

പേള്‍സ് അഗ്രോടെക് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ പി.എ.സി.എല്‍ (PACL) തട്ടിപ്പിനിരയായ 19 ലക്ഷം പേര്‍ക്ക് അവരുടെ നിക്ഷേപം തിരികെനല്‍കിയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി/SEBI) വ്യക്തമാക്കി. 17,000 രൂപവരെ ക്ലെയിമുള്ളവര്‍ക്കാണ് ആകെ 920 കോടി രൂപ റീഫണ്ട് ചെയ്തത്.
2014ലാണ് പി.എ.സി.എല്‍ തട്ടിപ്പ് വെളിച്ചത്തുവരുന്നത്. ഉപഭോക്താക്കളില്‍ നിന്ന് 18 വര്‍ഷത്തെ സ്‌കീം ചൂണ്ടിക്കാട്ടി, ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിക്കുകയും കടലാസ് കമ്പനികള്‍ (SHELL COMPANY) രൂപീകരിച്ച് പ്രമോട്ടര്‍മാര്‍ ആ തുക ഉപയോഗിച്ച് സ്വന്തം പേരില്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു കേസ്. ഉപഭോക്താക്കള്‍ക്ക് കാര്‍ഷിക, പാര്‍പ്പിട പ്ലോട്ടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തവണവ്യവസ്ഥയില്‍ കമ്പനി പണം സമാഹരിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ ആകെ 60,000 കോടി രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയെന്നാണ് സെബിയുടെ കണ്ടെത്തല്‍.
2014ല്‍ തന്നെ നിക്ഷേപകര്‍ക്ക് പണം തിരികെനല്‍കാന്‍ കമ്പനിയോട് സെബി ആവശ്യപ്പെട്ടിരുന്നെങ്കിലും പാലിച്ചില്ല. തുടര്‍ന്ന്, 2015 ഡിസംബറില്‍ കമ്പനിയുടെ ആസ്തികള്‍ സെബി കണ്ടുകെട്ടി. ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള പാനലാണ് കമ്പനിയുടെ ആസ്തികള്‍ വിറ്റഴിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നത്. നേരത്തേ 15,000 രൂപവരെ ക്ലെയിമുള്ള 3,747 പേര്‍ക്ക് മൊത്തം 2.45 കോടി രൂപ റീഫണ്ട് ചെയ്തിരുന്നു. തുടക്കത്തില്‍ നിക്ഷേപത്തിന്റെ യഥാര്‍ത്ഥ (Original) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമാണ് റീഫണ്ട് നല്‍കിയിരുന്നത്. നിരവധി ഇടപാടുകാര്‍ക്ക് ഇത് ബുദ്ധിമുട്ടായതോടെ, മറ്റ് അംഗീകൃത രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് സെബി വ്യക്തമാക്കി. ഇതുപ്രകാരം 1.14 ലക്ഷം പേര്‍ക്ക് മൊത്തം 85.68 കോടി രൂപയും നല്‍കി.
Read DhanamOnline in English
Subscribe to Dhanam Magazine