Begin typing your search above and press return to search.
2020 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായത്തിൽ ഒപ്പോയ്ക്ക് കനത്ത നഷ്ടം
2020 സാമ്പത്തിക വര്‍ഷത്തിലെ ഒപ്പോ മൊബൈല്‍സിന്റെ അറ്റദായ നഷ്ടം രണ്ട് മടങ്ങ് വര്‍ധിച്ച് 2,203 കോടിയായി. 2015 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്. അതേസമയം ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ടോഫ്ലറിന്റെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനം 78 ശതമാനം വര്‍ധിച്ച് 21,724 രൂപയില്‍ നിന്ന് 2020 സാമ്പത്തികവര്‍ഷത്തില്‍ 38,757 കോടി രൂപയായി.
ചൈന ആസ്ഥാനമായുള്ള ഒപ്പോ മൊബൈല്‍സിന് ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അഞ്ചാം സ്ഥാനമാണുള്ളത്. 2020 ല്‍ മൊത്തം 16.5 ശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് വിപണിയുടെ 11 ശതമാനം വിഹിതം നേടിയെങ്കിലും ഒപ്പോയുടെ വളര്‍ച്ച സമരേഖയിലാണെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 400 മില്യണ്‍ ഡോളര്‍ (3,280.5 കോടി രൂപ) പുറത്തുനിന്നുള്ള വാണിജ്യ വായ്പ (ഇസിബി) യായി നേടിതായി കമ്പനി സാമ്പത്തിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഒപ്പോ അതിന്റെ സഹോദര ബ്രാന്‍ഡുകളായ റിയല്‍മി, വണ്‍പ്ലസ് എന്നിവയുടെ അംസബ്ലിങ്ങിനായി ഗ്രേറ്റര്‍ നോയിഡയില്‍ പ്ലാന്റ് വിപുലീകരിക്കുന്നതിന് 2020 ജനുവരിയില്‍ 2,200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്വിക്ക് ലോണ്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി 2019 ജൂലൈയില്‍ സംയോജിപ്പിച്ച എം-കാഷ് എന്ന ധനകാര്യ സേവന സംരംഭത്തിലും ഒപ്പൊ രണ്ട് കോടി നിക്ഷേപിച്ചിരുന്നു.
Next Story
Videos