

ബാബ രാംദേവ് നയിക്കുന്ന പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് കമ്പനിയിലെ പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ എക്‌സ്‌ചേഞ്ചുകള്‍ മരവിപ്പിച്ചു. പൊതു ഓഹരി പങ്കാളിത്തം സംബന്ധിച്ച നിബന്ധന പാലിക്കാത്തത് കൊണ്ടാണ് നടപടി. സെബി നിയമ പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ പൊതു ഓഹരി പങ്കാളിത്തം കുറഞ്ഞത് 25% വേണം. എന്നാല്‍ പതഞ്ജലിയില്‍ 19.18 ശതമാനമാണ് പൊതുനിക്ഷേപകരുടെ കൈവശമുള്ളത്. പ്രൊമോട്ടര്‍മാരുടെ പങ്ക് നിലവില്‍ 80.82 ശതമാനമാണ്.
നിബന്ധന പാലിച്ചില്ല
മാര്‍ച്ച് 2022 ല്‍ 6.62 കോടി പുതിയ ഓഹരികള്‍ പൊതു നിക്ഷേപം വര്‍ധിപ്പിക്കാനായി നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. 2019 ല്‍ രുചി സോയ എന്ന പാപ്പരായ കമ്പനിയെ ഏറ്റെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ പേര് പതഞ്ജലി ഫുഡ്സ് എന്ന് മാറ്റിയത്. മൂന്ന് വര്‍ഷം കൊണ്ട് പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കണമെന്ന് സെബി നിബന്ധന കമ്പനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ല.
സെപ്റ്റംബര്‍ 2022 ല്‍ 40,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി അടുത്ത 5 -7 വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ പതഞ്ജലിയുടെ കീഴിലുള്ള പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി വെല്‍നെസ്, പതഞ്ജലി ലൈഫ് സ്‌റ്റൈല്‍, പതഞ്ജലി മെഡിസിന്‍ എന്നീ 4 കമ്പനികള്‍ ലിസ്റ്റ് ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine