സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം; ജുവൽറി ഓഹരികളിൽ വൻ ഇടിവ്; കമ്പനികളെ എങ്ങനെ ബാധിക്കും?

ക്രൂഡ് ഓയിൽ വിലക്കയറ്റത്തോടെ ഇറക്കുമതി ഭാ​രം കുത്തനെ വർധിച്ച സാഹചര്യത്തിൽ അനിവാര്യമല്ലാത്ത ഇറക്കുമതികൾ നിയന്ത്രിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാ​ഗമായാണ് രാജ്യത്തെ സ്വർണ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തത്.
Gold Imports And Jewellery Stocks
Canva
Published on

അടുത്ത ഒരു വർഷത്തേക്ക് സ്വർണത്തിന്റെ ഉപഭോ​ഗം കുറയ്ക്കാൻ ജനങ്ങൾ ശ്രമിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് ജുവൽറി കമ്പനികളുടെ ഓഹരികളിൽ കനത്ത തിരിച്ചടി. തിങ്കളാഴ്ച (2026 മേയ് 11) രാവിലെ വ്യാപാരം പുനരാരംഭിച്ച വേളയിൽ ജുവൽറി ഓഹരികളിൽ 12 ശതനമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്.

ടാറ്റ ​ഗ്രൂപ്പിന്റെ ലൈഫ്​സ്റ്റൈൽ കമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ജുവൽറി ശൃംഖലകളിലൊന്നുമായ ടൈറ്റൻ കമ്പനി ഓഹരി 8 ശതമാനത്തിലേറെയും പ്രമുഖ കേരള ലി​സ്റ്റഡ് കമ്പനിയും പ്രമുഖ സ്വർണ വ്യാപാരികളുമായ കല്യാൺ ജുവലേഴ്സിന്റെ ഓഹരി 10 ശതമാനത്തോളവും വീതം ഇടിവ് രേഖപ്പെടുത്തി. സെൻകോ ​ഗോൾഡ് ഓഹരി 10 ശതമാനവും സ്കൈ ​ഗോൾഡ് & ഡയമണ്ട്സ് ഓഹരി 12 ശതമാനത്തിലേറെയും തങ്കമയിൽ ജുവൽറി ഓഹരി 10 ശതമാനത്തോളവും ​ഗോൾഡിയാം ഇന്റർനാഷണൽ ഓഹരി 6 ശതമാനത്തിലേറെയും വീതം നഷ്ടം രേഖപ്പെടുത്തി.

സ്വർണം സമ്പദ്ഘടനയെ സ്വാധീനിക്കുന്നത് എങ്ങനെ?

രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിലിനും സ്വ‌ർണത്തിനുമായി വിദേശ വിപണികളെയാണ് വൻതോതിൽ ആശ്രയിക്കുന്നത്. ഇവയുടെ ഇറക്കുമതിക്കായി രാജ്യത്തിന്റെ വിദേശനാണ്യം വൻ തോതിൽ ചിലവിടേണ്ടിവരുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഏകദേശം 13,470 കോടി ഡോളർ (12.76 ലക്ഷം കോടി രൂപ) സ്വർണത്തിന് വേണ്ടി ഏക​ദേശം 7,200 കോടി ഡോളർ (6.82 ലക്ഷം കോടി രൂപ) വീതവും പ്രതിവർഷം ചെലവിടുന്നുണ്ട്.

ഇതിനിടെ പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ‍ഡോളർ മറികടന്നു. ഇതോടെ രാജ്യത്തിന്റെ ഇറക്കുമതി ഭാ​രം കുത്തനെ വർധിച്ചു. തുടർന്നാണ് അനിവാര്യമല്ലാത്ത ഇറക്കുമതികൾ (Discretionary Imports) നിയന്ത്രിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാ​ഗമായി രാജ്യത്തെ സ്വർണ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തത്. ഇതിലൂടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും അതുവഴി രൂപയുടെ മൂല്യശോഷണം തടയിടാനും വഴിതെളിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

അതേസമയം ആ​ഗോള തലത്തിൽ ഏറ്റവുമധികം സ്വർണ ഉപഭോ​ഗം ഉള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 700-800 ടൺ സ്വർണമാണ് ഇന്ത്യയുടെ വാർഷിക സ്വർണ ഉപഭോ​ഗം. ഇതിൽ 1-2 ടൺ മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി 90 ശതമാനം സ്വർണവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.

ജുവൽറി കമ്പനികളെ എങ്ങനെ ബാധിക്കാം?

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആ​ഗോള വിതരണ-ശൃംഖല താറുമാറായതോടെ രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതി ഇതിനകം വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ 100 ടൺ സ്വർണം ഇറക്കുമതി ചെയ്ത സ്ഥാനത്ത്, മാർച്ച് മാസത്തിൽ 20-22 ടണ്ണിലേക്കും ഏപ്രിലിൽ 15 ടണ്ണിലേക്കും കൂപ്പുകുത്തി. അതുപോലെ രാജ്യത്തെ സ്വർണ ഉപഭോ​ഗം നിരുത്സാഹപ്പെടുത്തുന്നതിനായി വീണ്ടും ഇറക്കുമതി തീരുവ വർധിപ്പിക്കാനോ അല്ലെങ്കിൽ മറ്റ് നികുതികൾ ചുമത്താനോ സർക്കാർ തുനിയുമോ എന്നതിലും വ്യക്തതയില്ല. അങ്ങനെയുണ്ടായാൽ ജുവൽറികളെ പ്രതികൂലമായി ബാധിക്കാമെന്ന് അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

എന്തായാലും സംസ്കാരികപരമായും വിശ്വാസപരമായും അഭേദ്യബന്ധമുള്ളതിനാലും സാമ്പത്തിക/നിക്ഷേപക താത്പര്യങ്ങളും സമ്പാദ്യമെന്ന സൽപ്പേരും ഉള്ളതിനാൽ സ്വർണത്തിന്റെ ഉപഭോ​ഗം പൂർണമായും ഇല്ലാതാക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലൂടെ കഴിയുമെന്ന് തോന്നുന്നില്ലെന്നും അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിനുള്ള ഡിമാൻഡിനെ പ്രതികൂലമായി സ്വാധീനിച്ചാൽ ഹ്രസ്വകാലയളവിലേക്ക് എങ്കിലും അത് ജുവൽറികൾക്ക് സമ്മർദമേകുന്ന ഘടകമായി മാറാമെന്നും അനലി​സ്റ്റുകൾ വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് സാമ്പത്തിക പാദത്തിൽ ഒട്ടുമിക്ക ജുവൽറികളും മികച്ച പ്രവർത്തന ഫലമാണ് പുറത്തുവിട്ടത് എന്നും ഇതിനോട് കൂട്ടിവായിക്കാം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com