
ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഒഴുക്കിനാണ് മെയ് മാസം സാക്ഷ്യം വഹിച്ചത്. 2025ന്റെ തുടക്കം മുതല്‍ വിറ്റൊഴിയലില്‍ തിടുക്കം കാണിച്ച വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി മാറിയെന്നത് ഇന്ത്യന്‍ വിപണിയുടെ തിരിച്ചുവരവിന്റെ സൂചനയായി. 2024 സെപ്റ്റംബറിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കൂടിയ വാങ്ങലാണ് മെയില്‍ നടന്നത്.
വ്യത്യസ്ത മേഖലകളിലായി 19,863 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (National Securities Depository Limited-NSDL) കണക്കുകള്‍ പ്രകാരം ടെലികോം, സര്‍വീസ് മേഖലകളിലാണ് വിദേശ വാങ്ങലുകാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയത്.
വിദേശ നിക്ഷേപകര്‍ ചില മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കിയും മറ്റ് മേഖലകളില്‍ വില്പന തുടരുന്ന പ്രവണതയാണ് സ്വീകരിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍ സെക്ടറാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മെയില്‍ 8,089 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ സെക്ടറില്‍ നിക്ഷേപിച്ചത്. മെയ് 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ 1,037 കോടി രൂപയാണ് നിക്ഷേപിച്ചതെങ്കില്‍ മെയ് രണ്ടാംപകുതിയില്‍ ഇത് 7,052 കോടിയായി ഉയര്‍ന്നു.
സര്‍വീസ് സെക്ടറില്‍ 7,972 കോടി രൂപയുടെ വിദേശ നിക്ഷേപം ഒഴുകിയെത്തി. മാസത്തിന്റെ രണ്ടാംപകുതിയിലാണ് കൂടുതല്‍ നിക്ഷേപം എത്തിയകത്. ആദ്യ പകുതിയിലെ 1,762 കോടി രൂപയെക്കാള്‍ നാലിരട്ടി വര്‍ധന, 6,210 കോടി രൂപ.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ അലയൊലികള്‍ ഐടി, ഹെല്‍ത്ത്‌കെയര്‍ മേഖലയുടെ വില്പന സമ്മര്‍ദത്തിന് കാരണമായി. മെയ് രണ്ടാംപാദത്തില്‍ 2,725 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ഹെല്‍ത്ത്‌കെയര്‍ സെക്ടറിലും സമാനമായ ദൃശ്യങ്ങളാണുണ്ടായത്.
ട്രംപ് യുഎസ് പ്രസിഡന്റായ ശേഷമുള്ള വിപണിയുടെ നെഗറ്റീവ് അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ മാറിയെന്ന് മെയിലെ കണക്കുകള്‍ അടിവരയിടുന്നു. വാരിവലിച്ച് നിക്ഷേപം നടത്തുന്നതിന് പകരം കൂടുതല്‍ സെലക്ടീവായ രീതിയിലേക്ക് സ്ഥാപനങ്ങള്‍ മാറി. ദുര്‍ബലമായ മേഖലകളിലെ നിക്ഷേപം കുറച്ചു കൊണ്ട് കൂടുതല്‍ സാധ്യതയുള്ള മേഖലകളിലേക്ക് ശ്രദ്ധ തിരിക്കാനാണ് മെയ് മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine