പോപ്പുലര്‍ വെഹിക്കിള്‍സ് ഐ.പി.ഒയ്ക്ക് തുടക്കം; നിക്ഷേപിക്കുംമുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കൊച്ചി ആസ്ഥാനമായ, രാജ്യത്തെ ഏറ്റവും വലിയ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഇന്ന് തുടങ്ങി. മാര്‍ച്ച് 14 വരെയാണ് ഓഫര്‍.

280-295 രൂപയാണ് ഇഷ്യു വില. കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിത ങ്ങള്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 15ന് ഓഹരികള്‍ അലോട്ട് ചെയ്യും. ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും 19ന് ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതു ഓഹരികളും ഒ.എഫ്.എസും
മൊത്തം 600 കോടി രൂപയുടെ സമാഹരണം ഉന്നമിടുന്ന ഐ.പി.ഒയില്‍ 250 കോടിയുടെ പുതിയ ഓഹരികളുണ്ടാകും (Fresh Issue). നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികളില്‍ നിശ്ചിതപങ്ക് വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയില്‍ (OFS) 11.92 ദശലക്ഷം ഓഹരികളും വിറ്റഴിക്കും.
പ്രമോട്ടര്‍മാരുടെ കൈവശം 69.45 ശതമാനം ഓഹരികളാണുള്ളത്. പ്രമോട്ടര്‍മാരായ ജോണ്‍ കെ. പോള്‍, ഫ്രാന്‍സിസ് കെ. പോള്‍, നവീന്‍ ഫിലിപ്പ് എന്നിവര്‍ക്ക് 23.15 ശതമാനം വീതം ഓഹരികളുണ്ട്.
ഏറ്റവും വലിയ ഓഹരി ഉടമകളും പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനവുമായ ബന്യന്‍ ട്രീക്കും പൊതു ഓഹരി ഉടമകള്‍ക്കുമാണ് ബാക്കി ഓഹരി പങ്കാളിത്തം. ഓഫര്‍-ഫോര്‍ സെയിലില്‍ ബന്യന്‍ ട്രീ 1.19 കോടി ഓഹരികള്‍ വിറ്റഴിക്കുന്നുണ്ട്.
ഐ.പി.ഒയുടെ 50 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ (Retail) നിക്ഷേപകര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഒരു കോടി ഓഹരികള്‍ കമ്പനിയുടെ ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഗ്രേ മാര്‍ക്കറ്റില്‍ ഐ.പി.ഒ വിലയേക്കാള്‍ 27 രൂപ ഉയര്‍ന്നാണ് നിലവില്‍ ഓഹരി വ്യാപാരം നടത്തുന്നത്.
കടം വീട്ടാനും പൊതു ആവശ്യങ്ങള്‍ക്കും
ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 192 കോടി രൂപ കടബാധ്യത കുറയ്ക്കാന്‍ പ്രയോജനപ്പെടുത്തും. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. 2023 ഡിസംബറിലെ കണക്കു പ്രകാരം 637.06 കോടി രൂപയാണ് പോപ്പുലറിന്റെ മൊത്തം കടം.
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊന്നാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. മാരുതി സുസുക്കി, ഹോണ്ട കാര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവർ, ടാറ്റാ മോട്ടോഴ്‌സ്, ഡയംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്, ഏഥര്‍ എനര്‍ജി എന്നിങ്ങനെ ഏഴ് പ്രമുഖ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പ് ശൃഖല പോപ്പുലറിനുണ്ട്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 61 ഷോറൂമുകളുണ്ട്. 133 സെയില്‍സ് ഔട്ട്‌ലെറ്റ് ആന്‍ഡ് ബുക്കിംഗ് ഓഫീസുകളും 139 സര്‍വീസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. യൂസ്ഡ് വാഹനങ്ങളുടെ 30 ഔട്ട്‌ലെറ്റുകളുമുണ്ട്. ഇതുകൂടാതെ ഡ്രൈവിംഗ് സ്‌കൂളുകളും ഇന്‍ഷുറന്‍സ് പോളിസി വില്‍പ്പനയും കമ്പനി നടത്തി വരുന്നു.
ലാഭവും വരുമാനവും
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 64.07 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷത്തേക്കാള്‍ 90.3 ശതമാനത്തോളമായിരുന്നു വളര്‍ച്ച. വരുമാനം 40.65 ശതമാനം ഉയര്‍ന്ന് 4,875 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറ് മാസക്കാലയളവില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) വരുമാനം 2,848.2 കോടി രൂപയും ലാഭം 40.04 കോടി രൂപയും നേടാന്‍ സാധിച്ചുണ്ട്.
ഉയര്‍ന്ന ഓഫര്‍ വില പ്രതിഓഹരി വരുമാനത്തിന്റെ (Earning Per Share) 32.78 മങ്ങാണ്. സമാന മേഖലയിലുള്ള മറ്റ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യായമായ നിലയിലാണ് ഓഫര്‍വില നിശ്ചയിച്ചിരിക്കുന്നത്.


Related Articles
Next Story
Videos
Share it