

കലുഷിതമായ ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ പ്രതീക്ഷയുടെ ദീപസ്തംഭമായി തന്നെ തുടരുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പിന്തുണയില്‍ നമ്മുടെ ഓഹരി വിപണി കരുത്തോടെ മുന്നേറുന്നുണ്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി ഓഹരി വിപണിയിലേക്കുള്ള പ്രതിമാസ പണമൊഴുക്ക് ഇപ്പോള്‍ 23,000 കോടി കവിഞ്ഞിരിക്കുന്നു. നിക്ഷേപം എന്നാല്‍ ബാങ്ക് സ്ഥിര നിക്ഷേപം എന്ന പതിവ് ശൈലിയില്‍ നിന്ന് മാറി രാജ്യമെമ്പാടുമുള്ള നിക്ഷേപകര്‍ ഓഹരി നിക്ഷേപത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ഈ പ്രവണത ബാങ്കുകള്‍ക്ക് മതിയായ നിക്ഷേപം സമാഹരിക്കുന്നതിന് വിഘാതമാകുമെന്ന് റിസര്‍വ് ബാങ്ക് ആശങ്കപ്പെടുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ നിഫ്റ്റി 25,000 പോയിന്റ് മറികടന്നു. ലോകമെമ്പാടുമുള്ള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മൂലധന വിപണി മികച്ച പ്രകടനം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ബുള്‍ മാര്‍ക്കറ്റ് തരംഗം തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലേക്കാണ് കടന്നിരിക്കുന്നത്. ഇത് തുടരും എന്നാണ് സൂചനകള്‍. എന്നാല്‍ വിപണിയില്‍ എല്ലാം വളരെ നന്നായിരിക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതുണ്ട്. ഓര്‍ക്കുക, നേട്ട പ്രതീക്ഷയുടെ കാര്യത്തില്‍ അങ്ങേയറ്റം യാഥാസ്ഥിതികമനോഭാവം പുലര്‍ത്തേണ്ട, ഏത് ഓഹരി വാങ്ങണം, ഏത് കൈവശം വെക്കണം എന്നതിലെല്ലാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ട സമയം കൂടിയാണിത്. ഈ ഓണത്തിന് മൂന്ന് ഓഹരി പോര്‍ട്ട്‌ഫോളിയോയാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. ഇതില്‍ നിന്ന് ഒന്നോ രണ്ടോ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിന് പകരം ഇതൊരു പോര്‍ട്ട്‌ഫോളിയോ ആയി കണ്ട് നിക്ഷേപിക്കാനാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. മറ്റൊന്നു കൂടി. ഈ ഓഹരികളില്‍ എല്ലാം എനിക്ക് നിക്ഷേപതാല്‍പ്പര്യങ്ങളുമുണ്ട്.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
എല്‍ഇഡി ലൈറ്റിംഗ് സൊല്യൂഷന്‍സ് രൂപകല്‍പ്പന, ഉല്‍പ്പന്ന വികസനം, ഉല്‍പ്പാദനം എന്നീ രംഗങ്ങളില്‍ സ്‌പെഷലൈസ് ചെയ്തിട്ടുള്ള രാജ്യത്തെ പ്രമുഖ ഒറിജിനല്‍ ഡിസൈന്‍ മാനുഫാക്ചറേഴ്‌സ് (ODM) ആണ് ഐക്കിയോ ലൈറ്റിംഗ്. ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന സിഗ്നിഫൈ (മുമ്പത്തെ ഫിലിപ്‌സ്) ലൈറ്റുകളില്‍ ഭൂരിഭാഗവും ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നത് ഇവരാണ്. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും പ്രോഡക്റ്റ് ഡിസ്പ്ലേ ലൈറ്റിംഗ് രംഗത്തെ പ്രമുഖര്‍ കൂടിയാണ് ഈ കമ്പനി. ട്രെന്റ്, ലൈഫ്‌സ്റ്റൈല്‍, മാക്‌സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഷോറൂം ലൈറ്റിംഗ് ഇവരാണ് ചെയ്തിട്ടുള്ളത്. ഐ.പി.ഒയിലൂടെ സമാഹരിച്ച പണം കൊണ്ട് നോയ്ഡയില്‍ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അത്യാധുനിക ഫാക്ടറി ഇവര്‍ കെട്ടിപ്പടുത്തിട്ടുണ്ട്. ഇപ്പോള്‍ ഹിയറബ്ള്‍ ആന്‍ഡ് വെയറബ്ള്‍ വിപണിയിലേക്ക് കൂടി കടന്നിരിക്കുന്നു. നിലവില്‍ ഈ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ഓപ്പറേറ്റിംഗ് മാര്‍ജിന്‍ ഐക്കിയോയ്ക്കുണ്ട്. കരുത്തുറ്റ അടിസ്ഥാനഘടകങ്ങളുള്ള ഈ കമ്പനിയുടെ ഓഹരികള്‍ ഏതാണ്ട് ഐ.പി.ഒ വിലയ്ക്ക് തന്നെ ഇപ്പോള്‍ ലഭ്യമാണ്.
