

പൊരിവെയിലത്ത് ഒരു വേനല്‍മഴ! അതുകൊണ്ട് വേനല്‍ക്കാലം അവസാനിച്ചോ? തുടരന്‍ മഴ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുമോ? പശ്ചിമേഷ്യയിലെ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇപ്പോള്‍ കാണുന്ന ആഹ്‌ളാദവും ആവേശവും അങ്ങനെ വായിച്ചാല്‍ മതി. കഴിഞ്ഞ കുറെ ആഴ്ചകളായി നിരാശയില്‍ നിന്ന് നിരാശയിലേക്ക് വീണുകൊണ്ടിരുന്ന നിക്ഷേപകര്‍, വെടിനിര്‍ത്തല്‍ ഒരു സമാശ്വാസമായി കാണുകയാണ്. അതിനപ്പുറം, ഓഹരി വിപണിയില്‍ ഘടനാപരമായൊരു മാറ്റവും ഉണ്ടായിട്ടില്ല.
സെന്‍സെക്സ് 2,700 പോയിന്റിലേറെ ഉയരുകയും നിഫ്റ്റി 23,900ന് മുകളിലേക്ക് കുതിക്കുകയും ചെയ്തപ്പോള്‍, ആഗോള വിപണികളിലുടനീളം 'റിസ്‌ക്-ഓണ്‍' മൂഡ് മടങ്ങിയെത്തി. എന്നാല്‍, ഈ കുതിപ്പ് സ്ഥിരത കൈവരിക്കുമോ എന്നത് ഇപ്പോഴും വലിയ ചോദ്യമാണ്. എണ്ണവില ഇടിഞ്ഞത് വിപണിക്ക് ജീവവായുവാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 14-15% ഇടിവാണ് ഉണ്ടായത്. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ആശ്രിത രാജ്യത്തിന് ഇത് വലിയ ആശ്വാസമാണ്. എണ്ണവില കുറയുമ്പോള്‍ ഇറക്കുമതി ചെലവ് കുറയും. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറഞ്ഞേക്കും. കമ്പനികളുടെ മാര്‍ജിന്‍ മെച്ചപ്പെടും. ബാങ്കിംഗ്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ 6% വരെ ഉയര്‍ച്ച രേഖപ്പെടുത്തിയത് ഇതിന്റെ പ്രതിഫലനമാണ്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ രൂപ ശക്തിപ്രാപിക്കുകയും വിപണിയില്‍ ആത്മവിശ്വാസം കൂടുകയും ചെയ്തു. ഇത് വിദേശ നിക്ഷേപകരുടെ മനോഭാവത്തെയും അനുകൂലമായി ബാധിച്ചു. യുദ്ധ ഭീഷണി കുറഞ്ഞാല്‍ സാധാരണയായി വിദേശ നിക്ഷേപം വീണ്ടും ഓഹരികളിലേക്ക് തിരിയുന്നതാണ് പതിവ് എന്നാല്‍ ഈ ആശ്വാസ മുന്നേറ്റം അടിസ്ഥാന ശക്തിയല്ല. സമീപകാലത്തെ തുടരന്‍ ഇടിവിന് ശേഷമാണ് വിപണി ഈ ഉയര്‍ച്ച കൈവരിച്ചത്. ആ വീഴ്ചയുടെ ആഘാതം പൂര്‍ണമായി മാറിയിട്ടില്ല. ഇന്നത്തെ മുന്നേറ്റത്തില്‍ നഷ്ടക്കുഴി ചെറുതായൊന്ന് നികന്നു വരുകയാണ് ഉണ്ടായത്. നിരാശരായി നിന്നവര്‍ അതുകൊണ്ട് തുള്ളിച്ചാടുന്നു. എന്നല്ലാതെ ഇത് ദീര്‍ഘകാല കാളക്കുതിപ്പിന്റെ ട്രെന്‍ഡല്ല.
ഈ ആരവങ്ങള്‍ക്കിടയിലും മുന്നില്‍ അപകടസൂചനകള്‍ പലതുണ്ട്. വെടിനിര്‍ത്തല്‍ താല്‍ക്കാലികം മാത്രം. ഇത് വെറും രണ്ട് ആഴ്ച നീളുന്ന ഇടക്കാല കരാറാണ്. സംഘര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത നിലനില്‍ക്കുന്നു.ആഗോള എണ്ണവിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോര്‍മൂസ് കടലിടുക്കില്‍ സമാധാനാന്തരീക്ഷം ഉറപ്പായിട്ടില്ല. ഇവിടെ വീണ്ടും തടസമുണ്ടായാല്‍ എണ്ണവില വീണ്ടും കുതിച്ചുയരും.
റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന സമിതി ഇന്ന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് കാണാതെ പോകരുത്. ഇതിനകം ഉണ്ടായ പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയേയും പണപ്പെരുപ്പ സാഹചര്യങ്ങളെയും ബാധിക്കാമെന്ന് ആര്‍.ബി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്കയറ്റ സാധ്യത നിലനില്‍ക്കുന്നു. എണ്ണവില 10% ഉയര്‍ന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്നേക്കും. വളര്‍ച്ച കുറയാന്‍ സാധ്യത.
ഓഹരി വിപണി പ്രധാനമായും മൂന്ന് നിര്‍ണായക ഘടകങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നു. 1) ക്രൂഡ് ഓയില്‍ വിലയുടെ പോക്ക്. 2) വെടിനിര്‍ത്തല്‍ സ്ഥിരമായൊരു കരാറായി രൂപാന്തരപ്പെടുമോ? 3) വിദേശ നിക്ഷേപത്തിന്റെ തിരിച്ചൊഴുക്ക് ഉണ്ടാവുമോ? അതായത്, വെടിനിര്‍ത്തല്‍ ദീര്‍ഘകാല സമാധാനത്തിലേക്ക് മാറുകയാണെങ്കില്‍ മാത്രമേ ഓഹരി വിപണിയിലെ ആവേശത്തിന് ഉറച്ച അടിത്തറ ലഭിക്കൂ. അല്ലാത്തപക്ഷം, പശ്ചിമേഷ്യയിലെ ഓരോ വാര്‍ത്തയും ഇനിയും വിപണിയുടെ ദിശ നിശ്ചയിക്കുന്ന പ്രധാന ഘടകമായിരിക്കും. വിറ്റൊഴിയാനും നല്ലതിലേക്ക് വെച്ചുമാറാനുമുള്ള അവസരമായി ഈ സമാശ്വാസക്കുതിപ്പിനെ ഉപയോഗപ്പെടുത്തുന്നവര്‍ ഏറെ.
Read DhanamOnline in English
Subscribe to Dhanam Magazine