അമ്പമ്പോ! വമ്പന്‍ ഐപിഒയുമായി പേടിഎം

ഇന്ത്യന്‍ ഐ പി ഒ രംഗത്തെ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ റെക്കോര്‍ഡ് പേടിഎം തകര്‍ക്കുമോ? ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന അതാണ്. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സേവന ദാതാവായ പേടിഎം ഓഹരി വിപണിയിലെത്തിയേക്കും. ഐപിഒ വഴി കമ്പനി 21,800 കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഐപിഒയേക്കാള്‍ വലുതാണിത്. 2010ല്‍ കോള്‍ ഇന്ത്യ ഐപിഒ വഴി സമാഹരിച്ചത് 15,000 കോടി രൂപയാണ്. ഇതാണ് ഇതുവരെയുള്ള ഏറ്റവും വലിയ ഐപിഒയും.
പ്രമുഖരുടെ നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ്
ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേ, സോഫ്റ്റ് ബാങ്ക്, ആന്റ് ഗ്രൂപ്പ് എന്നിവയുടെയെല്ലാം നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പേടിഎം. നവംബറില്‍ ദീപാവലിയോടനുബന്ധിച്ച് പേടിഎം ഐപിഒയുണ്ടായേക്കാം.

പേടിഎം സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനിയെ പുതിയ മേഖലകളിലേക്ക് നയിച്ച് കൂടുതല്‍ വരുമാനം നേടാനും സേവനങ്ങളില്‍ നിന്ന് പരമാവധി നേട്ടം ഉറപ്പാക്കാനുമുള്ള വഴികളാണ് തേടിക്കൊണ്ടിരിക്കുന്നത്.

ഫോണ്‍പേ, ഗൂഗ്ള്‍ പേ, ആമസോണ്‍ പേ, വാട്‌സാപ്പ് പേ തുടങ്ങിയവയില്‍ നിന്ന് ശക്തമായ മത്സരം പേടിഎമ്മിനുണ്ട്.


Related Articles

Next Story

Videos

Share it