ഓല എത്തുന്നു ഓഹരി വിപണിയിലേക്ക്, ലക്ഷ്യം ₹7,250 കോടി സമാഹരിക്കാന്‍

ഇരുചക്ര ഇലക്ട്രിക് വാഹന മേഖലയില്‍ നിന്ന് ആദ്യമായൊരു കമ്പനി ഓഹരി വിപണിയിലേക്കെത്തുന്നു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളിൽ പ്രമുഖരായ ഓല ഇലക്ട്രിക്കിന് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബിയുടെ അനുമതി ലഭിച്ചു. 7,250 കോടി രൂപയാണ് ഓല ഇലക്ട്രിക് ഐ.പി.ഒ വിപണിയില്‍ നിന്ന് സമാഹരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് അനുമതി തേടി ഓല ഇലക്ട്രിക് സെബിയെ സമീപിച്ചത്.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി 5,500 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി 1,750 കോടി രൂപയുടെ ഓഹരികളുമാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. നിലവിലുള്ള ഓഹരിയുടമകള്‍ 9.51 കോടി ഓഹരികള്‍ വിറ്റഴിക്കും. ഓല ഇലക്ട്രിക്കിന്റെ സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ 4.73 കോടി ഓഹരികള്‍ വില്‍ക്കും. കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ആല്‍ഫവേവ്, ആല്‍പ്പിന്‍, ഡി.ഐ.ജി ഇന്‍വെസ്റ്റ്‌മെന്റ്, മാട്രിക്‌സ് എന്നിവയും മറ്റ് ഓഹരി ഉടമകളും ചേര്‍ന്ന് 4.78 കോടിയുടെ ഓഹരികളും വിറ്റഴിക്കും.
ഐ.പി.ഐയ്ക്ക് മുമ്പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 1,100 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. അത് നടന്നാല്‍ ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക 6,150 കോടി രൂപയായി കുറയും.
ഗവേഷണ വികസനത്തിന്
കമ്പനിയുടെ കടം തിരിച്ചടയ്ക്കാനും മൂലധന ചെലവുകള്‍ക്കും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായാകും ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം വിനിയോഗക്കുക. മൂലധന ചെലവിനായി 1,266 കോടി രൂപയും കടം തിരിച്ചടയ്ക്കാനായി 800 കോടി രൂപയുമാണ് വകയിരുത്തുന്നത്. 1,600 കോടി രൂപ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായും ചെലവിടും.
ഇരുചക്ര വാഹന വിപണിയില്‍ 52 ശതമാനം വിപണി പങ്കാളിത്തമാണ് ഓല ഇലക്ട്രിക്കിനുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഓലയുടെ വരുമാനം 2,782 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 510 ശതമാനം വര്‍ധിച്ചു. എന്നാല്‍ കമ്പനിയുടെ നഷ്ടം 1,472 കോടി രൂപയായി വര്‍ധിക്കുകയുംചെയ്തു.
ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തക്ക് 2017ല്‍ കടന്നു വന്ന ഓല ഇലക്ട്രിക്കിന് രാജ്യത്തെ രണ്ട് പി.എല്‍.ഐ പദ്ധതികളില്‍ അനുമതി ലഭിച്ചിട്ടുണ്ട്. 2021ലാണ് ഓല ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത്. നിലവില്‍ ഓല എസ്1 എക്‌സ്, എസ്1 പ്രോ, എസ്1 എയര്‍ എന്നീ മൂന്ന് മോഡലുകള്‍ കമ്പനിക്കുണ്ട്. പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുകളനുസരിച്ച് 34,000 വാഹനങ്ങളാണ് ഒരു മാസം വിറ്റഴിക്കുന്നത്.

Related Articles

Next Story

Videos

Share it