വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ എന്‍ബിഎഫ്സികളുമായി കൈകോര്‍ത്ത് ഫിസിക്സ് വാല; ഓഹരി വിപണിയില്‍ 18% ത്തിന്റെ മുന്നേറ്റം

വിദ്യാർത്ഥികളെ അംഗീകൃത വായ്പാ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഒരു 'ടെക്-എനേബിൾഡ്' പ്ലാറ്റ്‌ഫോമായി ഇനി കമ്പനി പ്രവർത്തിക്കും
physicswallah indias first profitable edtech startup Alakh Pandey success story
Published on

വിദ്യാർത്ഥികൾക്ക് വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി റെഗുലേറ്റഡ് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായി (NBFCs) തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെടാന്‍ പ്രമുഖ എഡ്‌ടെക് (Edtech) കമ്പനിയായ ഫിസിക്സ് വാല. മുൻപ് സ്വന്തം നിലയിൽ വായ്പകൾ നൽകിയിരുന്ന രീതിയിൽ നിന്ന് മാറി, പ്രമുഖ മൂന്നാം കക്ഷി എൻബിഎഫ്സികളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ബാലൻസ് ഷീറ്റിലെ റിസ്കുകളും ക്രെഡിറ്റ് സംബന്ധമായ ബാധ്യതകളും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

വായ്പാ സംവിധാനം വിപുലീകരിക്കും

വിദ്യാർത്ഥികളെ അംഗീകൃത വായ്പാ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഒരു 'ടെക്-എനേബിൾഡ്' (Tech-enabled) പ്ലാറ്റ്‌ഫോമായി ഇനി കമ്പനി പ്രവർത്തിക്കും. ഫിൻസെഡ് ഫിനാൻസ് (FinZ Finance) എന്ന ഉപകമ്പനിയിൽ 120 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഈ തന്ത്രപരമായ മാറ്റം. പുതിയ പങ്കാളിത്തം വഴി വായ്പാ സംവിധാനം കൂടുതൽ വിപുലീകരിക്കാനും കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്താനും സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സാമ്പത്തിക നില

2026 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ (Q4) കമ്പനിയുടെ വരുമാനത്തിൽ മികച്ച വളർച്ചയുണ്ടായിട്ടുണ്ട്. പ്രവർത്തന വരുമാനം 50.7 ശതമാനം വർദ്ധിച്ച് 918.8 കോടി രൂപയിലെത്തി. കൂടാതെ, മുൻ വർഷം ഇതേ പാദത്തിൽ 293 കോടി രൂപയായിരുന്ന അറ്റനഷ്ടം ഇത്തവണ 74.89 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ പ്രധാന കരുത്ത് ഓൺലൈൻ ബിസിനസിലാണെന്നും വായ്പാ ഇടപാടുകൾ എൻബിഎഫ്സികൾക്ക് വിട്ടുകൊടുക്കുന്നതാണ് നിക്ഷേപകർക്ക് ഗുണകരമെന്നും സഹസ്ഥാപകൻ പ്രതീക് മഹേശ്വരി പറഞ്ഞു.

ഇന്ന് (ജൂൺ 4) രാവിലത്തെ സെഷനില്‍ ഫിസിക്സ് വാല ഓഹരി 18 ശതമാനത്തിന്റെ വൻ വർദ്ധന രേഖപ്പെടുത്തി. തുടര്‍ന്ന് 14 ശതമാനത്തിലേക്ക് നേട്ടം കുറച്ച ഓഹരി 105 രൂപയിലെത്തി. 109 രൂപ എന്ന ഐപിഒ (IPO) വിലയേക്കാൾ 33 ശതമാനം പ്രീമിയത്തിൽ 145 രൂപയ്ക്കാണ് ഓഹരി 2025 നവംബറില്‍ വിപണിയിൽ ലിസ്റ്റ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com