Begin typing your search above and press return to search.
ഷോക്കായി ആദായനികുതി റെയ്ഡ്: തകര്‍ന്നടിഞ്ഞ് പോളിക്യാബ് ഓഹരി
രാജ്യത്തെ മുന്‍നിര ഇലക്ട്രിക്കല്‍ സേവനദാതാക്കളായ പോളിക്യാബ് ഇന്ത്യയുടെ ഓഹരി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 21 ശതമാനത്തിലധികം തകര്‍ന്നടിഞ്ഞു. എന്‍.എസ്.ഇയില്‍ 4,420.70 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി ഒരുവേള 3,801 രൂപവരെ കൂപ്പുകുത്തി. ഇപ്പോള്‍ 20.42 ശതമാനം ഇടിഞ്ഞ് 3,908.90 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആയിരം കോടിയുടെ വെട്ടിപ്പ്
കേബിളുകളും വയറുകളും നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന കമ്പനിയായ പോളിക്യാബിന്റെ ഓഫീസുകളിലും മറ്റും നടത്തിയ റെയ്ഡുകളിലൂടെ കണക്കില്‍പ്പെടാത്ത 1,000 കോടി രൂപയുടെ വില്‍പനവിവരങ്ങള്‍ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഓഹരികളുടെ വീഴ്ച. നികുതി വെട്ടിപ്പ് നടന്നെന്ന ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചെങ്കിലും ഓഹരിത്തകര്‍ച്ചയ്ക്ക് തടയിടാനായിട്ടില്ല.
കമ്പനിയുടെ 25ഓളം ബാങ്ക് ലോക്കറുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 4 കോടി രൂപ പണമായി കണ്ടെടുത്തിട്ടുമുണ്ട്. മുംബയ്, പൂനെ, ഔറംഗാബാദ്, നാസിക്, ദാമന്‍, ഗുജറാത്തിലെ ഹാലോല്‍ തുടങ്ങി കമ്പനിയുടെ 50ഓളം ഓഫീസ് പരിസരങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഇടിവിന്റെ ഓഹരി
നിലവില്‍ ലോവര്‍-സര്‍കീട്ടിലുള്ള പോളിക്യാബ് ഓഹരി കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 23.59 ശതമാനം നഷ്ടമാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി 30 ശതമാനത്തോളം ഇടിഞ്ഞു.
കഴിഞ്ഞമാസം ഓഹരിവില ഒരുവേള റെക്കോഡ് ഉയരമായ 5,733 രൂപവരെ എത്തിയിരുന്നു. തുടര്‍ന്നായിരുന്നു വീഴ്ചകള്‍. 2020 മാര്‍ച്ചിന് ശേഷം പോളിക്യാബ് ഓഹരികള്‍ നേരിടുന്ന ഏറ്റവും വലിയ ഏകദിന വീഴ്ചയാണ് ഇന്നത്തേത്.
Next Story
Videos