ഓണത്തിന് നിക്ഷേപിക്കാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന 5 ഓഹരികള്‍

വളര്‍ന്നുവരുന്ന പുതിയ സാമ്പത്തിക മഹാശക്തിയാണ് ഇന്ത്യ. യുദ്ധം, പകര്‍ച്ചവ്യാധികള്‍, പണപ്പെരുപ്പം, ചരക്കുനീക്ക തടസങ്ങള്‍ തുടങ്ങിയവയാല്‍ പ്രക്ഷുബ്ധമായ ലോകത്ത് ഇന്ത്യ പ്രത്യാശയുടെ വെളിച്ചമായി ഉയരുകയാണ്, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ചൈന സാമ്പത്തിക വന്‍ശക്തി ആയി ഉയര്‍ന്നുവന്നതുപോലെ. ലോകമെമ്പാടു നിന്നും മൂലധനം എത്തിച്ചേരുന്ന ഇടമായി നമ്മുടെ ഓഹരി വിപണിയും ശക്തമായി വളര്‍ന്നിരിക്കുന്നു. ജൂലൈയില്‍ നിഫ്റ്റി 20,000ത്തിന് തൊട്ടടുത്തെത്തിയിരുന്നു. സമീപ ഭാവിയില്‍ തന്നെ സൂചിക 20,000 കടക്കുകയും പുതിയ ഉയരങ്ങള്‍ താണ്ടുകയും ചെയ്യും. (ഒരുപക്ഷെ നിങ്ങള്‍ ഇത് വായിക്കുമ്പോഴേക്കും മറികടന്നേക്കാം).

വീണ്ടും പ്രതീക്ഷയുടെ ഒരു ഓണക്കാലം കൂടി വന്നെത്തി. കഴിഞ്ഞ ഓണം മുതല്‍ ഉള്ള ഒരുവര്‍ഷം ഓഹരി വിപണി ഉയര്‍ന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. പ്രത്യേകിച്ചും സ്മോള്‍, മിഡ് ക്യാപ് വാല്യൂ നിക്ഷേപകര്‍ക്ക്.
ധനം 2022 ഓണം പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് നല്‍കിയത് 78% നേട്ടം
കഴിഞ്ഞ വര്‍ഷത്തെ ഓണം പോര്‍ട്ട് ഫോളിയോയില്‍ നിക്ഷേപിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. ഒരു വര്‍ഷത്തില്‍ ധനം 2022 ഓണം പോര്‍ട്ട്‌ഫോളിയോ നല്‍കിയത് 78% നേട്ടമാണ്. അതേസമയം നിഫ്റ്റി ഉയര്‍ന്നത് 10% മാത്രം.

