Begin typing your search above and press return to search.
ഫോണ്‍പേ വഴി ഇനി ഓഹരികളും വാങ്ങാം, വില്‍ക്കാം
നിക്ഷേപകരുടെ എണ്ണത്തില്‍ അതിവേഗം വളരുന്ന ഇന്ത്യന്‍ ഓഹരി വ്യാപാര രംഗത്ത് പുതിയ ചുവടുമായി പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. ഓഹരി വാങ്ങലും വില്‍പനയും സാദ്ധ്യമാക്കുന്ന ഷെയര്‍.മാര്‍ക്കറ്റ് (Share.Market) എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കമ്പനി അവതരിപ്പിച്ചത്. ഓഹരിക്ക് പുറമേ മ്യൂച്വല്‍ ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) എന്നിവയിലും ഈ ആപ്പ് വഴി നിക്ഷേപ ഇടപാടുകള്‍ നടത്താം.
ഫോണ്‍പേ വെല്‍ത്ത്
യു.പി.ഐ സേവനങ്ങളില്‍ ശ്രദ്ധയൂന്നിരുന്ന ഫോണ്‍പേ അടുത്തിടെ വായ്പ, ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളിലേക്കും കടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപസ്ഥാപനമായ ഫോണ്‍പേ വെല്‍ത്തിന് (PhonePe Wealth) കീഴിലായി ഇപ്പോള്‍ സ്‌റ്റോക്ക് ബ്രോക്കിംഗ് രംഗത്തേക്കും കടന്നതെന്ന് കമ്പനി വ്യക്തമാക്കി.
അമേരിക്കന്‍ ഇ-കൊമേഴ്‌സ്/ഹൈപ്പര്‍ മാര്‍ക്കറ്റ് ഭീമനായ വോള്‍മാര്‍ട്ടിന് 85 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ഫോണ്‍പേ. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നാണ് ഫോണ്‍പേ ഓഹരികള്‍ വോള്‍മാര്‍ട്ട് നേടിയത്. വോള്‍മാര്‍ട്ടിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം തന്നെയാണ് ഫ്‌ളിപ്കാര്‍ട്ടും.
2022ല്‍ വെല്‍ത്ത്‌ഡെസ്‌ക്, ഓപ്പണ്‍ക്യു എന്നീ വെല്‍ത്ത്‌ടെക് സ്ഥാപനങ്ങളെ ഏകദേശം 600 കോടി രൂപയ്ക്ക് ഫോണ്‍പേ ഏറ്റെടുത്തിരുന്നു. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കപ്പുറം പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായിരുന്നു ഏറ്റെടുക്കല്‍.
വിപണിയിലെ എതിരാളികള്‍
ഓണ്‍ലൈന്‍/ മൊബൈല്‍ ആപ്പ് വഴിയുള്ള ഓഹരി നിക്ഷേപ സേവന രംഗത്ത് സീറോധ (Zerodha), ഗ്രോ (Groww), അപ്‌സ്റ്റോക്ക്‌സ് (Upstox) എന്നിവയാണ് നിലവില്‍ മുന്‍നിരയിലുള്ളത്.
അടുത്തിടെ ജനറല്‍ അറ്റ്‌ലാന്റിക്, റിബിറ്റ് കാപ്പിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍, ടി.വി.എസ് കാപ്പിറ്റല്‍ ഫണ്ട്‌സ്, വോള്‍മാര്‍ട്ട് എന്നിവയില്‍ നിന്ന് മികച്ച നിക്ഷേപം ഫോണ്‍പേ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുത്തന്‍ സംരംഭത്തിലേക്കും ചുവടുവയ്ക്കുന്നത്.
ഏകദേശം 1,200 കോടി ഡോളറിന്റെ (ഒരുലക്ഷം കോടി രൂപ) മൂല്യമാണ് ഫോണ്‍പേയ്ക്ക് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ മേയ്-ജൂലൈ കാലയളവില്‍ 500 കോടി പണമിടപാടുകള്‍ ഫോണ്‍പേ വഴി നടന്നുവെന്നാണ് കണക്ക്.
ഫീസ് നിരക്ക്
ഷെയര്‍.മാര്‍ക്കറ്റ് ആപ്പിലൂടെ ഓര്‍ഡര്‍ എക്‌സിക്യൂട്ട് ചെയ്യുന്നതിന് 20 രൂപ വീതമാണ് ഫോണ്‍പേ ബ്രോക്കറേജ് ചാര്‍ജ് ഈടാക്കുക.
ആപ്പില്‍ ചേരാന്‍ ഒറ്റത്തവണ ഫീസായി 199 രൂപ നല്‍കണം. 2024 മാര്‍ച്ച് 31വരെ വിവിധ ആനുകൂല്യങ്ങളും ഇതുവഴി നേടാമെന്ന് കമ്പനി പറയുന്നു. 400 രൂപവരെ ബ്രോക്കറജ് ഫീസില്ല.
Next Story
Videos