ബംഗളൂരൂ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ എംബസി ഗ്രൂപ്പ് പ്രമുഖ വിദേശ ഫണ്ടുകളായ ബ്ലാക്ക്‌സ്റ്റോണ്‍, ബെയ്‌ലി ഗിഫോര്‍ഡ് എന്നിവയുമായി ചേര്‍ന്ന് പഴയ ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റിനെ ഏറ്റെടുത്തിരുന്നു. പിന്നീട് കമ്പനി ഇക്വിനോക്സ് എന്ന് റീ ബ്രാന്‍ഡ് ചെയ്തു. ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യ ബുള്‍സിന്റെ റെസിഡന്‍ഷ്യല്‍ അസറ്റുകള്‍ എംബസിയുടെയും ബ്ലാക്ക്‌സ്റ്റോണിന്റെയും കുടക്കീഴിലേക്ക് വരുകയും എംബസിയുടെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് ഡിവിഷനിലേക്ക് ഇവ ലയിപ്പിക്കുകയും ചെയ്യും. പുതിയ പ്രൊമോട്ടേഴ്സ് ഈയിടെ നിക്ഷേപിച്ച പ്രിഫറെന്‍ഷ്യല്‍ അലോട്ട്മെന്റ് ഫണ്ട് കൂടി പരിഗണിക്കുമ്പോള്‍ 900 കോടി നെറ്റ് ക്യാഷാണ് കമ്പനിയുടെ കൈവശമുള്ളത്. 3,206 ഏക്കര്‍ ഭൂസ്വത്തും എട്ട് നഗരങ്ങളിലായി 15.7 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്‍പ്പനയ്ക്ക് പറ്റുന്ന വിധമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തിയും കമ്പനിയുടെ കൈവശമുണ്ട്. ഈ പദ്ധതികളില്‍ നിന്ന് 11,000 കോടി രൂപയുടെ ലാഭ സാധ്യതയും കമ്പനിക്കുണ്ട്. ഇപ്പോള്‍ ഈ കമ്പനി 10,000 കോടി രൂപയില്‍ താഴെയുള്ള എന്റര്‍പ്രൈസ് മൂല്യത്തിലാണ് ലഭ്യമായുള്ളത്. എംബസി നയിക്കുന്ന കണ്‍സോര്‍ഷ്യം കമ്പനി ഏറ്റെടുക്കാന്‍ ചെലവിട്ട തുകയ്ക്ക് ഏകദേശം അടുത്തുള്ള വിലയിലാണ് കമ്പനി ഓഹരികള്‍ ഇപ്പോഴുള്ളത്. പുതിയ പ്രമോട്ടര്‍മാരുടെ പ്രതിച്ഛായയും ആസ്തിയുടെ മൂല്യവും പരിഗണിക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഇതൊരു മള്‍ട്ടിബാഗറാകാനാണ് സാധ്യത.
റെസ്റ്റൊറന്റ് ബ്രാന്‍ഡ്സ് ഏഷ്യ ലിമിറ്റഡ് (മുമ്പത്തെ ബര്‍ഗര്‍ കിംഗ് ഇന്ത്യ), അമേരിക്കന്‍ ബഹുരാഷ്ട്ര ബര്‍ഗര്‍ ശൃംഖലയായ ബര്‍ഗര്‍ കിംഗിന്റെ ഇന്ത്യയിലെ ഏക ദേശീയ ഫ്രാഞ്ചൈസിയാണ്. മാത്രമല്ല രാജ്യത്ത് അതിവേഗം വളരുന്ന ക്യുഎസ്ആര്‍ (Quick Service Restaurants) ശൃംഖലയുമാണ്. ഇതിന് പുറമേ ഇന്തോനേഷ്യയിലെ ബര്‍ഗര്‍ കിംഗ്, Popeyes ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസിയും ഇവര്‍ ക്കാണുള്ളത്. ബര്‍ഗര്‍ കിംഗുമായുള്ള മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ പ്രകാരം 2027 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 700 സ്റ്റോറുകള്‍ ഇവര്‍ തുറന്നിരിക്കണം. നിലവില്‍ ഇന്ത്യയില്‍ 456 സ്റ്റോറുകളും ഇന്തോനേഷ്യയില്‍ രണ്ടു ബ്രാന്‍ഡുകളും ചേര്‍ത്ത് 174 സ്റ്റോറുകളുമാണ് ഉള്ളത്. പുതിയ സ്റ്റോറുകള്‍ തുറക്കുമ്പോള്‍ ഉയര്‍ന്ന ഫിക്‌സ്ഡ് കോസ്റ്റ് വരുന്നത് സ്വാഭാവികമാണ്. ജീവനക്കാര്‍, സവിശേഷമായ മെഷിനറികള്‍ എന്നിവയ്‌ക്കെല്ലാം നിക്ഷേപം വേണ്ടി വരുന്നത് കൊണ്ടാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന നഷ്ടങ്ങള്‍ക്കുകാരണം ഇതാണ്. എന്നാല്‍ ആദ്യമാദ്യം തുറന്ന സ്റ്റോറുകള്‍ പ്രവര്‍ത്തനം സ്ഥിരതയാര്‍ജിച്ച് വില്‍പ്പന കൂടുന്ന മുറയ്ക്ക് കമ്പനി ലാഭത്തിലേക്ക് എത്തും. കമ്പനിയുടെ ഗ്രോസ്, ഓപ്പറേറ്റിംഗ് മാര്‍ജിന്‍സ് കണക്കിലെടുത്താല്‍ ഭാവിയില്‍ നല്ല ലാഭസാധ്യതയുള്ള ഈ കമ്പനി ഇപ്പോള്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.
(ധനം മാഗസീന്‍ സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. )
Read DhanamOnline in English
Subscribe to Dhanam Magazine