ഓഹരി വിപണിയിലേക്കുള്ള വരവിനൊരുങ്ങി പെപ്പര്‍ഫ്രൈ, ഐപിഒ അടുത്തവര്‍ഷത്തോടെ

പ്രമുഖ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ പെപ്പര്‍ഫ്രൈ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ഫയലുകള്‍ ഉടന്‍ തന്നെ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കും. 2022 പകുതിയോടെയാണ് കമ്പനി പ്രാരംഭ ഓഹരി വില്‍പ്പന നടത്താനൊരുങ്ങുന്നത്. ഐപിഒയ്്ക്ക് മുന്നോടിയായുള്ള ഫണ്ട് സമാഹരണം ഈ വര്‍ഷാവസാനത്തോടെ നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

''ഐപിഒയ്ക്ക് മുമ്പായി 50-100 മില്യണ്‍ ഡോളറിന്റെ ഫണ്ട് സമാഹരിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആവശ്യത്തിന് പണമുണ്ടെങ്കിലും നല്ലൊരു കൂട്ടം നിക്ഷേപകരെ അണിനിരത്താന്‍ ഞങ്ങള്‍ കൂടുതല്‍ പണം സ്വരൂപിക്കും'' പെപ്പര്‍ഫ്രൈയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആശിഷ് ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെപ്പര്‍ഫ്രൈ 2018 മുതല്‍ ചെലവ് കുറയ്ക്കുന്നതിലും നഷ്ടം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. 2019-20 കാലയളവില്‍ പെപ്പര്‍ഫ്രൈയുടെ വരുമാനം 26 ശതമാനം വര്‍ധിച്ച് 260.61 കോടി രൂപയായിരുന്നു. 2019-20 ല്‍ 700 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് പെപ്പര്‍ഫ്രൈ നേടിയത്.
അതേസമയം, പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുമ്പായി മെട്രോകളിലും ചെറിയ നഗരങ്ങളിലും സ്റ്റോര്‍ നെറ്റ്വര്‍ക്ക് വിപുലീകരിച്ചുകൊണ്ട് ഓഫ്ലൈന്‍ സാന്നിധ്യം വര്‍ധിപ്പിക്കാനും പെപ്പര്‍ഫ്രൈ ഒരുങ്ങുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it