ഓഹരി വിപണിയില്‍ നിക്ഷേപകരെ സംബന്ധിച്ച് ഇപ്പോള്‍ തൊട്ടതെല്ലാം പൊന്നാകുന്ന കാലമാണ്. വളരെ ജാഗ്രതയോടെയും വിവേകത്തോടെയും നിക്ഷേപിക്കേണ്ട സമയമാണ് ഇപ്പോള്‍. ആവേശകരമായ സമയം പലപ്പോഴും അബദ്ധങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍, നിങ്ങള്‍ വാങ്ങുന്നതും കൈവശം വെയ്ക്കുന്നതും എന്തെന്ന് നന്നായി ചിന്തിച്ച് യാഥാസ്ഥിതികമായി മാത്രം നിക്ഷേപിക്കുക.
ഈ ഓണത്തിനും നിങ്ങള്‍ക്കായി അഞ്ച് ഓഹരികള്‍ ഉള്‍പ്പെടുന്ന പോര്‍ട്ട്ഫോളിയോയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ഒന്നോ രണ്ടോ ഓഹരികള്‍ ചിലപ്പോള്‍ പെര്‍ഫോം ചെയ്തില്ലെന്നും വരാം. അതിനാല്‍ ഇതില്‍ നിന്ന് എന്തെങ്കിലുമൊക്കെ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിന് പകരം ഒരു പോര്‍ട്ട്ഫോളിയോ ആയി തന്നെ നിക്ഷേപിക്കാനാണ് നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്. എല്ലാവര്‍ക്കും ഓണാശംസകള്‍! ഓര്‍ക്കുക, ഈ ഓഹരികളില്‍ ഞങ്ങള്‍ക്ക്‌ നിക്ഷേപ താല്‍പ്പര്യങ്ങള്‍ ഉണ്ടാകും.
1. ഗതി ലിമിറ്റഡ് (Gati Ltd)
വില @150
എക്സ്പ്രസ് വിതരണത്തിലെ ഇന്ത്യയിലെ മുന്‍നിരക്കാരും രാജ്യത്തെ ഏറ്റവും വലിയ റോഡ് ചരക്കുനീക്ക കമ്പനികളിലൊന്നുമാണ് ഗതി ലിമിറ്റഡ്. 2020ല്‍ ആള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ് ഗതിയുടെ ഓഹരി ഏറ്റെടുക്കുകയും പ്രൊമോട്ടര്‍ ആകുകയും ചെയ്തു. അതിനു ശേഷം പ്രാധാന്യമില്ലാത്ത നഷ്ടമുണ്ടാക്കുന്ന ബിസിനസുകള്‍ ഒഴിവാക്കി പ്രധാന ബിസിനസായ എക്‌സ്പ്രസ് ഡിസ്ട്രിബ്യൂഷനിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു.പ രിചയ സമ്പന്നരും പ്രൊഫഷണലുമായ പുതിയ ടീമിന്റെ നിയന്ത്രണത്തില്‍ ഗതിക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാനും മേല്‍നോട്ടത്തിലെ പിഴവുകള്‍ മൂലം മുമ്പ് നഷ്ടമായ വിപണി വിഹിതം തിരിച്ചുപിടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. കൈകാര്യം ചെയ്യുന്ന ശേഷി ഇരട്ടിയാക്കി 2026 ഓടെ 3,000 കോടി രൂപ വരുമാനം നേടാനാണ് ഗതി ലക്ഷ്യമിടുന്നത്. അത് സാധ്യമായാല്‍ ഈ ഓഹരി മള്‍ട്ടിബാഗര്‍ ആകാനുള്ള സാധ്യതയുണ്ട്.
2. ബാമര്‍ ലാറി ആന്‍ഡ് കമ്പനി ലിമിറ്റഡ് (Balmer Lawrie & Company Limited)
വില @150
നിര്‍മാണ, സേവന മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് ബാമര്‍ ലാറി ആന്‍ഡ് കമ്പനി. ചരക്ക് കൈമാറ്റം, പ്രോജക്റ്റ് ലോജിസ്റ്റിക്‌സ്, തേഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് (3PL) എന്നിവ ഉള്‍പ്പെടുന്ന സേവനങ്ങളിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. കൂടാതെ ഇന്ത്യയിലെ വ്യാവസായിക പാക്കേജിംഗ് വിപണിയിലെ മുന്‍നിരക്കാരുമാണ്.
