്പെടുത്തുകയുമാണ് (Affordable) ബോണസ് ഓഹരി വിതരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു കമ്പനിക്ക് 100 രൂപ മൂല്യമുണ്ടെന്നിരിക്കട്ടെ. കമ്പനിക്കുള്ളത് 100 ഓഹരികളും. അതായത്, ഓഹരി ഒന്നിന് വില ഒരു രൂപ. ഇവിടെ ബോണസ് ഓഹരി വിതരണം ചെയ്യുന്നതിലൂടെ കമ്പനിയുടെ മൂല്യത്തില്‍ മാറ്റമുണ്ടാകുന്നില്ല. എന്നാല്‍, ഓഹരികളുടെ എണ്ണം ഇരട്ടിയാകും. ഇതിന് അനുസരിച്ച് ക്രമീകരിച്ച് ഓഹരിവില പാതിയുമാകും. അതായത്, ഇവിടെ ഓഹരിവില നേരെ പാതിയാകുന്നു; 50 പൈസ. ഫലത്തില്‍ ഓഹരികള്‍ വാങ്ങാന്‍ ചെലവ് കുറയും.
ഇത് ആ കമ്പനിയുടെ ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കും. മാത്രമല്ല, കമ്പനിയുടെ സാമ്പത്തികസ്ഥിതി ഏറെ മെച്ചമാണെന്ന പോസിറ്റീവ് സൂചനയും നിക്ഷേപര്‍ക്ക് നല്‍കും. നിക്ഷേപകര്‍ക്ക് കമ്പനിയിന്മേലുള്ള വിശ്വാസം കൂടാനും ഇത് സഹായിക്കും.
കമ്പനി നിശ്ചയിക്കുന്ന തീയതിയിലായിരിക്കും (റെക്കോഡ് ഡേറ്റ്/Record Date) ബോണസ് ഓഹരി വിതരണം. ബോണസ് ഓഹരി നല്‍കുമെന്ന പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏതാനും ആഴ്ചയ്ക്കുള്ളിലായിരിക്കും റെക്കോഡ് ഡേറ്റ്. ആരൊക്കെയാണ് ബോണസ് ഓഹരിക്ക് അര്‍ഹരെന്ന് കണ്ടെത്താനുള്ളതാണ് ഈ ഇടവേള. റെക്കോഡ് തീയതി മുതല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഓഹരി ഉടമകളുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് ബോണസ് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
എന്താണ് ലാഭവിഹിതം?
ഒരു കമ്പനി അതിന്റെ ലാഭത്തില്‍ (Profit or Retained Earnings) നിന്നൊരു വിഹിതം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കുന്നതാണ് ലാഭവിഹിതം (Dividend). കമ്പനികള്‍ ത്രൈമാസത്തിലോ വാര്‍ഷികത്തിലോ ഡിവിഡന്റ് പ്രഖ്യാപിക്കാറുണ്ട്. ഒറ്റത്തവണ ഡിവിഡന്റ് (One-time Dividend) പ്രഖ്യാപിക്കുന്ന കമ്പനികളുമുണ്ട്.
ഓഹരി നിക്ഷേപകര്‍ക്ക് അവര്‍ കൈവശം വച്ചിട്ടുള്ള ഓഹരികള്‍ക്ക് ആനുപാതികമായാണ് ലാഭവിഹിതവും ലഭിക്കുക. ഓഹരി നിക്ഷേപകര്‍ക്ക് അവര്‍ നടത്തിയ നിക്ഷേപത്തിന്മേലുള്ള നേട്ടമായി ഡിവിഡന്റിനെ കാണാം. കമ്പനിക്കാകട്ടെ, ഇത് ലാഭം ഓഹരി നിക്ഷേപകരുമായി പങ്കുവയ്ക്കാനുള്ള അവസരവുമാണ്.
ഡിവിഡന്റ് ശതമാനവും ഡിവിഡന്റ് യീല്‍ഡും തമ്മില്‍ എന്താണ് വ്യത്യാസം?
ഡിവിഡന്റ് യീല്‍ഡ് (Dividend Yield) എന്നത് കമ്പനിയുടെ ഓരോ ഓഹരിക്കുമുള്ള വാര്‍ഷിക ഡിവിഡന്റിനെ നിലവിലെ ഓഹരി വിലകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന തുക ശതമാനത്തില്‍ സൂചിപ്പിക്കുന്നതാണ്. ഒരു ഉദാഹരണം നോക്കാം: ഒരു കമ്പനി ഓഹരിയൊന്നിന് 5 രൂപ വീതം വാര്‍ഷിക ലാഭവിഹിതം പ്രഖ്യാപിക്കുന്നു. നിലവിലെ ഓഹരിവില 100 രൂപയാണ്. അപ്പോള്‍ ഡിവിഡന്റ് യീല്‍ഡ് = 5/100. അതായത് 5 ശതമാനം.
ഡിവിഡന്റ് ശതമാനമെന്നത് (Dividend Percentage) കമ്പനിയുടെ ഓഹരികളുടെ മുഖവിലയ്ക്ക് അനുസൃതമായി നല്‍കുന്ന ലാഭവിഹിതമാണ്. ഉദാഹരണത്തിന്, പത്ത് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചാല്‍ ഡിവിഡന്റ് പേഴ്‌സന്റേജ് 50 ശതമാനമായിരിക്കും.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it