ഈ ഓണക്കാലത്ത് വിത്തിട്ടാല്‍ അടുത്ത ഓണത്തിനു മുമ്പ് വിളവെടുക്കാം! നേട്ടം പ്രതീക്ഷിക്കാവുന്ന 5 ട്രെന്‍ഡിംഗ് ഓഹരികള്‍

അടുത്ത ഓണം വരെയുള്ള ഒരു വർഷത്തേക്ക് പരിഗണിക്കാവുന്ന അഞ്ച് ഓഹരികൾ സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് ബാലചന്ദ്രൻ വിശ്വറാം നിർദേശിക്കുന്നു
Onam 2026 Stocks For next 1year
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ അനലി​സ്റ്റ് ബാലചന്ദ്രൻ വിശ്വറാം Image Source: Canva/ Special Arrangement
Published on

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണി കടുത്ത ചാ‌ഞ്ചാട്ടം നേരിടുന്നതിനിടയിലാണ് ഇത്തവണത്തെ ഓണക്കാലം (2026 Onam Season) കടന്നെത്തുന്നത്. 2025 ഓണം മുതൽ 2026 ഓണം വരെയുള്ള കാലയളവിൽ ആഭ്യന്തര വിപണിയിലെ പ്രധാന ബെഞ്ച്മാർക്ക് സൂചികകളായ ബി.എസ്.ഇ സെൻസെക്സിൽ 4.31 ശതമാനവും എൻ.എസ്.ഇ നിഫ്റ്റി-50-യിൽ 2.37 ശതമാനം വീതവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിലും ഭദ്രമായ സാമ്പത്തിക അടിത്തറയുള്ളതും മികച്ച ബിസിനസ് പ്രകടനവും കാഴ്ചവെക്കുന്ന കമ്പനികളുടെ ഓഹരികളെ തിരഞ്ഞെടുക്കുന്നത് ദീർഘകാല നിക്ഷേപകർക്ക് ഗുണം ചെയ്തേക്കാം.

സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് ആയ ബാലചന്ദ്രൻ വിശ്വറാം (ബാലചന്ദ്രൻ ആർ.വി — SEBI Regn No: INH000025045) അടുത്ത ഓണക്കാലം (2027 Onam Season) വരെയുള്ള ഒരു വർഷത്തെ നിക്ഷേപ കാലാവധിയിലേക്ക് പരി​ഗണിക്കാവുന്ന മികച്ച 5 ഓഹരികൾ നിർദ്ദേശിക്കുന്നു. 20 മുതൽ 60 ശതമാനത്തോളം നേട്ടമാണ് ഇലക്ട്രിക്കൽ എക്വിപ്മെന്റ്, എൻ.ബി.എഫ്.സി, ഹോട്ടൽസ്, ഫുഡ് പ്രോഡക്ട്സ്, ഓയിൽ തുടങ്ങിയ സെക്ടറുകളിൽ നിന്നുള്ള മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാ​ഗത്തിൽ നിന്നുള്ള ഓഹരികളാണിത്. ഇവയുടെ പ്രതീക്ഷിത ലക്ഷ്യവിലയും (Target Price) അനുമാനത്തിന് വിപരീതമായി തിരിച്ചടി നേരിടുകയാണെങ്കിൽ നഷ്ടം പരിമിതപ്പെടുത്താനുള്ള ​സ്റ്റോപ്പ് ലോസ് (Stop Loss) നിലവാരവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നോക്കാം.

ഓഹരികൾ തിരഞ്ഞെടുത്തത് എങ്ങനെ?

അടുത്ത ഓണക്കാലത്തിന് മുമ്പ് നേട്ടം സമ്മാനിക്കാൻ ശേഷിയുള്ള ഈ 5 ഓ​ഹരികളേയും തിരഞ്ഞെടുക്കാൻ അനലി​സ്റ്റ് ബാലചന്ദ്രൻ വിശ്വറാം ഉപയോ​ഗപ്പെടുത്തിയ വിശകലന രീതിയാണ് ചുവടെ ചേർക്കുന്നത്:

  • വളർച്ചാ നിരക്ക്: കഴിഞ്ഞ 3, 5 വർഷ കാലയളവുകളിൽ പ്രതിയോഹരി വരുമാനം (EPS), വിൽപ്പന, ലാഭം എന്നിവയിൽ 30 ശതമാനത്തിലധികം പ്രതിവർഷ വളർച്ച കുറിക്കുന്നു.

