പോളിസി ബസാര്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതി

പോളിസി ബസാര്‍, പൈസ ബസാര്‍ എന്നീ പ്ലാറ്റ്‌ഫോമുകളുടെ ഉടമകളായ പിബി ഫിന്‍ടെക്ക് ലിമിറ്റഡിന് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി സെബി. ഐപിഒയിലൂടെ 6017.50 കോടി രൂപയാണ് കമ്പനി സമാഹരിക്കുക.

3750 കോടിയുടെ പുതിയ ഓഹരികളും 2267 കോടിയുടെ സെക്കന്ററി ഓഹരികളുമാണ് കമ്പനി വില്‍ക്കുന്നത്. 70 കോടി രൂപ കണ്ടെത്തുക പ്രൈവറ്റ് പ്ലെയ്‌സമെന്റിലൂടെ ആയിരിക്കും. പോളിസി ബസാറില്‍ നിക്ഷേപമുള്ള എസ് വിഎഫ് പൈത്തോണ്‍ 11 1875കോടി രൂപയുടെ ഷെയറുകളാണ് വില്‍ക്കുക.

250 കോടി രൂപയുടെ ഷെയറുകള്‍ കമ്പനിയുടെ സഹസ്ഥാപകന്‍ യാഷിഷ് ദാഹിയയും വില്‍ക്കും. ഐപിഒയിലൂടെ ലഭിക്കുന്ന ഫണ്ട് പുതിയ ഏറ്റെടുക്കലുകള്‍ക്കും ഇന്ത്യയ്ക്ക് പുറത്തെ ബിസിനസ് വ്യാപിപ്പിക്കുന്നതിനും ആവും ഉപയോഗിക്കുക.

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് പിബി ഫിന്‍ടെക്കിന്റേത്. 2008ല്‍ ആണ് കമ്പനി പോളിസി ബസാര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പോളിസികളുടെ എണ്ണം കണക്കാക്കിയാല്‍, ഡിജിറ്റല്‍ ഇന്‍ഷുറന്‍സില്‍ 93.4 ശതമാനം ആയിരുന്നു പോളിസി ബസാറിന്റെ വിപണി വിഹിതം.

2021 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 4.8 കോടി ഉപഭോക്താക്കളാണ് പോളിസി ബസാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 1.9 കോടി പോളിസികളാണ് നല്‍കിയിത്. 2020-21 സാമ്പത്തിക വര്‍ഷം 7.6 ട്രില്യണിന്റേതായിരുന്നു രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണി. 2030 ആകുമ്പോഴേക്കും അത് 39 ട്രില്യണില്‍ എത്തുമെന്നാണ് കരുതുന്നത്.

Related Articles
Next Story
Videos
Share it