Begin typing your search above and press return to search.
ഓഹരി വിപണിയിലേക്ക് ഇനി കേരളത്തില്‍ നിന്ന് പോപ്പുലര്‍ വെഹിക്കിള്‍സും; ലിസ്റ്റിംഗ് മാര്‍ച്ച് 19ന്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലര്‍മാരിലൊന്നായ കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ഓഹരികളുടെ ലിസ്റ്റിംഗ് മാര്‍ച്ച് 19ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നടക്കും. മാര്‍ച്ച് 12 മുതല്‍ 14 വരെ നടന്ന ഐ.പി.ഒയ്ക്ക് 1.23 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.
601.55 കോടി രൂപ ഉന്നമിട്ട് നടത്തിയ പ്രാരംഭ ഓഹരി വില്‍പനയില്‍ (IPO) 1.44 കോടി ഓഹരികള്‍ വില്‍പനയ്ക്ക് വച്ചിരുന്നു. മൊത്തം 1.78 കോടി ഓഹരികള്‍ക്ക് അപേക്ഷകള്‍ ലഭിച്ചു. റീറ്റെയ്ല്‍ (ചെറുകിട) നിക്ഷേപകരില്‍ നിന്ന് 1.05 മടങ്ങും ഇന്‍സ്റ്റിറ്റ്യുഷണല്‍ നിക്ഷേപകരില്‍ നിന്ന് 1.97 മടങ്ങും അപേക്ഷകളാണ് ലഭിച്ചത്. ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന പണം കടങ്ങള്‍ വീട്ടാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.
പോപ്പുലര്‍ വെഹിക്കിള്‍സിന്റെ വളര്‍ച്ചയുടെ പടവുകളെ കുറിച്ചും ഐ.പി.ഒയിലേക്കുള്ള യാത്രയെക്കുറിച്ചും അറിയാന്‍ വായിക്കുക - 7 ബ്രാന്‍ഡുകള്‍, 5000 കോടി വിറ്റുവരവ്; ഈ കേരള കമ്പനിയും ഓഹരി വിപണിയിലേക്ക് (Click here to read more)
ലിസ്റ്റിംഗ് 19ന്, അലോട്ട്‌മെന്റ് 18ന്
280-295 രൂപ പ്രൈസ് ബാന്‍ഡിലായിരുന്നു പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ഐ.പി.ഒ. ഐ.പി.ഒയുടെ ആദ്യദിനത്തില്‍ ഗ്രേ മാര്‍ക്കറ്റില്‍ പ്രൈസ് ബാന്‍ഡിനേക്കാള്‍ 27 രൂപവരെ അധികവില പോപ്പുലറിന്റെ ഓഹരിക്കുണ്ടായിരുന്നു. ഓഹരി വിപണിക്ക് പുറത്ത് നടക്കുന്ന അനൗദ്യോഗിക ഓഹരി വ്യാപാരത്തെയാണ് 'ഗ്രേ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍, നിലവില്‍ ഗ്രേ മാര്‍ക്കറ്റ് വിലയും ഐ.പി.ഒ വിലയും തമ്മില്‍ വ്യത്യാസമില്ലെന്നും ഗ്രേ മാര്‍ക്കറ്റ് പ്രീമിയം പൂജ്യമാണെന്നുമാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ, ഇഷ്യൂ വിലയില്‍ നിന്ന് വലിയ അന്തരമില്ലാതെയാകും പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ലിസ്റ്റിംഗെന്നും വിലയിരുത്തപ്പെടുന്നു.
ഐ.പി.ഒയില്‍ പങ്കെടുത്ത നിക്ഷേപകരില്‍ നിന്ന് അര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ ഇന്ന് നടക്കും. അര്‍ഹര്‍ക്ക് ഡിമാറ്റ് അക്കൗണ്ടില്‍ മാര്‍ച്ച് 18ന് ഓഹരികള്‍ ലഭ്യമാകും. ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക് അന്നുതന്നെ റീഫണ്ടും ലഭിക്കും. 19ന് പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരികളുടെ കന്നിവ്യാപാരം ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നടക്കും.
ഓഹരി കിട്ടിയോ? ഇതാ വഴി
പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ഓഹരികള്‍ ഡിമാറ്റ് അക്കൗണ്ടില്‍ ലഭിച്ചോ എന്നറിയാനുള്ള വഴി ഇതാ.
1) ബി.എസ്.ഇയുടെ വെബ്‌സൈറ്റില്‍ https://www.bseindia.com/investors/appli_check.aspx ലിങ്ക് സന്ദര്‍ശിക്കുക.
2) ഇക്വിറ്റി എന്നത് ക്ലിക്ക് ചെയ്യണം
3) അതില്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് തിരഞ്ഞെടുക്കുക
4) ആപ്ലിക്കേഷന്‍ നമ്പറും പാനും സമര്‍പ്പിക്കുക
5) I am not a Robt എന്നത് ക്ലിക്ക് ചെയ്ത ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഐ.പി.ഒ അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭിക്കും. കമ്പ്യൂട്ടറിലോ മൊബൈല്‍ഫോണിലെ ഇപ്രകാരം പരിശോധിക്കാം.
Next Story
Videos