  • ലാഭക്ഷമതയും തോതും: പ്രവർത്തനലാഭ മാർജിൻ (OPM) 20 ശതമാനത്തിന് മുകളിലും അറ്റാദായം (PAT) 100 കോടി രൂപയ്ക്ക് മുകളിലും രേഖപ്പെടുത്തുന്നു.

  • വാല്യുവേഷൻ: പി.ഇ അനുപാതം (P/E Ratio) 1-നും 100-നും ഇടയിൽ.

  • പ്രൈസ് ട്രെൻഡ്: ഓഹരിയുടെ നിലവിലെ (2026 ഓ​ഗ​സ്റ്റ് 18) വിപണി വില 200 ഡേ മൂവിംഗ് ആവറേജ് (200-DMA) നിലവാരത്തിന് മുകളിൽ തുടരുന്നു.

1. പ്രീമിയർ എനർജീസ്

  • മേഖല: സൗരോർജ്ജ ഉപകരണ നിർമ്മാണം

  • നിലവിലെ വില: ₹1,017.00 | ലക്ഷ്യവില: ₹1,618.00 (+59.1%) | സ്റ്റോപ്പ് ലോസ്: ₹889.00

സൗരോർജ്ജ സെല്ലുകളുടെയും മോഡ്യൂളുകളുടെയും നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് പ്രീമിയർ എനർജീസ് ലിമിറ്റഡ് (BSE: 544238, NSE: PREMIERENE). പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പിന്തുണയും ആഭ്യന്തര നിർമ്മാണത്തിനുള്ള മുൻഗണനയും കമ്പനിയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു.

2. കാപ്രി ഗ്ലോബൽ ക്യാപിറ്റൽ

  • മേഖല: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം (NBFC)

  • നിലവിലെ വില: ₹226.35 | ലക്ഷ്യവില: ₹272.50 (+20.4%) | സ്റ്റോപ്പ് ലോസ്: ₹197.00

ധനകാര്യ മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള എൻ.ബി.എഫ്.സി കമ്പനിയാണ് കാപ്രി ഗ്ലോബൽ ക്യാപിറ്റൽ ലിമിറ്റഡ് (BSE: 531595, NSE: CGCL). വായ്പാ വിതരണത്തിലെ കൃത്യമായ വളർച്ചയും ഉയർന്ന പലിശ മാർജിനും കമ്പനിയുടെ ലാഭക്ഷമത ഉറപ്പാക്കാൻ സഹായിക്കുന്നു.

3. ഷാലറ്റ് ഹോട്ടൽസ്

  • മേഖല: ഹോട്ടൽ (Hospitality & Tourism)

  • നിലവിലെ വില: ₹828.05 | ലക്ഷ്യവില: ₹1,178.00 (+42.3%) | സ്റ്റോപ്പ് ലോസ്: ₹759.00

ടൂറിസം, കോർപ്പറേറ്റ് യാത്രകൾ, ബിസിനസ് മീറ്റിംഗുകൾ (MICE) എന്നിവയിലുണ്ടായ ഉണർവ് ആതിഥേയ മേഖലയ്ക്ക് നേട്ടമാകുന്നുണ്ട്. ഹോട്ടൽ മുറികളുടെ ശരാശരി വാടകയിലുണ്ടായ വർധനവ് ഷാലറ്റ് ഹോട്ടൽസ് ലിമിറ്റഡിന്റെ (BSE: 542399, NSE: CHALET) പ്രവർത്തന ലാഭക്ഷമത ഉയർത്തിയിട്ടുണ്ട്.