ബാല്‍മെറോള്‍ ബ്രാന്‍ഡിന് കീഴില്‍ ഗ്രീസുകളും ലൂബ്രിക്കന്റുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. കണ്ടെയ്‌നര്‍ ചരക്ക് സ്റ്റേഷനുകള്‍, വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍ എന്നിവയും നടത്തിവരുന്ന കമ്പനി, സമഗ്രമായ യാത്രാ സേവനങ്ങളും നല്‍കുന്നു. ലെതര്‍ കെമിക്കല്‍സ്, ഓയ്ല്‍ ഫീല്‍ഡ് സേവനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിക്ക് ചില മേഖലകളില്‍ വിപണിയില്‍ ആധിപത്യവുമുണ്ട്. വലിയ വളര്‍ച്ചാ ലക്ഷ്യങ്ങളുള്ള കമ്പനിക്ക് വന്‍ ഭൂ ആസ്തികളും അത്രതന്നെ പണ ആസ്തിയുമുണ്ട്. അതിനാല്‍ സുരക്ഷിതത്വത്തില്‍ (Margin of safety) കമ്പനി മുന്നിലാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യവല്‍ക്കരണ പ്രക്രിയ നിക്ഷേപകര്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ്.
3. ജൂബിലന്റ് ഇന്‍ഗ്രേവിയ ലിമിറ്റഡ് (Jubilant Ingrevia Ltd)
വില @433
ജൂബിലന്റ് ഭാരതീയ ഗ്രൂപ്പിന്റെ ഭാഗമാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ ലിമിറ്റഡ്. ജൂബിലന്റ് ലൈഫ് സയന്‍സസ് കമ്പനി വിഭജിച്ചാണ് സ്ഥാപനത്തിന് രൂപം കൊടുത്തത്. കെമിക്കല്‍ ഇന്റര്‍മീഡിയേറ്റ്സ്, സ്പെഷ്യാലിറ്റി കെമിക്കല്‍സ്, ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് സൊല്യൂഷന്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ കമ്പനിക്ക് കീഴിലുണ്ട്.
അസറ്റിക് അന്‍ഹൈഡ്രൈഡ്, ഇഥൈല്‍ അസറ്റേറ്റ്, സ്പെഷ്യാലിറ്റി എഥനോള്‍ തുടങ്ങിയ ബള്‍ക്ക് കെമിക്കലുകളാണ് കമ്പനിയുടെ കെമിക്കല്‍ ഇന്റര്‍മീഡിയേറ്റ്സ് വിഭാഗം നിര്‍മിക്കുന്നത്. അഗ്രോകെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയ്ക്ക് ആവശ്യമായ ചേരുവകള്‍ ആണ് സ്പെഷ്യാലിറ്റി കെമിക്കല്‍സ് ഡിവിഷനില്‍ വരുന്നത്. കൂടാതെ കസ്റ്റം ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓര്‍ഗനൈസേഷന്‍ (CDMO) വിഭാഗവുമുണ്ട്.
വിറ്റാമിന്‍ ബി 3, ബി 4, മൃഗങ്ങളുടെയും മനുഷ്യരുടെയും പോഷണത്തിനായുള്ള പ്രീമിക്‌സ് ഫോര്‍മുലേഷനുകള്‍ എന്നിവയാണ് ന്യൂട്രീഷന്‍ വിഭാഗം ഉല്‍പ്പാദിപ്പിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണിത്. 2025 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 2,200 കോടി രൂപയുടെ മൂലധന നിക്ഷേപ പദ്ധതികളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. ഇതില്‍ കൂടുതലും സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഡിവിഷനിലായിരിക്കും. നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ നിന്ന് പുറത്തുകടന്നു പുതിയ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കമ്പനിക്ക് സാധിക്കും എന്നാണ് പ്രതീക്ഷ.
4. ഹെമിസ്ഫിയര്‍ പ്രോപ്പര്‍ട്ടീസ് ഇന്ത്യ ലിമിറ്റഡ് (Hemisphere Properties India Ltd)

