

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് പാകിസ്താന്‍ ഓഹരി വിപണി തകര്‍ന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ച ചര്‍ച്ചകള്‍ സമാധാന ഉടമ്പടിയില്‍ എത്താതെ പിരിഞ്ഞതോടെ ബെഞ്ച്മാര്‍ക്ക് സൂചികയായ കെഎസ്ഇ 100 (KSE 100) ഏതാണ്ട് 6,000 പോയിന്റോളം ഇടിഞ്ഞു.
സൂചിക 3.5 ശതമാനം ഇടിഞ്ഞ് 1,61,638 എന്ന നിലയിലെത്തി. അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായെന്ന വാര്‍ത്തയെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച സൂചിക 12,000 പോയിന്റിലധികം ഉയര്‍ന്ന് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മൊത്തത്തില്‍ സൂചിക ഒരു ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാക്കി കൊണ്ട് ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാനും അവിടെയുള്ള കടല്‍ മൈനുകള്‍ നീക്കം ചെയ്യാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് ഉത്തരവിട്ടു.
'സമ്മേളനം നന്നായി നടന്നു, മിക്ക കാര്യങ്ങളിലും ധാരണയായി. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട 'ന്യൂക്ലിയര്‍' വിഷയത്തില്‍ തീരുമാനമായില്ല. അതിനാല്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളും യുഎസ് നേവി ഉപരോധിക്കും. ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ ഞങ്ങള്‍ നശിപ്പിക്കും. സമാധാനപരമായി പോകുന്ന കപ്പലുകള്‍ക്ക് നേരെയോ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന ഏത് ഇറാനിയും നരകത്തിലേക്ക് അയക്കപ്പെടും, ഇങ്ങനെയാണ് ചര്‍ച്ച പാരജയപ്പെട്ട ശേഷം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ട്രംപിന്റെ ഉപരോധ ഭീഷണിയെത്തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്കിന് സമീപം എത്തുന്ന സൈനിക കപ്പലുകള്‍ വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്നും അതിനെ കര്‍ശനമായി നേരിടുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചരക്ക് നീക്കത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ ഈ തര്‍ക്കം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.
ഏഷ്യന്‍ വിപണികളിലുണ്ടായ പൊതുവായ തകര്‍ച്ച പാകിസ്താന്‍ വിപണിയെയും ബാധിക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും രാവിലെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.. ജപ്പാന്റെ നിക്കി, ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine