ഇപ്പോള്‍ നിക്ഷേപിക്കാം ഈ 5 ഓഹരികളില്‍; അക്ഷയ് അഗര്‍വാള്‍ നിര്‍ദേശിക്കുന്ന ഓണം പോര്‍ട്ട്‌ഫോളിയോ

ആഗോള പ്രതിസന്ധികളും ഉയരുന്ന എണ്ണവിലയും പണപ്പെരുപ്പവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഓഹരി വിപണിയുടെ മുന്നേറ്റത്തില്‍ നേട്ടമുണ്ടാക്കാന്‍ ഈ ഓണക്കാലത്ത് നിക്ഷേപിച്ചു തുടങ്ങാന്‍ 5 ഓഹരികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് അക്യുമെൻ ക്യാപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍. ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാവുന്ന ഓഹരികളാണിത്.

1. ഐ.സി.ഐ.സി.ഐ ബാങ്ക്

വില @ 970
ലക്ഷ്യം @ 1,100

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കാണ് 6,000ത്തിലധികം ശാഖകളും 16,730 എ.ടി.എമ്മുകളുമുള്ള ഐ.സി.ഐ.സി.ഐ ബാങ്ക്. കോര്‍പ്പറേറ്റ്, റീറ്റെയ്ല്‍ ഉപയോക്താക്കള്‍ക്കായി വിവിധ വിതരണ ശൃംഖലകള്‍ വഴി വൈവിധ്യമാര്‍ന്ന ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ബാങ്ക് നല്‍കിവരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ലൈഫ്, നോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍, അസറ്റ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉപ കമ്പനികളുമുണ്ട്. ഓഹരി ഏറ്റെടുക്കല്‍ വഴി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിനെ ലയിപ്പിക്കാന്‍ ഐ.സി.ഐ.സി.ഐ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ബാങ്കിന്റെ പൂര്‍ണ സബ്‌സിഡിയറിയായി ഇത് മാറും. 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 35,461 കോടി രൂപയാണ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 26,538 കോടി രൂപയായിരുന്നു. വരുമാനം അവലോകന കാലയളവില്‍ 95,407 കോടി രൂപയില്‍ നിന്ന് 1.21 ലക്ഷം കോടി രൂപയുമായി. 1,100 രൂപ ലക്ഷ്യമിട്ട് ഈ ഓഹരിയില്‍ നിക്ഷേപിക്കാം.

2. എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്

വില @127
ലക്ഷ്യം @165

രാജ്യത്തെ ഏറ്റവും മൂല്യമേറിയ എന്‍ജിനിയറിംഗ് കമ്പനികളിലൊന്നായ എല്‍ ആന്‍ഡ് ടി നേതൃത്വം നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് (ചആഎഇ) എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്(എല്‍.ടി.എഫ്.എച്ച്). കര്‍ഷക വായ്പകള്‍, ഗ്രാമീണ ബിസിനസ് വായ്പകള്‍, നഗര വായ്പകള്‍, സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ എന്നീ നാല് വിഭാഗങ്ങളിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധ. ട്രാക്ടറുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം ട്രാക്ടറുകള്‍ക്കാണ് വായ്പ നല്‍കിയത്. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വായ്പകളില്‍ കഴിഞ്ഞ കുറേ പാദങ്ങളിലായി എല്‍.ടി.എഫ്.എച്ചിന്റെ ലോണ്‍ ബുക്ക് അതിശയിപ്പിക്കുന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ വായ്പാബുക്കിന്റെ 90 ശതമാനവും വിതരണം ചെയ്യാനാകുമെ

ന്നാണ് പ്രതീക്ഷ. 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 1,536 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1,049 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 11,930 കോടി രൂപയില്‍ നിന്ന് 12,775 കോടി രൂപയായി. 165 രൂപ ലക്ഷ്യത്തില്‍ ഇപ്പോള്‍ ഈ ഓഹരി വാങ്ങാവുന്നതാണ്.

3. ഐ.ടി.സി ലിമിറ്റഡ്

വില @455
ലക്ഷ്യം @540

ഇന്ത്യയിലെ മുന്‍നിര എഫ്.എം.സി.ജി കമ്പനിയായ ഐ.ടി.സിക്ക് സിഗരറ്റ്, പാക്കേജ്ഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഐ.ടി, ഹോട്ടല്‍, പേപ്പര്‍ ബോര്‍ഡ്‌സ്, അഗ്രി എക്‌സ്‌പോര്‍ട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യമുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പാക്കേജ്ഡ് ഭക്ഷ്യ ഉല്‍പ്പന്ന വിഭാഗത്തില്‍ കമ്പനി അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. തിരഞ്ഞെടുത്ത മേഖലകളില്‍ വളര്‍ച്ച നേടുന്നതിന് ഏറ്റെടുക്കലുകള്‍ക്കും കമ്പനി പ്രാധാന്യം നല്‍കുന്നു. ഹോട്ടല്‍ ബിസിനസിനെ വേര്‍പെടുത്തി ഐ.ടി.സി ഹോട്ടല്‍ ലിമിറ്റഡ് എന്ന പുതിയ കമ്പനിക്ക് രൂപംകൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ദീര്‍ഘകാലത്തില്‍ കമ്പനിയുടെ മൂലധന വിന്യാസത്തെ കുറിച്ചുള്ള ആശങ്ക അകറ്റാനാണ് ഈ നീക്കം. ഹോട്ടല്‍ ബിസിനസ് വേര്‍പെടുത്തുന്നതോടെ പൂര്‍ണമായും എഫ്.എം.സി.ജി പ്ലേയറായി ഐ.ടി.സി മാറും. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ടി.സി ലിമിറ്റഡിന്റെ സംയോജിത ലാഭം 19,444 കോടി രൂപയാണ്. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ മുന്‍ വര്‍ഷത്തെ 60,645 കോടി രൂപയും. 15,000 കോടി രൂപയോളം ക്യാഷ് റിസര്‍വുള്ള കരുത്തുറ്റ ബാലന്‍സ്ഷീറ്റാണ് ഐ.ടി.സിക്കുള്ളത്. ഉദാരമായ ഡിവിഡന്റ് നയം പിന്തുടരുന്ന കമ്പനി, ലാഭത്തിന്റെ 80% വരെ ഡിവിഡന്റായി നല്‍കുന്നു. 540 രൂപ ലക്ഷ്യത്തില്‍ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

