പണിപറ്റിച്ചത് ഹ്യുണ്ടായിയോ? മൂക്ക് കുത്തി ഓല ഇലക്ട്രിക്ക്, ആറ് മാസംകൊണ്ട് ഓഹരികള്‍ 50% താഴെ

ഓഹരിയില്‍ ഒറ്റയടിക്ക് 735 കോടിയുടെ ഇടപാട്
Bhavish Aggarwal, the founder of Ola Electric
Bhavish Aggarwal /Image Courtesy: Insta
Published on

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ഓഹരികള്‍ ഇന്ന് ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 731 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ നടന്നതാണ് ഓഹരിയെ വീഴ്ത്തിയത്.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള ഡാറ്റ പ്രകാരം കമ്പനിയുടെ 14.22 കോടി ഓഹരികളാണ് ബ്ലോക്ക് ഡീല്‍ വഴി ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ മൊത്തം ഓഹരികളുടെ 3.23 ശതമാനം വരുമിത്.

വിറ്റൊഴിഞ്ഞത് ഹ്യുണ്ടായ്‌

ആരാണ് ഇടപാട് നടത്തിയതെന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനിയാണ് വില്‍പ്പനക്കാര്‍ എന്നാണ്‌ സി.എന്‍.ബി.സി -ടി.വി 18 ചില ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓഹരിക്ക് ശരാശരി 51.4 രൂപ കണക്കാക്കി, അതായത് ഓഹരിയുടെ ഇന്നലത്തെ ക്ലോസിംഗ്‌ വിലയേക്കാള്‍ (53.68 രൂപ) താഴ്ന്ന വിലയിലായിരുന്നു വ്യാപാരം.

മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പ്രകാരം ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക് ഓല ഇലക്ട്രിക് മൊബിലിറ്റിയില്‍ 2.47 ശതമാനം ഓഹരികളാണ് ഉള്ളത്.

നഷ്ടം കൂടി

2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഓല 870 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ 416 കോടി രൂപയില്‍ നിന്ന് നഷ്ടം ഇരട്ടിയിലധികം വര്‍ധിച്ചു. വില്‍പ്പന കുത്തനെ കുറഞ്ഞതും ഉയര്‍ന്ന ഡിസ്‌കൗണ്ടുമാണ് നഷ്ടത്തിലേക്ക് നയിച്ചത്. കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 611 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ 1,598 കോടി രൂപയില്‍ നിന്നാണ് വരുമാത്തിലെ ഈ ഇടിവ്.

അവലോകന പാദത്തില്‍ ഇലക്ട്രിക് വാഹന വില്‍പ്പന52 ശതമാനം ഇടിഞ്ഞ് 56,760 യൂണിറ്റിലേക്ക് എത്തി. വിതരണം ചെയ്ത വാഹനങ്ങളുടെ എണ്ണവും നേര്‍പകുതിയായി. 51,1375 യൂണിറ്റുകള്‍. ഈ വര്‍ഷം കമ്പനിയെ ലാഭക്ഷമതയിലേക്ക് എത്തിക്കാനാകുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

ബ്രോക്കറേജ് സ്ഥാപനമായ കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ഓലഇലക്ട്രിക്കിന്റെ ലക്ഷ്യവില 50 രൂപയില്‍ നിന്ന് 30 രൂപയായി കുറച്ചിരുന്നു. നിലവില്‍ ഓഹരി വിറ്റ് ഒഴിയാനാണ് നിക്ഷേപകര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ ഏഴ് ശതമാനത്തിനടുത്ത്‌ ഇടിഞ്ഞ് 49.90 രൂപയിലാണ് ഓഹരിയുടെ വ്യാപാരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com