വില @109

2005ല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായി രൂപംകൊണ്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഹെമിസ്ഫിയര്‍ പ്രോപ്പര്‍ട്ടീസ് ഇന്ത്യ ലിമിറ്റഡ്. ഇപ്പോള്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ എന്നറിയപ്പെടുന്ന വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വി.എസ്.എന്‍.എല്‍) വിഭജിച്ചു മിച്ചഭൂമി വേര്‍തിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനിക്ക് രൂപംകൊടുക്കുന്നത്. 740 ഏക്കറോളം വരുന്ന ഭൂമി കമ്പനിയില്‍ ലയിപ്പിച്ചു. പൂനെ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി അഞ്ച് സ്ഥലങ്ങളില്‍ കമ്പനിക്ക് ഭൂ ആസ്തിയുണ്ട്.
ന്യൂഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള ഭൂമിയുടെ മാത്രം മൂല്യം 7,100 കോടി രൂപ വരും. കമ്പനിയുടെ കയ്യിലുള്ള മൊത്തം ഭൂമിയുടെ ആകെ ന്യായവില 10,000 കോടി രൂപയിലധികമാണ്.ഡാറ്റാ സെന്ററുകള്‍, വാണിജ്യ ഓഫീസ് സ്ഥലങ്ങള്‍, ഐ.ടി പാര്‍ക്കുകള്‍, റെസിഡന്‍ഷ്യല്‍ സോണുകള്‍ എന്നിവ നിര്‍മിച്ച് ഭൂമിയുടെ മൂല്യം പരമാവധി പ്രയോജനപ്പെടുത്താന്‍ കമ്പനി സജീവമായി ശ്രമിക്കുന്നു.
കമ്പനിയില്‍ 18 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം ടാറ്റ ഗ്രൂപ്പിനുണ്ട്. ടാറ്റ ഗ്രൂപ്പുമായുള്ള പ്രവര്‍ത്തന സമന്വയത്തിലൂടെ കമ്പനിയുടെ മൂല്യം ഉയര്‍ത്താന്‍ ശ്രമിക്കുന്നു. കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ മൂല്യത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തിന് താഴെ മാത്രം വിലയ്ക്ക് ട്രേഡ് ചെയ്യുന്ന ഈ ഓഹരി മികച്ചൊരു നിക്ഷേപമായിരിക്കും.
5. എച്ച്.ഐ.എല്‍ ലിമിറ്റഡ് (HIL Ltd)
വില @3166
165 വര്‍ഷത്തെ പാരമ്പര്യമുള്ള സി.കെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമാണ് എച്ച്.ഐ.എല്‍ ലിമിറ്റഡ്. ബില്‍ഡിംഗ് മെറ്റീരിയല്‍, കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയിലെ മുന്‍നിര കമ്പനിയായ എച്ച്.ഐ.എല്‍ ചാര്‍മിനാര്‍ എന്ന ബ്രാന്‍ഡില്‍ വിവിധ തരം റൂഫിംഗ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.ഈ വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡറാണ് കമ്പനി. കൂടാതെ ബിര്‍ള ഏയ്‌റോകോണ്‍ എന്ന ബ്രാന്‍ഡില്‍ എ.എ.സി ബ്ലോക്കുകള്‍, ഏയ്‌റോകോണ്‍ പാനലുകള്‍, ബോര്‍ഡുകള്‍ എന്നിവയും പുറത്തിറക്കുന്നു. പ്ലാസ്റ്റിക് പൈപ്പുകള്‍ക്കും പ്ലംബിംഗ് ഉല്‍പ്പന്നങ്ങള്‍ക്കുമായി പ്രത്യേക ഡിവിഷനും കമ്പനിക്കുണ്ട്. ബിര്‍ള എച്ച്.ഐ.എല്‍ പൈപ്പ് എന്ന ബ്രാന്‍ഡില്‍ സി.പി.വി.സി, യു.പി.വി.സി പൈപ്പുകളും ഫിറ്റിംഗുകളും പുറത്തിറക്കുന്നുണ്ട്. ബിര്‍ള എച്ച്.ഐ.എല്‍ പുട്ടി എന്ന ബ്രാന്‍ഡില്‍ പുട്ടികളും വില്‍പ്പനയ്‌ക്കെത്തിക്കുന്നു. ജര്‍മന്‍ കമ്പനിയായ പാരഡോര്‍ ഹോള്‍ഡിംഗിനെ 2018ല്‍ ഏറ്റെടുത്ത ശേഷം ഫ്‌ളോറിംഗ് മേഖലയിലേക്കും കമ്പനി കടന്നിരുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോളര്‍ (ഏകദേശം 8,200 കോടി രൂപ) വരുമാനവും ഇരട്ടയക്ക ശതമാനം EBITDAയും കൈവരിക്കാന്‍ ആകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതിന് സാധിച്ചാല്‍ ഓഹരി മള്‍ട്ടി-ബാഗര്‍ ആയി മാറും.

* ധനം 2023 ഓഗസ്റ്റ് 31 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വാങ്ങല്‍ നിര്‍ദേശം നല്‍കിയ ശേഷം ഓഹരി വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്.

(Equity investing is subject to market risk. Always do your own research or consult a financial expert before investing. Past performance is not an indicative of future returns)

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles
Next Story
Videos
Share it