ദീര്‍ഘകാല നിക്ഷേപകര്‍ക്കായി നിര്‍മല്‍ ബാംഗിന്റെ ധനം ഓണം പോര്‍ട്ട്‌ഫോളിയോ

നീണ്ട കാലയളവില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന അഞ്ച് ഓഹരികളാണ് പോര്‍ട്ട്‌ഫോളിയോയിലുള്ളത്‌
ദീര്‍ഘകാല നിക്ഷേപകര്‍ക്കായി നിര്‍മല്‍ ബാംഗിന്റെ ധനം ഓണം പോര്‍ട്ട്‌ഫോളിയോ
Published on

ഓണക്കാലമെന്നാല്‍ മലയാളികള്‍ക്ക് ഷോപ്പിംഗ് കാലമാണ്. എന്നാല്‍ ഉത്സവനാളുകളില്‍ ഷോപ്പിംഗിനൊപ്പം നിക്ഷേപത്തിനും കൂടി പ്രാധാന്യം നല്‍കുന്നതായാണ് കണ്ടു വരുന്നത്. പ്രത്യേകിച്ചും സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ള നിക്ഷേപ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കൂടുന്നു. ധനം ഓണം പോര്‍ട്ട്‌ഫോളിയോയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളും ഇത് വ്യക്തമാക്കുന്നു. നാട് ഉത്സവതിമിര്‍പ്പിലാകുന്ന ഈ ആഴ്ചയില്‍ നിക്ഷേപിക്കാന്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ നിര്‍മല്‍ ബാംഗിന്റെ റീജണല്‍ ഹെഡ് രാഘവന്‍ ധനം വായനക്കാര്‍ക്കായി നിര്‍ദേശിച്ച 'ഓണം പോര്‍ട്ട്‌ഫോളിയോ 2023' ഓഹരികള്‍ നോക്കാം.

1.    ആപ്റ്റസ് വാല്യു ഹൗസിംഗ്

വില @ 276

ലക്ഷ്യം @ 365

ചെന്നൈ ആസ്ഥാനമായുള്ള അഫോഡബ്ള്‍ ഭവന വായ്പ കമ്പനിയാണ് ആപ്റ്റസ് വാല്യു ഹൗസിംഗ്. തെക്കേ ഇന്ത്യയില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. പൊതുവേ ബാങ്കുകള്‍ വായ്പകള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് ഭവന വായ്പ നല്‍കുന്നതിലാണ് ആപ്റ്റസ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ (AUM) 65 ശതമാനവും ഭവന വായ്പകളാണ്. ബാക്കി ചെറുകിട ബിസിനസ് വായ്പകളും പ്രോപ്പര്‍ട്ടി ഈടുവെച്ചുള്ള വായ്പകളുമാണ്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ എ.യു.എം 30% സി.എ.ജി.ആര്‍ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. 365 രൂപ ലക്ഷ്യമിട്ടുകൊണ്ട് ഈ ഓഹരി ഇപ്പോള്‍ വാങ്ങാവുന്നതാണ്.

2.  ആര്‍ട്ടിമിസ് മെഡികെയര്‍ സര്‍വീസസ്

വില @ 127

ലക്ഷ്യം@193

അപ്പോളോ ടയേഴ്‌സിന്റെ പ്രമോട്ടര്‍മാര്‍ ആരംഭിച്ചതാണ് മുന്‍നിര ആരോഗ്യപരിചരണ സ്ഥാപനമായ ആര്‍ട്ടിമിസ് മെഡികെയര്‍ സര്‍വീസസ്. 541 കിടക്കകളോടു കൂടി ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഗുഡ്ഗാവില്‍ കമ്പനിക്കുണ്ട്. ഇതുകൂടാതെ 24-40 കിടക്കകകളുള്ള അഞ്ച് ചെറു ആശുപത്രികളും കമ്പനിക്ക് കീഴിലുണ്ട്. 2023 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കിടക്കകളുടെ എണ്ണത്തില്‍ ആര്‍ട്ടിമിസിന് 14% സി.എ.ജി.ആര്‍ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 193 രൂപ ലക്ഷ്യമിട്ടുകൊണ്ട് ഇപ്പോള്‍ ഓഹരി വാങ്ങാവുന്നതാണ്.