4. വാ ടെക് വബാഗ് ലിമിറ്റഡ്

വില @502
ലക്ഷ്യം@630

വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയാണ് വാ ടെക് വബാഗ്. കുടിവള്ളം, മലിന ജലം, വ്യാവസായിക വാട്ടര്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയവയുടെ പ്രവര്‍ത്തന മാനേജ്‌മെന്റ്, നിര്‍മാണം, ഇന്‍സ്റ്റലേഷന്‍, വിതരണം, രൂപകല്‍പ്പന എന്നിവ കമ്പനി ചെയ്തുവരുന്നു.

വാട്ടര്‍ ട്രീറ്റ്‌മെന്റ് രംഗത്ത് ഒമ്പത് ദശാബ്ദത്തിലധികം പരിചയസമ്പത്തുള്ള കമ്പനി ഈ രംഗത്തെ വിപണിയിലെ മുഖ്യരാണ്. നാല് ഭൂഖണ്ഡങ്ങളിലും മൂന്ന് ഡസണിലധികം രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. നൂറിലധികം പേറ്റന്റുകള്‍ നേടിയിട്ടുള്ള കമ്പനിക്ക് നിര്‍ണായകമായ ചില പേറ്റന്റുകളുമുണ്ട്. അടുത്തിടെ ചെന്നൈ മെട്രോ വാട്ടര്‍ സപ്ലൈയില്‍ നിന്നും ചെന്നൈ പേരൂരിലെ സ്വീവറേജ് ബോര്‍ഡില്‍ നിന്നും വലിയ രണ്ട് ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ഇതുള്‍പ്പെടെ 13,200 കോടിയിലധികം രൂപയുടെഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാബാഗ് ലാഭത്തില്‍ 11 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി. 289 കോടി രൂപയുടെ ഒറ്റത്തവണ എഴുതിത്തള്ളല്‍ മൂലമാണിത്. മുന്‍ സാമ്പത്തിക വര്‍ഷം 132 കോടി രൂപയായിരുന്നു ലാഭം. അതേസമയം വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,960 കോടി രൂപയായിരുന്നു. ഒരു വര്‍ഷക്കാലയളവില്‍ 630 രൂപ ലക്ഷ്യമിട്ട് ഓഹരിയില്‍ നിക്ഷേപിക്കാം.

5. സി.ഐ.ഇ ഓട്ടോമോട്ടീവ് ലിമിറ്റഡ്

വില @ 471

മഹീന്ദ്ര സി.ഐ.ഇ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സി.ഐ.ഇ ഓട്ടോ വാഹന നിര്‍മാണത്തിനാവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ്. സ്‌പെയിനിലെ സി.ഐ.ഇ ഓട്ടോമോട്ടീവ് ഗ്രൂപ്പിനാണ് കമ്പനിയില്‍ 66.9% ശതമാനം ഓഹരി പങ്കാളിത്തം. വാഹനങ്ങള്‍ക്കുള്ള എന്‍ജിനുകള്‍, സ്റ്റിയറിംഗ് ഭാഗങ്ങള്‍, ഷീറ്റ് മെറ്റല്‍ പാര്‍ട്ടുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കമ്പനി നിര്‍മിക്കുന്നു.

സി.ഐ.ഇ ഓട്ടോയ്ക്ക് മൊത്തം 29 ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്. നാലെണ്ണം യൂറോപ്പിലും ഒരെണ്ണം മെക്‌സിക്കോയിലുമാണ്. നിലവില്‍ കമ്പനിയുടെ ഓര്‍ഡര്‍ ബുക്കിന്റെ മൂന്നിലൊന്നും വൈദ്യുത വാഹന വിഭാഗത്തില്‍ നിന്നാണ്. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയും മികച്ച ഓര്‍ഡറുകളും പ്രധാന വിപണികളില്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിക്കുന്നതുമൊക്കെ കമ്പനിയെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതൃകമ്പനിയുടെ പിന്തുണയും അനുഭവ സമ്പത്തും ശേഷി വര്‍ധിപ്പിക്കലുമൊക്കെ കണക്കിലെടുക്കുമ്പോള്‍ കമ്പനിയുടെ മികച്ച ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സി.ഐ.ഇ 2,320 കോടി രൂപയുടെ വരുമാനം നേടി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 2,210 കോടി രൂപയായിരുന്നു. ലാഭം 189 കോടി രൂപയില്‍ നിന്ന് 302 കോടി രൂപയായി.

*ധനം 2023 ഓഗസ്റ്റ് 31 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വാങ്ങല്‍ നിര്‍ദേശം നല്‍കിയ ശേഷം ഓഹരി വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it