Begin typing your search above and press return to search.
അദാനി വില്‍മര്‍ ഓഹരികളില്‍ കണ്ണുംനട്ട് ബാബാ രാംദേവിന്റെ പതഞ്ജലി
ഭക്ഷ്യ എണ്ണക്കമ്പനിയായ അദാനി വില്‍മറിലെ ഓഹരി പങ്കാളിത്തം പൂര്‍ണമായും വിറ്റൊഴിയാന്‍ അദാനി എന്റര്‍പ്രൈസസ് ശ്രമിക്കുന്നതിനിടെ, ഓഹരികള്‍ ഏറ്റെടുക്കാനുള്ള നീക്കവുമായി യോഗാ ഗുരു ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവര്‍ നയിക്കുന്ന പതഞ്ജലി ഫുഡ്‌സ്. അതേസമയം, ഇക്കാര്യം അദാനി ഗ്രൂപ്പോ പതഞ്ജലി ഫുഡ്‌സോ സ്ഥിരീകരിച്ചിട്ടില്ല.
അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന് 43.97 ശതമാനം ഓഹരി പങ്കാളിത്തമാണ് അദാനി വില്‍മറിലുള്ളത്. സിംഗപ്പൂരിലെ വില്‍മര്‍ ഇന്റര്‍നാഷണലും അദാനി എന്റര്‍പ്രൈസസിന് കീഴിലെ അദാനി കമ്മോഡിറ്റീസും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍. കമ്പനിയിലെ ബാക്കി ഓഹരികള്‍ ലെന്‍സ് പി.ടി.ഇ ലിമിറ്റഡ് എന്ന കമ്പനിവഴി വില്‍മര്‍ ഇന്റര്‍നാഷണലിന്റെ കൈവശമാണുള്ളത്. പൊതു ഓഹരിയുടമകളുടെ പക്കൽ 12 ശതമാനം ഓഹരികളുമുണ്ട്.
വിറ്റൊഴിയാന്‍ അദാനി
അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെ ഗ്രൂപ്പിന്റെ മുഖ്യ പ്രവര്‍ത്തന മേഖലകള്‍ക്കായി മൂലധനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അദാനി വില്‍മറിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റൊഴിയാന്‍ അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. 43.97 ശതമാനം ഓഹരികളും വിറ്റൊഴിയുന്നത് വഴി 20,000 കോടി മുതല്‍ 24,000 കോടി രൂപവരെ സമാഹരിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ.
ഇന്ത്യയില്‍ 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകളുള്ള അദാനി വില്‍മറിന്റെ വിപണിമൂല്യം 47,178.33 കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 55,262 കോടി രൂപയായിരുന്നു വരുമാനം. 607 കോടി രൂപ ലാഭവും നേടിയിരുന്നു.
പതഞ്ജലിക്ക് വലിയ നേട്ടമാകും
അദാനി വില്‍മറിലെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പതഞ്ജലി ഫുഡ്‌സിന് അത് വലിയ നേട്ടമാകും. വിപണിയില്‍ കൂടുതല്‍ കരുത്ത് നേടാന്‍ കമ്പനിക്ക് കഴിയും.
നിലവില്‍ 58,563 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് പതഞ്ജലി ഫുഡ്‌സ്. 31,524 കോടി രൂപയായിരുന്നു 2022-23ലെ വരുമാനം; ലാഭം 886 കോടി രൂപയും.
ബ്രാന്‍ഡഡ് ഭക്ഷ്യ എണ്ണ വിപണിയില്‍ ഒന്നാംസ്ഥാനത്താണ് അദാനി വില്‍മര്‍. ഗോതമ്പ് പൊടി, അരി എന്നിവയുടെ വിപണിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും കമ്പനിയുണ്ട്. ഭക്ഷ്യ എണ്ണയ്ക്ക് പുറമേ എഫ്.എം.സി.ജി., ന്യൂട്രാസ്യൂട്ടിക്കല്‍സ് വിപണിയിലാണ് പതഞ്ജലി ഫുഡ്‌സിന് കൂടുതല്‍ പ്രാമുഖ്യമുള്ളത്.
ഓഹരികള്‍ നഷ്ടത്തില്‍
ഇന്ന് പതഞ്ജലി ഫുഡ്‌സ്, അദാനി വില്‍മര്‍ എന്നിവയുടെ ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത് നേരിയ നഷ്ടത്തിലാണ്. 0.38 ശതമാനം താഴ്ന്ന് 1,612 രൂപയിലാണ് പതഞ്ജലി ഫുഡ്‌സ് ഓഹരിയുള്ളത്. 0.15 ശതമാനം താഴ്ന്ന് 362.50 രൂപയിലാണ് അദാനി വില്‍മര്‍ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.
Next Story
Videos