മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോഴും ശക്തമാണ്. പലിശ നിരക്ക് വര്‍ധനയും സാമ്പത്തിക മാന്ദ്യവുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ആഗോള വിപണികളിലുണ്ടെങ്കിലും ഇന്ത്യ അതിജീവിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം തുടരാനാണ് സാധ്യത.
കഴിഞ്ഞ വര്‍ഷം ധനം വായനക്കാര്‍ക്കായി ഷെയര്‍വെല്‍ത്ത് മാനേജിംഗ് ഡയറക്ടര്‍ രാംകി നിര്‍ദേശിച്ച ഓണം പോര്‍ട്ട്‌ഫോളിയോ ഒരു വര്‍ഷക്കാലയളവില്‍ 43 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് 96 ശതമാനം ഉയര്‍ന്നു. രമ സ്റ്റാര്‍ ട്യൂബ്‌സ് 89 ശതമാനവും തേജസ് നെറ്റ്‌വര്‍ക്‌സ് 81 ശതമാനവും നേട്ടം നല്‍കി പോര്‍ട്ട്‌ഫോളിയോയിലെ മികച്ച ഓഹരികളായി.
ആഘോഷങ്ങള്‍ക്കൊപ്പം നിക്ഷേപത്തിനായും ശ്രദ്ധകൊടുക്കുന്ന നിക്ഷേപകര്‍ക്ക് ഈ ഓണക്കാലത്തും അഞ്ച് ഓഹരികള്‍ അടങ്ങിയ ഓണം പോര്‍ട്ട്‌ഫോളിയോ രാംകി നിര്‍ദേശിച്ചിട്ടുണ്ട്. പോര്‍ട്ട്‌ഫോളിയോയി തന്നെ നിക്ഷേപിക്കാവുന്ന വിധത്തിലാണ് ഓഹരികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
1. സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്
വില @742
പ്രതിരോധ-സുരക്ഷാ സേനകള്‍ക്ക് പരിശീലനത്തിനു വേണ്ട
ഉപകരണങ്ങളും ഡ്രോണ്‍, ആന്റി ഡ്രോണ്‍ സൊല്യൂഷനുകളും
മറ്റും നല്‍കുന്ന കമ്പനിയാണ് സെന്‍ ടെക്‌നോളജീസ്. ട്രെയ്‌നിംഗ് സിമുലേറ്റര്‍മാരില്‍ മുന്‍നിരക്കാരാണ് കമ്പനി. ഇന്ത്യയിലും വിദേശത്തും ട്രെയ്‌നിംഗ് സിമുലേറ്റര്‍മാര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണുള്ളത്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനഫലങ്ങള്‍ മികച്ചതായിരുന്നു.
രാജ്യത്തിനകത്ത് വേണ്ട ആന്റി ഡ്രോണ്‍ ഉപകരണങ്ങളും വിദേശ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള സിമുലേറ്റർ കയറ്റുമതിയുമാണ് ഇതിന് സഹായകമായത്. ആരോഗ്യകരമായ ബാലന്‍സ് ഷീറ്റും പ്രവര്‍ത്തന മൂലധനത്തിലെ ഗണ്യമായ പുരോഗതിയും വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
2. കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് ലിമിറ്റഡ്
വില @ 133
അക്വാകള്‍ച്ചര്‍, സമുദ്രോല്‍പ്പന്ന സംസ്‌കരണം, കടല്‍ ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം, അക്വാകള്‍ച്ചര്‍ കണ്‍സള്‍ട്ടന്‍സി, ഭക്ഷ്യ അനുബന്ധ അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് കേരളം ആസ്ഥാനമായ കിംഗ്‌സ് ഇന്‍ഫ്ര. കൊഞ്ച് കൃഷി, കോണ്‍ട്രാക്റ്റ് ഫാമിംഗ്, ഫീഡ് ഡിസ്ട്രിബ്യൂഷന്‍, അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. 60 വര്‍ഷമായി ഈ രംഗത്ത് ബിസിനസ് നടത്തുന്ന കമ്പനിക്ക് കൃഷിക്കാരുടേയും മീന്‍പിടുത്തക്കാരുടെയും വലിയ ശൃംഖല തന്നെയുണ്ട്. ഗുണമേന്മയുള്ള കടല്‍വിഭവങ്ങള്‍ ശേഖരിക്കാന്‍ ഇത് കമ്പനിയെ സഹായിക്കുന്നു. നൂതനമായ അക്വാകള്‍ച്ചര്‍ സാങ്കേതികവിദ്യകള്‍ ഈ വിപണിയില്‍ കൂടുതല്‍ മത്സരാത്മകമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ കമ്പനിയെ സഹായിക്കുന്നു. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവടങ്ങളിലെ ശക്തമായ വില്‍പ്പന ശൃംഖലകള്‍ക്കൊപ്പം കടല്‍ വിഭവങ്ങള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡും കമ്പനിയുടെ ലാഭക്ഷമത ഉയര്‍ത്തുകയും നിക്ഷേപകര്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പുനല്‍കുകയും ചെയ്യുന്നു.