3.  ഫെഡറല്‍ ബാങ്ക്

വില @133

ലക്ഷ്യം @187

ശക്തമായ മൂലധനം, ആരോഗ്യകരമായ നിക്ഷേപങ്ങള്‍, വിപുലമായ റീറ്റെയ്ല്‍ സാന്നിധ്യം, എല്ലാ മേഖലയിലും മികച്ച വളര്‍ച്ച, ഇതൊക്കെയാണ് ഫെഡറല്‍ ബാങ്ക് ഓഹരികളെ നിക്ഷേപത്തിന് അനുയോജ്യമാക്കുന്നത്. അടുത്തിടെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യു.ഐ.പി) വഴി ഫെഡറല്‍ ബാങ്ക് 3,000 കോടി രൂപയോളം സമാഹരിച്ചിരുന്നു. ബാങ്കിന്റെ വായ്പ ബുക്ക് 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 17.6% വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്. മൊത്തം നിക്ഷേപത്തിന്റെ 82 ശതമാനവും ചെറുകിട നിക്ഷേപങ്ങളാണ്. ആദ്യ പാദത്തില്‍ ബാങ്ക് സൂചിപ്പിച്ചിരിക്കുന്നത് 2024 സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ വളര്‍ച്ച 18-20% വര്‍ധിക്കുമെന്നാണ്. 187 രൂപ ലക്ഷ്യമിട്ട് ഈ ഓഹരിയില്‍ ഇപ്പോള്‍ നിക്ഷേപിക്കാം.

4. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ്

വില @ 276

ലക്ഷ്യം @ 423

ഗ്യാസ് ഡിമാന്‍ഡിലെ ശക്തമായ വളര്‍ച്ചയും ഗ്യാസ് ട്രാന്‍സ്മിഷനുമായി ബന്ധപ്പെട്ട പോസിറ്റീവ് നയങ്ങളുമാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ്(ജെ.എസ്.പി.എല്‍) ഓഹരിയെ നിക്ഷേപയോഗ്യമാക്കുന്നത്. കമ്പനിയുടെ പ്യുര്‍ ഗ്യാസ് ട്രാന്‍സ്മിഷന്‍ വരുമാനം 384 കോടി രൂപയാണ്. ഗ്യാസ് ട്രാന്‍സ്മിഷന്‍ നയങ്ങളും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും കണക്കിലെടുത്താണ് 'ബൈ' സ്റ്റാറ്റസ് നല്‍കിയിരിക്കുന്നത്. 423 രൂപ ലക്ഷ്യത്തില്‍ ഇപ്പോള്‍ ഓഹരി വാങ്ങാം.

5.  അംബുജ സിമന്റ്

വില @276

ലക്ഷ്യം @548

ചെലവു ചുരുക്കലും ശേഷി വര്‍ധിപ്പിക്കലും കരുത്തുറ്റ ഡിമാന്‍ഡുമാണ് കമ്പനിയെ നിക്ഷേപയോഗ്യമാക്കുന്നത്. കമ്പനിയുടെ വില്‍പ്പന വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 10-15% വര്‍ധിപ്പിക്കുമെന്നാണ് മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്. ആദ്യപാദത്തില്‍ കമ്പനിക്ക് മികച്ച ഡിമാന്‍ഡുണ്ട്. വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെസമാനപാദത്തെ അപേക്ഷിച്ച് 8.5% ഉയര്‍ന്നു. അടുത്ത പാദത്തില്‍ കമ്പനി അമേത പ്ലാന്റ് കമ്മീഷന്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഇതോടെ ഉല്‍പ്പാദന ശേഷി വര്‍ധിക്കും. മുന്ദ്രയില്‍ പുതിയ പ്ലാന്റ് തുടങ്ങാനും പദ്ധതിയുണ്ട്. 548 രൂപ ലക്ഷ്യമിട്ട് ഇപ്പോള്‍ ഓഹരിയില്‍ നിക്ഷേപിക്കാം.

*ധനം 2023 ഓഗസ്റ്റ് 31 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വാങ്ങല്‍ നിര്‍ദേശം നല്‍കിയ ശേഷം ഓഹരി വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com