ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് 'മെലഡി' കൊടുത്ത് മോദി; പാര്‍ലെ ഓഹരികളില്‍ വലിയ കുതിപ്പ്, പക്ഷേ ട്വിസ്റ്റുണ്ട്!

പ്രശസ്തമായ പാര്‍ലെ ജി ബിസ്‌കറ്റിന്റെ നിര്‍മാതാക്കളായ പാര്‍ലെ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മെലഡി മിഠായിയുടെയും നിര്‍മാതാക്കള്‍
ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് 'മെലഡി' കൊടുത്ത് മോദി; പാര്‍ലെ ഓഹരികളില്‍ വലിയ കുതിപ്പ്, പക്ഷേ ട്വിസ്റ്റുണ്ട്!
Published on

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ ജോര്‍ജിയ മെലോണിയെ നരേന്ദ്ര മോദി കണ്ടതും ഒരു പാക്കറ്റ് മിഠായി സമ്മാനമായി കൊടുത്തതുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ട്രെന്റിംഗ് ടോപ്പിക്. പാര്‍ലെ മെലഡി ടോഫീസിന്റെ ഒരു പായ്ക്കറ്റാണ് മോദി സമ്മാനിച്ചത്.

വീഡിയോ മെലോണി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ ലക്ഷക്കണക്കിന് പേരാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. മോദിയുടെയും മെലോനിയുടെയും പേരുകള്‍ സംയോജിപ്പിച്ച് #melodi എന്ന ഹാഷ്ടാഗ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയും ചെയ്തു.

ട്വിസ്റ്റ് വിപണിയില്‍

ഈ വാര്‍ത്തയ്ക്ക് ബിസിനസുമായി എന്താണ് ബന്ധമെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. ഇനിയാണ് ട്വിസ്റ്റ് വരുന്നത്. മോദിയുടെ മിഠായി നയതന്ത്രം വൈറലായത് ഓഹരി വിപണിയെയും സ്വാധീനിച്ചു. നിക്ഷേപകര്‍ പാര്‍ലെയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ഓഹരിവില അപ്പര്‍സര്‍ക്ക്യൂട്ടില്‍ എത്തുകയും ചെയ്തു. അഞ്ചുശതമാനത്തിന് മുകളിലാണ് ഓഹരിവില ഉയര്‍ന്നത്.

പ്രശസ്തമായ പാര്‍ലെ ജി ബിസ്‌കറ്റിന്റെ നിര്‍മാതാക്കളായ പാര്‍ലെ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മെലഡി മിഠായിയുടെയും നിര്‍മാതാക്കള്‍. ഈ കമ്പനിയാകട്ടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുമില്ല. അപ്പോള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയ ഓഹരികളോ? അവിടെയാണ് ട്വിസ്റ്റ്. നിക്ഷേപകര്‍ ഒഴുകിയെത്തിയത് പാര്‍ലെ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന ഓഹരികള്‍ വാങ്ങാനാണ്.

1983ല്‍ സ്ഥാപിതമായ, റിയല്‍എസ്റ്റേറ്റ് ഇന്‍ഫ്രാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാര്‍ലെ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇവര്‍ക്ക് മിഠായി നിര്‍മിക്കുന്ന പാര്‍ലെ കമ്പനിയുമായി യാതൊരു ബന്ധവുമില്ല. ഇതൊന്നുമറിയാതെ പേരിലെ സാമ്യം കൊണ്ട് മാത്രം നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്.

രാവിലെ 4.84 രൂപയായിരുന്നു പാര്‍ലെ ഇന്‍ഡസ്ട്രീസ് ഓഹരിവില. ദൃശ്യങ്ങള്‍ വൈറലായതോടെ ഓഹരിവില അഞ്ചുശതമാനം ഉയര്‍ന്ന് 5.25 രൂപയായി. വെറും 25 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണിത്. ഡിസംബര്‍ പാദത്തില്‍ 15 ലക്ഷം രൂപ മാത്രമായിരുന്നു കമ്പനിയുടെ വരുമാനം.

PM Narendra Modi’s viral “Melodi” moment with Italy’s Giorgia Meloni triggered a sharp rally in unrelated Parle Industries shares due to investor confusion

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com