3. എച്ച്.സി.എല്‍ ഇന്‍ഫോ സിസ്റ്റംസ്
വില @18.19
രാജ്യത്തെ ഐ.ടി സൊല്യൂഷന്‍ ആന്‍ഡ് സര്‍വീസ് രംഗത്തെ മുന്‍നിര കമ്പനിയാണ് എച്ച്.സി.എല്‍ ഇന്‍ഫോ സിസ്റ്റംസ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, കണ്‍സള്‍ട്ടിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗ്, നിര്‍മിത ബുദ്ധി പോലുള്ള പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നുമുണ്ട്. എച്ച്.സി.എല്‍ ഇന്‍സിസ് ഐ.ടി ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന ബ്രാന്‍ഡാണ്. ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇത് കമ്പനിയെ സഹായിക്കുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐ.ടി വ്യവസായം 12-15% സി.എ.ജി.ആര്‍ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍അടുത്തിടെ ലൈസന്‍സ് ഏര്‍പ്പെടുത്തിയത് കമ്പനിക്ക് ഗുണമാണ്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. രാജ്യത്തെ ലാപ്‌ടോപ് വിപണിയില്‍ കാര്യമായ ചലനം കൊണ്ടുവരാന്‍ ഈ നയം കാരണമായേക്കും.
4. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡ്
വില @393.60
രാജ്യത്തെ മുന്‍നിര സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മാതാക്കളാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡ്. 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 35,700 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. ഖനനം മുതല്‍ നിര്‍മാണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംയോജിതമായി നടത്തുന്നത് കമ്പനിയുടെ കാര്യക്ഷമതയും ചെലവും കുറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീല്‍ ഉല്‍പ്പാദക കമ്പനിയായി മാറാനുള്ള ഒരുക്കത്തിലാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്. അടുത്തിടെ കമ്പനിയുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി
29 ലക്ഷം ടൺ ടണ്‍ ആക്കി ഉയര്‍ത്തിയിരുന്നു. 1-1.5 മില്യണ്‍ ടണ്‍ ശേഷി കൂടി ഉടന്‍ കൂട്ടിച്ചേര്‍ക്കും. ഇതുകൂടാതെ
ഇന്‍ഡോനേഷ്യന്‍ മെറ്റല്‍ കമ്പനിയായ ന്യൂ യാക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49% ഓഹരികള്‍ ഏറ്റെടുത്തിരുന്നു. നിക്കല്‍ ശേഖരത്തില്‍ ഓഹരി സ്വന്തമാക്കുന്നതിന് ഇന്ത്യന്‍ കമ്പനി നടത്തുന്ന ആദ്യത്തെ നയപരമായ പങ്കാളിത്തമാണിത്. ഈ സഹകരണത്തോടെ കമ്പനിക്ക് ഇന്ത്യന്‍ വിപണിയിലും വിദേശ വിപണികളിലും കൂടുതല്‍ മത്സരാത്മകമാകാനാകും.
5. സി.എസ്.ബി ബാങ്ക്
വില @311
സി.എസ്.ബി ബാങ്കിന്റെ ആദ്യപാദ ഫലങ്ങളും സ്വര്‍ണ പണയ വായ്പകളിലുള്ള ശ്രദ്ധയും കമ്പനിയുടെ ഭാവിയെ കുറിച്ച് ശുഭസൂചനകള്‍ നല്‍കുന്നു. പരമ്പരാഗതമായ ധനകാര്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം നൂതനമായ ഉല്‍പ്പന്നങ്ങളും സംയോജിപ്പിച്ച് ഉപയോക്തൃ കേന്ദ്രീകൃതമായ സമീപനമാണ് ബാങ്ക് പിന്തുടരുന്നത്. ലാഭകരമായ ബിസിനസ് മോഡലാണ് സി.എസ്.ബിക്കുള്ളത്. മികച്ച വരുമാന വളര്‍ച്ചയും ലാഭ വളര്‍ച്ചയും ബാങ്ക് നേടുന്നുണ്ട്. ബാങ്കിന്റെ മൈക്രോഫിനാന്‍സ് ബിസിനസാണ് പ്രധാനമായും ലാഭക്ഷമതയിലേക്ക് നയിക്കുന്നത്. 2027 ആകുമ്പോള്‍
മൈക്രോഫൈനാന്‍സ് മേഖല 15% സി.എ.ജി.ആര്‍ വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന് വലിയ വിപണിയും ദൃഢമായ ഉപയോക്തൃ അടിത്തറയും മികച്ച ടെക്‌നോളജി പ്ലാറ്റ്‌ഫോമും പ്രോഫിറ്റബിളായ ബിസിനസ് മോഡലും ഒപ്പം കരുത്തുറ്റ മാനേജ്‌മെന്റുമുണ്ട്. ഇതെല്ലാം ദീര്‍കാല നിക്ഷേപകര്‍ക്ക് സി.എസ്.ബി ഓഹരി മികച്ചതാക്കുന്നു.
*ധനം 2023 ഓഗസ്റ്റ് 31 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വാങ്ങല്‍ നിര്‍ദേശം നല്‍കിയ ശേഷം ഓഹരി വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്.
(Equity investing is subject to market risk. Always do your own research or consult a financial expert before investing. Past performance is not indicative of future returns)