സമയത്ത് ഡെലിവറി ചെയ്തില്ല, ₹10,000 കോടിയുടെ ഓര്‍ഡര്‍ റദ്ദാക്കി ഗതാഗത മന്ത്രി, ഇലക്ട്രിക് ബസ് ഓഹരി മൂക്കുകുത്തിയത് 14%

5,500 ബസുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്
electric bus
canva
Published on

കൃത്യ സമയത്ത് ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഒലെക്ട്ര ഗ്രീന്‍ടെക്കിന് നല്‍കിയ ഓര്‍ഡറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക്. തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില ഇന്ന് ഒറ്റയടിക്ക് 14 ശതമാനം വരെ ഇടിഞ്ഞു. പിന്നീട് നഷ്ടം കുറച്ചെങ്കിലും വ്യാപാരാന്ത്യത്തില്‍ ഏഴ് ശതമാനത്തോളം താഴ്ന്ന് 1,256 രൂപയിലാണ് ഓഹരിയുള്ളത്‌.

എക്‌സിലൂടെ മന്ത്രിയുടെ വെളിപ്പെടുത്തല്‍

ഒലെക്ട്ര ഗ്രീന്‍ടെക്കിന്റെ പേര് പരാമര്‍ശിക്കാതെ മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇലക്ട്രിക് ബസ് കമ്പനിയുടെ ഓര്‍ഡറുകള്‍ റദ്ദാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി അറിയിച്ചത്. 5,510 വാടക ബസുകള്‍ക്കായാണ് മഹാരാഷ്ട്ര ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ കമ്പനി അത് ഡെലിവറി ചെയ്തില്ല. തുടര്‍ന്ന് ഇന്നലെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (MSRTC) ആസ്ഥാനത്ത് നടന്ന മീറ്റിംഗിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. പുതിയ ടെന്‍ഡര്‍ ഉടന്‍ നല്‍കുമെന്നും മന്ത്രി വ്യക്തിമാക്കി.

ആയിരം ഇലക്ട്രിക് ബസുകള്‍ സപ്ലൈ ചെയ്യാനായി മേയ് 22വരെ സമയം നീട്ടി നല്‍കിയിട്ടും ഒരു ബസുപോലും നല്‍കാന്‍ കമ്പനിയ്ക്കായില്ലെന്നും ഭാവിയില്‍ ബാക്കിയുള്ള ബസുകള്‍ വിതരണം ചെയ്യുന്നതിലും മുടക്കം വരുത്തുമോ എന്ന ആശങ്കയിലാണ് മുഴവന്‍ ഓര്‍ഡറുകളും റദ്ദാക്കാന്‍ ഉത്തരവിട്ടതെന്നും മന്ത്രി പറയുന്നു.

ഒലെക്ട്രയുടെ വിശദീകരണം ഇങ്ങനെ

അതേസമയം, എം.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡറുകള്‍ നടപ്പാക്കാനായി എവേ ട്രാന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി പ്രത്യേക കമ്പനിയ്ക്ക്(Special Purpose Vehicle /SPV)) രൂപം കൊടുത്തിരുന്നതായാണ് ഒലെക്ട്ര വ്യക്തമാക്കുന്നത്. ഈ പ്രത്യേക കമ്പനിയില്‍ ഒലെക്ട്ര ഗ്രീന്‍ടെക്കിന് ഒരു ശതമാനം ഓഹരി വിഹിതം മാത്രമാണ് ഉള്ളത്. 99 ശതമാനം ഓഹരിയും എവേയ്ക്കാണ്. ഓര്‍ഡറുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എസ്.പി.വിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഒലെക്ട്ര വ്യക്തമാക്കുന്നു.

എക്കാലത്തെയും ഉയരത്തില്‍ നിന്ന് 40% താഴെ ഓഹരി

2023 ജൂലൈ ഏഴിനാണ് ഒലെക്ട്ര ഗ്രീന്‍ടെക്ക് എവേ ട്രാന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി കണ്‍സോര്‍ഷ്യം പ്രഖ്യാപിക്കുന്നത്. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുവേണ്ടി 5,150 ഇലക്ട്രിക് വാഹനങ്ങള്‍ സപ്ലൈ ചെയ്യാനായി 10,000 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. 12 വര്‍ഷമായിരുന്നു കോണ്‍ട്രാക് കാലാവധി.

ഇതുപ്രകാരം എവേ, ഒലെക്ട്ര ഗ്രീന്‍ടെക്കില്‍ നിന്ന് വാഹനങ്ങള്‍ സംഭരിച്ച് എം.എസ്.ആര്‍.ടി.സിക്ക് അടുത്ത 24 മാസത്തിനുള്ളില്‍ (അതായത് ജൂലൈ 25 ഓടെ) കൈമാറേണ്ടതായിരുന്നു. ഈ കോണ്‍ട്രാക്ട് കാലാവധിയില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് മാത്രമായിരുന്നു ഒലെക്ട്രയുടെ ചുമതല. അന്ന് ഓര്‍ഡര്‍ പ്രഖ്യാപനത്തിനു ശേഷം ഓഹരി വില 20 ശതമാനം വരെ കുതിച്ചിരുന്നു.

2023 ജൂലൈയ്ക്കും 2025 ഫെബ്രുവരിയ്ക്കുമിടയില്‍ ഒലെക്ട്രയുടെ ഓഹരി വില ഇരട്ടിയാകുകയും 2,200 രൂപയെന്ന എക്കാലത്തെയും റെക്കോഡിലെത്തുകയും ചെയ്തു. എന്നാല്‍ ആ വിലയില്‍ നിന്നും 40 ശതമാനത്തോളം താഴെയാണ് ഇപ്പോള്‍ ഓഹരി വില.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com