ഓയോ ഓഹരി വിപണിയിലേക്ക് എത്തുന്നു, അടുത്ത ആഴ്ച ഫയല്‍ ചെയ്യും
ഓഹരി വിപണിയിലിത് ഐപിഒകളുടെ കാലമാണ്. നിരവധി കമ്പനികളാണ് അടുത്തിടെ പ്രാരംഭ ഓഹരി വില്‍പ്പന നടത്തിയത്. അതിലും കൂടുതല്‍ കമ്പനികള്‍ രേഖകള്‍ ഫയല്‍ ചെയ്ത് ഐപിഒയ്ക്കുള്ള ഒരുക്കത്തിലാണ്. എന്നാലിതാ ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ട്അപ്പായ ഓയോയും ഓഹരി വിപണിയിലേക്ക് കടന്നുവരാനുള്ള തയ്യാറെടുപ്പിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി ഐപിഒയ്ക്കായുള്ള രേഖകള്‍ അടുത്ത ആഴ്ചയോടെ സെബിക്ക് മുമ്പാകെ ഫയല്‍ ചെയ്യും.
1-1.2 ബില്യണ്‍ ഡോളറിനിടയിലുള്ള ഐപിഒ ആയിരിക്കും ഹോട്ടല്‍ അഗ്രഗേറ്റര്‍ നടത്തുക. പുതിയ ഓഹരികളുടെ വില്‍പ്പനയ്ക്ക പുറമെ ഓഫര്‍ ഫോയ് സെയ്‌ലും ചേര്‍ന്നതായിരിക്കും പ്രാരംഭ ഓഹരി വില്‍പ്പനയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സോഫ്റ്റ്ബാങ്കിന് 46 ശതമാനം ഓഹരികളുള്ള ഓയോ, കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായതോടെ കനത്ത നഷ്ടം നേരിട്ടിരുന്നു. നിരവധി പേരെ പിരിച്ചുവിടുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ മാസം, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനില്‍ നിന്ന് 5 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഓയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം പേടിഎം, നൈക തുടങ്ങിയവയും ഐപിഒയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഓലയും ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.