

കേരളത്തിലെ പ്രമുഖ സ്‍ഥാപനമായ ഡെന്റ് കെയറിന്റെ 10 ശതമാനം ഓഹരി പ്രൈവറ്റ് ഇക്വിറ്റി (പി.ഇ)ക്ക്. ദന്ത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ ലോകപ്രശസ്തി നേടിയ സ്ഥാപനമാണ് മുവാറ്റുപുഴ ആസ്ഥാനമായ ഡെന്റ് കെയര്‍. ലോകോത്തര നിലവാരമുളള ഉല്‍പ്പന്നങ്ങളിലൂടെ വിദേശ രാജ്യങ്ങളിലും സ്വീകാര്യത വര്‍ധിച്ചതോടെയാണ് കമ്പനി പി.ഇക്ക് ആലോചിക്കുന്നതെന്ന് ഡെന്റ് കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് വ്യക്തമാക്കി. കോഴിക്കോട് നടന്ന ധനം എം.എസ്.എം.ഇ സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്ക് പുറമെ കാനഡ, യു.എസ്.എ, യു.കെ., യു.എ.ഇ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ വിപണി സാന്നിധ്യമുള്ള കമ്പനിയാണ് ഡെന്റ് കെയര്‍.
1988 ല്‍ ചെറിയ നിലയില്‍ ആരംഭിച്ച ഡെന്റ് കെയര്‍ ഇന്ന് 4,000 ജീവനക്കാരുള്ള കമ്പനിയാണ്. മൂന്ന് ലക്ഷത്തോളം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് കമ്പനിയുടെ പ്രധാന പ്ലാന്റ്. ജര്‍മ്മനി, യു.എസ്.എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളാണ് കൃത്രിമ പല്ലുകളുടെ നിര്‍മ്മാണത്തില്‍ കമ്പനി ഉപയോഗിക്കുന്നത്. 1988 ല്‍ രണ്ട് ഉല്‍പ്പന്നങ്ങള്‍ മാത്രം നിര്‍മ്മിച്ച് രംഗത്തു വന്ന ഡെന്റ് കെയര്‍ ഇന്ന് നൂറിലേറെ ഉല്‍പ്പന്നങ്ങളുമായാണ് വിപണിയില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നത്. ഏതാണ്ട് മൂന്നര പതിറ്റാണ്ടിനുള്ളില്‍ ഡെന്റല്‍ കെയര്‍ വ്യവസായത്തില്‍ ലോക വിപണിയില്‍ തന്നെ മുന്‍നിരക്കാരാകാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസിന്റെ ജീവിതം ബിസിനസ് രംഗത്ത് അപൂര്‍വ്വമായ അനുഭവങ്ങളുടേതാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ധനം സമ്മിറ്റില്‍ പ്രഭാഷകനായി എത്തിയ അദ്ദേഹം, ദാരിദ്ര്യം നിറഞ്ഞു നിന്നിരുന്ന കുട്ടിക്കാലത്തെ കുറിച്ചും ഇച്ഛാശക്തിയിലൂടെ കമ്പനിയെ പടുത്തുയര്‍ത്തിയതിനെ കുറിച്ചും വാചാലനായി. രോഗം കയ്യടക്കിയ കുടുംബത്തില്‍ ദാരിദ്യമായിരുന്നു പഠന വഴിയിലെ വെല്ലുവിളി. സ്‌കൂള്‍ പരീക്ഷകളില്‍ പരാജയം. പിന്നീട് റബ്ബര്‍ വെട്ട് ഉള്‍പ്പടെയുള്ള കഠിനമായ ജോലികള്‍. ജീവിതം തന്നെ മടുത്ത ഘട്ടത്തിലാണ് പ്രാര്‍ഥനയിലൂടെയും ജയിക്കാനുള്ള വാശിയിലൂടെയും ഡെന്റ് കെയര്‍ എന്ന സ്ഥാപനം കെട്ടിപ്പടുത്തതെന്ന് അദ്ദേഹം സ്മരിച്ചു. ഇല്ലായ്മയിൽ നിന്നും പരാജയങ്ങളില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു ജോണ്‍ കുര്യാക്കോസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇന്ന് കമ്പനി വിജയത്തിന്റെ ഓരോ പടവുകള്‍ കയറുമ്പോഴും അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine