ലിസ്റ്റിംഗില്‍ നിറംമങ്ങി പോപ്പുലര്‍ വെഹിക്കിള്‍സ്; ഓഹരിവിലയില്‍ ഇടിവോടെ തുടക്കം

കേരളത്തില്‍ നിന്നുള്ള പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഐ.പി.ഒ വിലയായ 295 രൂപയില്‍ നിന്ന് 1.02 ശതമാനം താഴ്ന്ന് 292 രൂപയിലാണ് ബി.എസ്.ഇ.യില്‍ ലിസ്റ്റിംഗ്. എന്‍.എസ്.ഇയില്‍ 1.96 ശതമാനം ഡിസ്‌കൗണ്ടില്‍ 289.20 രൂപയിലും ഓഹരി ലിസ്റ്റ് ചെയ്തു.

റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് 50 ലോട്ടുകള്‍ക്കും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് (HNIs) 700 ലോട്ടുകള്‍ക്കുമായിരുന്നു ഐ.പി.ഒയില്‍ അപേക്ഷിക്കാമായിരുന്നത്. ലിസ്റ്റിംഗ് വില താഴേക്ക് പോയതോടെ ഒരു ലോട്ടില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് 290 രൂപയും എച്ച്.എന്‍.ഐകള്‍ക്ക് 4,060 രൂപയും നഷ്ടമായി.

നിഗമനങ്ങള്‍ക്കൊപ്പം

എന്നാല്‍ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്തായിരുന്നു ലിസ്റ്റിംഗ്. ഗ്രേ മാര്‍ക്കറ്റില്‍ ഐ.പി.ഒ വിലയില്‍ നിന്ന് വലിയ വ്യത്യാസമില്ലായായിരുന്നു ഓഹരിയുടെ വ്യാപാരം എന്നാതിനാല്‍ ഇഷ്യൂ വിലയേക്കാള്‍ താഴെയായിരിക്കും ലിസ്റ്റ് ചെയ്യുകയെന്നായിരുന്നു നിഗമനങ്ങള്‍. ഓഹരി വിപണിക്ക് പുറത്തു നടക്കുന്ന അനൗദ്യോഗിക ഓഹരി വ്യാപാരത്തെയാണ് ഗ്രേ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മാര്‍ച്ച് 12 മുതല്‍ 14 വരെ നടന്ന പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ഐ.പി.ഒ പ്രൈസ് ബാന്‍ഡ് 280-295 രൂപയായിരുന്നു. ഉയര്‍ന്ന വില പ്രകാരം 601.55 കോടി രൂപയാണ് പോപ്പുലര്‍ വെഹിക്കിള്‍സ് സമാഹരിച്ചത്. 85 ലക്ഷം പുതു ഓഹരികള്‍ വഴി 250 കോടി രൂപയും 1.19 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 351.55 കോടി രൂപയുമാണ് നേടിയത്.

ഐ.പി.ഒയ്ക്ക് 1.23 മടങ്ങ് അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. ഇതില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 1.97 മടങ്ങും റീറ്റെയ്ല്‍ നിക്ഷേപകര്‍ 1.05 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. നിക്ഷേപക ഇതര സ്ഥാപനങ്ങള്‍ക്ക് സംവരണം ചെയ്തതില്‍ 66 ശതമാനം മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it