ഒടുവില്‍ ഓലയും ഓഹരി വിപണിയിലേക്ക്; ഐ.പി.ഒയില്‍ ലക്ഷ്യം ₹5,500 കോടി

കാത്തിരിപ്പിന് കടിഞ്ഞാണിട്ട് ഒടുവില്‍ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഓലയും ഓഹരി വിപണിയിലേക്ക്. ഇതിനായുള്ള പ്രാരംഭ ഓഹരി വില്‍പനയ്ക്കായി (IPO) ഓല ഇലക്ട്രിക് അപേക്ഷ (DRHP) സെബിക്ക് സമര്‍പ്പിച്ചു.

പുതിയ ഓഹരികളിലൂടെ (Fresh Issue) 5,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിലവിലെ ഓഹരി ഉടമകളുടെ ഓഹരി വില്‍ക്കുന്ന ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി 9.5 കോടി ഓഹരികളും വില്‍ക്കും. സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ 4.74 കോടി ഓഹരികളാണ് ഒ.എഫ്.എസില്‍ വില്‍ക്കുക. 10 രൂപ മുഖവിലയുള്ളതാണ് ഓഹരികള്‍.

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്ന ആദ്യ ഇ.വി കമ്പനിയാണ് ഓല. 2023ല്‍ നടന്ന എല്ലാ ഐ.പി.ഒയേക്കാളും വലിയ സമാഹരണമാണ് ഓല ഉദ്ദേശിക്കുന്നത്. മൊത്തം ഐ.പി.ഒയുടെ 75 ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും (QIBs) 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും (NIIs) 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കുമായി വകയിരിത്തും.

₹1,600 കോടി ജിഗാഫാക്ടറിക്കായി

2024 ഓടെ 700-800 കോടി ഡോളര്‍ (ഏകദേശം 65,000-75,000 കോടി രൂപ) മൂല്യമുള്ള കമ്പനിയായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ പൊതുവായ ആവശ്യങ്ങള്‍ക്കും ഉത്പന്ന വികകസനം, വായ്പാ തിരിച്ചടവ്, സബ്‌സിഡിയറികള്‍ക്ക് കടം നല്‍കല്‍, മൂലധന ചെലവുകള്‍, ഓല ജിഗാഫാക്ടറി പദ്ധതി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

1,226.4 കോടി രൂപയാണ് ഓല സെല്‍ ടെക്‌നോളജീസ് ജിഗാഫാക്ടറി പദ്ധതിയ്ക്കായി നീക്കിവയ്ക്കുന്നത്. 1,600 കോടി രൂപ ആര്‍ ആന്‍ഡ് ഡിക്കും നീക്കി വയ്ക്കും.

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് 2017ല്‍ കടന്നു വന്ന ഓല ഇലക്ട്രിക്കിന് രാജ്യത്തെ രണ്ട് പി.എല്‍.ഐ പദ്ധതികളില്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഓട്ടോമോട്ടീവ് ടെക്‌നോളജി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഓട്ടോമൊബൈല്‍ പി.എല്‍.ഐ സ്‌കീം, വാഹനങ്ങള്‍ക്കാവശ്യമായ ബാറ്ററികള്‍ നിര്‍മിക്കുന്ന സെല്‍ പി.എല്‍.ഐ സ്‌കീം എന്നിവയാണിവ.

വരുമാനം കൂടി നഷ്ടവും

ഇലക്ട്രിക് ടൂവീല്‍ വില്‍പ്പനയില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയിലുള്ള കമ്പനിയാണ് ഓല ഇലക്ട്രിക്. 32 ശതമാനം വിപണി പങ്കാളിത്തവുമായി നിലവിലുള്ള കമ്പനികള്‍ക്ക് വന്‍ വെല്ലുവിളിയാണ് ഓല ഉയര്‍ത്തുന്നത്.

ഓലയുടെ വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് മടങ്ങ് വര്‍ധിച്ച് 2,630.93 കോടി രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷമിത് 373.42 കോടിയായിരുന്നു. എന്നാല്‍ കമ്പനിയുടെ നഷ്ടം ഇക്കാലയളിവില്‍ 1,472 കോടി രൂപയായും ഉയർന്നിട്ടുണ്ട്.

2021ലാണ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത്. നിലവില്‍ ഓല എസ്1 എക്‌സ്, എസ്1 പ്രോ, എസ്1 എയര്‍ എന്നീ മൂന്ന് മോഡലുകള്‍ കമ്പനിക്കുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it