4. മനോരമ ഇൻഡസ്ട്രീസ്

  • മേഖല: സ്‌പെഷ്യാലിറ്റി ഫുഡ് ഇൻഗ്രീഡിയന്റ്സ്

  • നിലവിലെ വില: ₹1,923.85 | ലക്ഷ്യവില: ₹2,438.00 (+26.7%) | സ്റ്റോപ്പ് ലോസ്: ₹1,595.00

കൊക്കോ ബട്ടറിന് ബദലായുള്ള ഉൽപ്പന്നങ്ങളും സ്പെഷ്യാലിറ്റി ഫാറ്റുകളും നിർമ്മിക്കുന്നതിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ കമ്പനിയാണ് മനോരമ ഇൻഡസ്ട്രീസ് ലിമിറ്റഡ് (BSE: 541974, NSE: MANORAMA). ഉയർന്ന വിപണി വിഹിതവും കയറ്റുമതി സാധ്യതകളും കമ്പനിക്ക് 20 ശതമാനത്തിന് മുകളിൽ പ്രവർത്തന ലാഭം ഉറപ്പാക്കാൻ സഹായിക്കുന്നു.

5. ഡീപ്പ് ഇൻഡസ്ട്രീസ്

  • മേഖല: എണ്ണ, വാതക സേവനങ്ങൾ (Oilfield Services)

  • നിലവിലെ വില: ₹714.10 | ലക്ഷ്യവില: ₹947.00 (+32.6%) | സ്റ്റോപ്പ് ലോസ്: ₹567.00

ആഭ്യന്തര എണ്ണ-വാതക ഖനന മേഖലയിലുണ്ടായ വളർച്ച ഡീപ്പ് ഇൻഡസ്ട്രീസിന് (BSE: 543288, NSE: DEEPINDS) അനുകൂല സാഹചര്യമൊരുക്കുന്നു. ഗ്യാസ് കംപ്രഷൻ, ഡ്രില്ലിംഗ് ഉപകരണങ്ങൾ എന്നിവ നൽകുന്നതിൽ മുൻപന്തിയിലുള്ള കമ്പനിക്ക് മികച്ച കരാറുകൾ ലഭ്യമാകുന്നത് വളർച്ചയ്ക്ക് വേഗം കൂട്ടുന്നു.

ഓഹരി വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

പ്രീമിയർ എനർജീസ് --------► ലക്ഷ്യവില: ₹1,618 (+59.1%) | സ്റ്റോപ്പ് ലോസ്: ₹889

ഷാലറ്റ് ഹോട്ടൽസ് --------► ലക്ഷ്യവില: ₹1,178 (+42.3%) | സ്റ്റോപ്പ് ലോസ്: ₹759

ഡീപ്പ് ഇൻഡസ്ട്രീസ് --------► ലക്ഷ്യവില: ₹947 (+32.6%) | സ്റ്റോപ്പ് ലോസ്: ₹567

മനോരമ ഇൻഡസ്ട്രീസ് --------► ലക്ഷ്യവില: ₹2,438 (+26.7%) | സ്റ്റോപ്പ് ലോസ്: ₹1,595

കാപ്രി ഗ്ലോബൽ --------► ലക്ഷ്യവില: ₹272.5 (+20.4%) | സ്റ്റോപ്പ് ലോസ്: ₹197

ഉയർന്ന വരുമാന വളർച്ചയും കൃത്യമായ പ്രവർത്തന ലാഭവും നിലനിർത്തുന്ന കമ്പനികളെ തിരഞ്ഞെടുക്കുന്നത് വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് നിക്ഷേപത്തിന് സംരക്ഷണം നൽകും. എന്നിരുന്നാലും, വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് എടുക്കാനുള്ള ശേഷിയും വിലയിരുത്തിയ ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും റിസർച്ച് അനലി​സ്റ്റ് ബാലചന്ദ്രൻ വിശ്വറാം വ്യക്തമാക്കി.

(Disclaimer: ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള ഓഹരികളുടെ വിവരങ്ങളും വിശകലനങ്ങളും വിജ്ഞാനപ്രദമാകാൻ ലക്ഷ്യമിട്ട് പങ്കുവെച്ചിട്ടുള്ളതാണ്. ഇത് നേരിട്ടുള്ള നിക്ഷേപ ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുമായി കൂടിയാലോചിക്കുകയോ ചെയ്യേണ്ടതാണ്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com